മുംബൈ: വെനസ്വേലയില്‍ ജോലിയിലിരിക്കെ മരിച്ച ഇന്ത്യന്‍ നാവികന്റെ മൃതദേഹത്തില്‍ ആന്തരികാവയവങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് പരാതി. മസ്തിഷ്‌കം, കരള്‍, ഹൃദയം ഉള്‍പ്പടെയുള്ള അന്തരികാവയവങ്ങള്‍ കാണാനുണ്ടായിരുന്നില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതായി കുടുംബം ആരോപിച്ചു. കഴിഞ്ഞ മെയ് മാസത്തിലായിരുന്നു സൈനികന്‍ മരിച്ചത്. നാവികന്റെ മരണത്തിന് പിന്നാലെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്താതെ നാട്ടിലേക്ക് അയച്ച നടപടിക്കെതിരെ ഫെഡറേഷന്‍ ഓഫ് സീഫെറേഴ്‌സ് യൂണിയന്‍സ് ഓഫ് ഇന്ത്യ (FSUI) രംഗത്തെത്തി. സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നണ് സംഘടനയുടെ ആവശ്യം.
ഉത്തര്‍പ്രദേശ് സ്വദേശിയായ 33കാരനായ രാകേഷ് ചൗഹാനാണ് മരിച്ചത്. ഇയാള്‍ ഭാര്യക്കും ആറുമാസം പ്രായമായ മകനുമൊപ്പം മുംബൈയിലായിരുന്നു താമസം. മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഇയാള്‍ 2025 മുതല്‍ വെനസ്വേലയില്‍ മറൈന്‍ ഫിറ്ററായി ജോലി ചെയ്തു വരികയായിരുന്നു. മേയ് 7-ന് രാകേഷിന്റെ പിതാവ് രാംദേവ് ചൗഹാന് ഇയാള്‍ ജോലി ചെയ്ത സ്ഥലത്ത് നിന്ന് ഫോണ്‍ കോള്‍ ലഭിച്ചു. കപ്പലില്‍ വെച്ച് രാകേഷ് അപകടത്തില്‍പ്പെട്ടതായും പരിക്കേറ്റതായും അവര്‍ അറിയിച്ചു. പിറ്റേദിവസം, അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും രക്ഷപ്പെടാന്‍ നേരിയ സാധ്യത മാത്രമാണെന്നും അറിയിച്ചതായും കുടുംബം പറയുന്നു. അന്ന് വൈകീട്ട് രാകേഷ് മരിച്ചതായി അധികൃതര്‍ അറിയിച്ചു. തലകറക്കം കാരണം താഴെ വീണ രാകേഷിന് ഗുരുതരമായി പരിക്കേറ്റെന്നും, ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നുമായിരുന്നു കമ്പനി കുടുംബത്തെ അറിയിച്ചത്.
മരിച്ചയാളുടെ ദേഹത്തില്‍ ആന്തരികാവയവങ്ങള്‍ കാണാനില്ലാത്തത് കുടുംബാംഗങ്ങള്‍ക്കിടയില്‍ വലിയ സംശയങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ഫെഡറേഷന്‍ ഓഫ് സീഫെറേഴ്‌സ് യൂണിയന്‍സ് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. മരണവുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങള്‍ ഉയരുന്നുണ്ട്. കുടുംബത്തെ അറിയിക്കുകയോ അവരുടെ സമ്മതം തേടുകയോ ചെയ്യാതെ എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ ശരീരത്തില്‍ നിന്ന് പ്രധാന അവയവങ്ങള്‍ നീക്കം ചെയ്തതെന്നും സംഘടന ചോദിക്കുന്നു. മൃതദേഹം ഏറ്റുവാങ്ങിയതിന്റെ രസീത് വ്യാജമായി നിര്‍മിച്ചതാണ്. അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് വേണ്ടി 'രഞ്ജന ചൗരസ്യ' എന്ന് ഒപ്പിടുന്നതിന് പകരം 'അഞ്ജന ചൗരസ്യ' എന്ന പേരില്‍ ആയിരുന്നു ഒപ്പ് രേഖപ്പെടുത്തിയിരുന്നത്. തൊഴില്‍ കരാറില്‍ പരാമര്‍ശിച്ചിരിക്കുന്ന കപ്പലിന്റെ പേരും അദ്ദേഹം ജോലി ചെയ്തിരുന്ന കപ്പലിന്റെ പേരും തമ്മില്‍ പൊരുത്തപ്പെടുന്നില്ല. ഈ വൈരുധ്യങ്ങള്‍ ദുരൂഹതകളെക്കുറിച്ചും എന്തോ മൂടിവെക്കാനുള്ള ശ്രമങ്ങളെക്കുറിച്ചും സംശയങ്ങള്‍ ഉയര്‍ത്തുന്നു. വെനസ്വേലയിലെ ഇന്ത്യന്‍ എംബസി ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു,' പ്രസ്താവനയില്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates