ന്യൂഡല്‍ഹി: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍ തടയാന്‍ കര്‍ശന നടപടികളുമായി കേന്ദ്രം. തട്ടിപ്പുകളെ തടയാന്‍ ഏര്‍പ്പെടുത്തുന്ന നടപടികള്‍ വിശദീകരിക്കുന്ന വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. ബയോമെട്രിക് സിം വെരിഫിക്കേഷന്‍ മുതല്‍ സംശയാസ്പദമായ ബാങ്ക് അക്കൗണ്ടുകളില്‍ താല്‍ക്കാലിക ഡെബിറ്റ് ഹോള്‍ഡുകള്‍ വരെയുള്ള നടപടികളാണ് റിപ്പോര്‍ട്ടിലുള്ളത്.
പുതിയ നീക്കത്തിന്റെ ഭാഗമായി സിം കാര്‍ഡുകള്‍ നല്‍കുന്നതിന് മുന്‍പ് നിര്‍ബന്ധിത ബയോമെട്രിക് പരിശോധന ഏര്‍പ്പെടുത്താന്‍ ആഭ്യന്തര മന്ത്രാലയം ശുപാര്‍ശ ചെയ്തു. വ്യാജ രേഖകള്‍ ഉപയോഗിച്ച് സിം കാര്‍ഡുകള്‍ എടുക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് നീക്കം. ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍ ഉള്‍പ്പെടെയുള്ള സൈബര്‍ കുറ്റകൃത്യ കേസുകളില്‍ ഉപയോഗിക്കുന്ന സംശയാസ്പദമായതോ വഞ്ചനാപരമായതോ ആയ സിം കാര്‍ഡുകള്‍ വേഗത്തില്‍ ബ്ലോക്ക് ചെയ്യാന്‍ ഇത് നിര്‍ദ്ദേശിക്കുന്നു.
സൈബര്‍ തട്ടിപ്പിലൂടെ പണം നഷ്ടപ്പെടുന്നത് തടയാന്‍ ബാങ്ക് ഇടപാടുകളിലും മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംശയാസ്പദമായ വലിയ ഇടപാടുകള്‍ നടക്കുമ്പോള്‍ ഇടപാട് തടഞ്ഞുവെക്കാനും ആ പണം തട്ടിപ്പുകാരിലേക്ക് എത്താതിരിക്കാനും ബാങ്കുകള്‍ക്ക് അധികാരം നല്‍കുന്ന രീതിയിലുള്ള മാറ്റങ്ങളാണ് വരുന്നത്. സൈബര്‍ സുരക്ഷക്കായി ആഭ്യന്തര മന്ത്രാലയം രൂപീകരിച്ച പ്രത്യേക സമിതിയാണ് സുപ്രീം കോടതിയില്‍ ഈ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചത്. പൊതുജനങ്ങള്‍ക്ക് സൈബര്‍ പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിലവിലുള്ള സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.
തട്ടിപ്പുകാര്‍ പ്രധാനമായും ആശയവിനിമയത്തിന് ഉപയോഗിക്കുന്ന വാട്സ്ആപ്പ് പോലുള്ള പ്ലാറ്റ്‌ഫോമുകളില്‍ കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ കൊണ്ടുവരാനും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനായി ടെലികോം സേവന ദാതാക്കളുമായും മെറ്റ പോലുള്ള കമ്പനികളുമായും ചര്‍ച്ചകള്‍ നടന്നു വരികയാണ്. വ്യാജ കോളുകളെ തിരിച്ചറിയാന്‍ സഹായിക്കുന്ന സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുകയും സംശയാസ്പദമായ അക്കൗണ്ടുകള്‍ വേഗത്തില്‍ റദ്ദാക്കുകയും ചെയ്യുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates