India

കേന്ദ്രമന്ത്രിസഭാ പുനഃസംഘടന ഉടന്‍?; രാഷ്ട്രപതി-പ്രധാനമന്ത്രി കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അഭ്യൂഹം ശക്തം

ജെ പി നഡ്ഡയുടെ വസതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുതിര്‍ന്ന മന്ത്രിമാരും ഉള്‍പ്പെട്ട ഉന്നതതല യോഗവും ചേര്‍ന്നിരുന്നു

രാജേഷ് കുമാര്‍ ഠാക്കൂര്‍

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭാ പുനഃസംഘടന അടുത്തുതന്നെ ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. രാഷ്ട്രപതി ഭവനില്‍ പ്രസിഡന്റ് ദ്രൗപദി മുര്‍മുവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച നടത്തിയ കൂടിക്കാഴ്ചയാണ് അഭ്യൂഹം ശക്തമാകാന്‍ കാരണം. രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ബിജെപി അധ്യക്ഷന്‍ ജെ പി നഡ്ഡയുടെ വസതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുതിര്‍ന്ന മന്ത്രിമാരും പാര്‍ട്ടി നേതാക്കളും ഉള്‍പ്പെട്ട ഉന്നതതല യോഗവും ചേര്‍ന്നിരുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍, റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നു. ഈ ആഴ്ച കേന്ദ്രമന്ത്രിസഭായോഗം ഉണ്ടായിരിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇത് തമിഴ്‌നാട്, അടുത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള നേതാക്കളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതിന് വേണ്ടിയാണെന്നാണ് അഭ്യൂഹം ശക്തമായിട്ടുള്ളത്.

''എന്ത് സംഭവിക്കുമെന്ന് പറയാന്‍ പ്രയാസമാണ്, പക്ഷേ എന്തെങ്കിലും സംഭവിക്കുമെന്ന് ഉറപ്പാണ്'' - ഉന്നത ബിജെപി വൃത്തങ്ങള്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോടു പറഞ്ഞു. നിലവിലെ കേന്ദ്രമന്ത്രിസഭയില്‍ നിന്നും ചിലരെ ഒഴിവാക്കിയേക്കുമെന്നാണ് സൂചന. പ്രായാധിക്യം, പ്രകടന മികവ് എന്നിവ കണക്കിലെടുത്താകും മാറ്റങ്ങള്‍. നിലവിലെ മന്ത്രിമാരില്‍ ഏതാനും പേരെ പാര്‍ട്ടി ചുമതലകളിലേക്ക് മാറ്റാനും ബിജെപി നേതൃത്വം ആലോചിക്കുന്നുണ്ട്. ഇവര്‍ക്കു പകരം ബിജെപിയിലെയും സഖ്യകക്ഷികളിലെയും പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി മന്ത്രിസഭയുടെ മുഖം മിനുക്കാനാണ് ലക്ഷ്യമിടുന്നത്.

സര്‍ക്കാര്‍ അധികാരമേറ്റ് ഒരു വര്‍ഷം തികഞ്ഞശേഷം ജൂണ്‍ അല്ലെങ്കില്‍ ജൂലൈ മാസങ്ങളില്‍ പുനഃസംഘടന ഉണ്ടായേക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ അത് ഏപ്രില്‍ 19 ന് ശേഷം എപ്പോള്‍ വേണമെങ്കിലും സംഭവിച്ചേക്കാം. കാത്തിരിക്കൂവെന്ന് ഒരു മുതിര്‍ന്ന നേതാവ് സൂചിപ്പിച്ചു. തമിഴ്‌നാട് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈയെ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കാമെന്ന് ഒരു മുതിര്‍ന്ന ബിജെപി നേതാവ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. വഖഫ് നിയമം, ഏകീകൃത സിവില്‍കോഡ്, ബിജെപി ദേശീയ പ്രസിഡന്റ് തെരഞ്ഞെടുപ്പ് തുടങ്ങിയവയും ഉന്നതതല യോഗത്തില്‍ ചര്‍ച്ചയായതായാണ് റിപ്പോര്‍ട്ടുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ക്ഷാമ ബത്ത കൂട്ടി ഉത്തരവിറങ്ങി, തുക ഈ മാസത്തെ ശമ്പളത്തിന് ഒപ്പം; ക്ഷേമ പെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം

ഒമ്പതാം മാസം നിറഗര്‍ഭിണിയായിരിക്കുമ്പോഴും അഭിനയിച്ചു; മകനെ പ്രസവിച്ച് 20-ാം നാളിലും ഷൂട്ടിങ്: ഷീല

ലൈറ്റ് ഇട്ട് ഉറങ്ങുന്നവരാണോ? എങ്കിൽ ഇനി ആ ശീലം വേണ്ട

മുഴുവന്‍ ജമ്മു കശ്മീരിനെയും ഇന്ത്യയുടെ ഭാഗമാക്കാന്‍ സര്‍ദാര്‍ പട്ടേല്‍ ശ്രമിച്ചു, തടഞ്ഞത് നെഹ്‌റു: നരേന്ദ്രമോദി

ഫാസ്ടാഗ്: കെവൈവി നടപടികള്‍ ഇനി ലളിതം, അറിയാം

SCROLL FOR NEXT