ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ടും വാക്‌പോര് തുടരുന്നു. പാര്‍ലമെന്റ് മന്ദിരത്തെ ശവപ്പെട്ടിയോട് താരതമ്യം ചെയ്ത ആര്‍ജെഡിക്കെതിരെ മറുപടിയുമായി ബിജെപി രംഗത്തെത്തി. ശവപ്പെട്ടി നിങ്ങളുടെ ഭാവി, പുതിയ പാര്‍ലമെന്റ് മന്ദിരം ഇന്ത്യയുടെ ഭാവിയെന്നായിരുന്നു ബിജെപിയുടെ മറുപടി.
ശവപ്പെട്ടിയുമായി താരതമ്യപ്പെടുത്തി ട്വീറ്റ് ചെയ്തവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി പറഞ്ഞു. ഇതിനെക്കാള്‍ ദൗര്‍ഭാഗ്യകരമായി മറ്റെന്താണ് ഉള്ളത്. പുതിയ പാര്‍ലമെന്റ് പൊതുപണം കൊണ്ട് നിര്‍മ്മിച്ചതാണ്. ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിച്ചെങ്കിലും പാര്‍ലമെന്റ് നടപടികളില്‍ പങ്കെടുക്കും. പാര്‍ലമെന്റ് സ്ഥിരമായി ബഹിഷ്‌കരിക്കാന്‍ ആര്‍ജെഡി തീരുമാനിച്ചോ? അവരുടെ എംപിമാര്‍ ലോക്സഭയില്‍ നിന്നും രാജ്യസഭയില്‍ നിന്നും രാജിവെക്കുമോയെന്നും മോദി ചോദിച്ചു.
'അവര്‍ ശവപ്പെട്ടിയുടെ ചിത്രം ഉപയോഗിച്ചു. ഇതില്‍പ്പരം മറ്റ് അനാദരവ് എന്താണ്? ഇത് രാഷ്ട്രീയ പാര്‍ട്ടിയുടെ വിലകുറഞ്ഞ ചിന്താഗതിയാണ് കാണിക്കുന്നത്. ഇന്ന് ഒരു ശുഭദിനമാണ്,പുതിയ പാര്‍ലമെന്റ് രാജ്യത്തിന് സമര്‍പ്പിക്കുമ്പോള്‍ രാജ്യത്തിന് അഭിമാനത്തിന്റെ ദിവസമാണ്. ഇത്തരം ട്വീറ്റ് ചെയ്തവര്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസ് രജിസ്റ്റര്‍ ചെയ്യണം,' മോദി പറഞ്ഞു.
പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കുന്നതിനിടെയാണ്, വിവാദ ട്വീറ്റുമായി ആര്‍ജെഡി രംഗത്തെത്തിയത്. പുതിയ പാര്‍ലമെന്റ് മന്ദിരത്തെ ശവപ്പെട്ടിയുടെ ആകൃതിയോടാണ് താരതമ്യം ചെയ്തത്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെയും ശവപ്പെട്ടിയുടെയും ചിത്രത്തിനൊപ്പം എന്താണിതെന്ന ചോദ്യവും ആര്‍ജെഡി ഉന്നയിച്ചു.
ആര്‍ജെഡി ഉള്‍പ്പെടെ 20 പ്രതിപക്ഷ പാര്‍ട്ടികള്‍ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു. തന്റെ പ്രശസ്തിക്കായി പ്രധാനമന്ത്രി മോദി ഉദ്ഘാടന ചടങ്ങിനെ ഉപയോഗിക്കുകയാണെന്നും ചടങ്ങില്‍ രാഷ്ട്രപതിയെ ഒഴിവാക്കിയത് അംഗീകരിക്കാനാകില്ലെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ വ്യക്തമാക്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ
'എന്താണിത്?; പുതിയ പാര്‍ലമെന്റ് മന്ദിരമോ, ശവപ്പെട്ടിയോ?'; വിവാദം സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates