Palakkad Railway Station 
India

പാലക്കാടും കോയമ്പത്തൂരും അടക്കം പ്രധാന റെയിൽവേ സ്റ്റേഷനുകളിലെ കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയ; സിഎജി റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

സതേൺ റെയിൽവേയിലെ പ്രധാന ജംഗ്ഷനുകളിലെ വാട്ടർ കൂളറുകളിൽ മലിനജല സാന്നിധ്യം; പരിശോധന നടത്തിയത് 512 സ്റ്റേഷനുകളിൽ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

ന്യൂഡൽഹി: രാജ്യത്തെ ലക്ഷക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന റെയിൽവേ സ്റ്റേഷനുകളിലെ കുടിവെള്ളത്തിൽ മനുഷ്യ വിസർജ്യത്തിന്റെ അംശം സൂചിപ്പിക്കുന്ന ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ ഏറ്റവും പുതിയ ഓഡിറ്റ് റിപ്പോർട്ടിലാണ് റെയിൽവേ സ്റ്റേഷനുകളിലെ കുടിവെള്ള സുരക്ഷ സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ദക്ഷിണ റെയിൽവേയിലെ പ്രധാന ജംഗ്ഷനുകളായ പാലക്കാട്, കോയമ്പത്തൂർ ഉൾപ്പെടെ രാജ്യത്തെ നാല് സോണുകളിലായുള്ള എട്ട് പ്രധാന റെയിൽവേ സ്റ്റേഷനുകളിലെ വാട്ടർ കൂളറുകളിലെ വെള്ളത്തിലാണ് ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.

പാലക്കാട്, കോയമ്പത്തൂർ ജംഗ്ഷനുകൾക്ക് പുറമെ സൗത്ത് സെൻട്രൽ റെയിൽവേയിലെ ഹൈദരാബാദ്, സെൻട്രൽ റെയിൽവേയിലെ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് (CSMT), ഭീവണ്ടി റോഡ്, കല്യാൺ, ലോണാവാല, ഈസ്റ്റേൺ റെയിൽവേയിലെ മധുപൂർ എന്നീ സ്റ്റേഷനുകളിലാണ് ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്.രാജ്യത്തെ നോൺ-സബർബൻ വിഭാഗത്തിലുള്ള 512 റെയിൽവേ സ്റ്റേഷനുകളിലാണ് സി.എ.ജി ഓഡിറ്റ് നടത്തിയത്. ഇതിൽ ആറ് റെയിൽവേ സോണുകളിലായുള്ള 59 സ്റ്റേഷനുകളിൽ കുടിവെള്ളത്തിന്റെ ബാക്ടീരിയോളജിക്കൽ പരിശോധനകൾ ഒട്ടുംതന്നെ നടത്തിയിട്ടില്ലെന്ന് ഓഡിറ്റിൽ കണ്ടെത്തി. കൂടാതെ ഡസൻ കണക്കിന് സ്റ്റേഷനുകളിലെ ടാപ്പുകളിൽ നിന്നുള്ള കുടിവെള്ള സാമ്പിളുകളിൽ ഇ-കോളി ഉൾപ്പെടെയുള്ള കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

മലയാളികളടക്കമുള്ള ആയിരക്കണക്കിന് യാത്രക്കാർ ദിവസേന കടന്നുപോകുന്ന പാലക്കാട്, കോയമ്പത്തൂർ ജംഗ്ഷനുകളിലെ വാട്ടർ കൂളറുകളിൽ ഇ-കോളി സാന്നിധ്യം കണ്ടെത്തിയത് വലിയ സുരക്ഷാ ആശങ്കയാണ് ഉയർത്തുന്നത്. ലോകാരോഗ്യ സംഘടനയുടെ കുടിവെള്ള മാർഗ്ഗരേഖ പ്രകാരം കുടിക്കാൻ ഉപയോഗിക്കുന്ന 100 മില്ലിലിറ്റർ വെള്ളത്തിൽ ഒരു തരത്തിലും ഇ-കോളി ബാക്ടീരിയ ഉണ്ടാകാൻ പാടില്ല. ഇതിന്റെ സാന്നിധ്യം കണ്ടെത്തുന്നത് തന്നെ അടിയന്തര അന്വേഷണത്തിനും തിരുത്തൽ നടപടികൾക്കും കാരണമാകേണ്ടതാണ്.

മനുഷ്യരുടെയും മൃഗങ്ങളുടെയും കുടലുകളിൽ സ്വാഭാവികമായി കാണപ്പെടുന്ന ബാക്ടീരിയയാണ് എസ്ഷെറിക്കിയ കോളി അഥവാ ഇ-കോളി. ഇതിൽ മിക്ക ഇനങ്ങളും നിരുപദ്രവകാരികളാണെങ്കിലും, കുടിവെള്ളത്തിൽ ഇവയുടെ സാന്നിധ്യം കണ്ടെത്തുന്നത് കുടിവെള്ള വിതരണ സംവിധാനത്തിലേക്ക് മനുഷ്യവിസർജ്യം കലർന്നിട്ടുണ്ടാകാം എന്നതിന്റെ പ്രധാന സൂചകമാണ്. ഇത്തരം മലിനീകരണം മറ്റ് ഗുരുതര രോഗാണുക്കൾ വെള്ളത്തിൽ കലരുന്നതിനും കാരണമായേക്കാം.കുടിവെള്ള സാമ്പിളുകളിൽ ഇ-കോളി കണ്ടെത്തിയത് ആ വെള്ളം കുടിച്ച എല്ലാവർക്കും രോഗബാധയുണ്ടായി എന്നതിനെയോ രോഗവ്യാപനത്തെയോ സൂചിപ്പിക്കുന്നതല്ലെങ്കിലും, റെയിൽവേ സ്റ്റേഷനുകളിൽ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിലുണ്ടായ ഗുരുതര വീഴ്ചയാണ് സിഎജി റിപ്പോർട്ടിലൂടെ വ്യക്തമാകുന്നത്. രോഗകാരികളായ ചിലയിനം ഇ-കോളി ബാക്ടീരിയകൾ വയറിളക്കത്തിനും ശാരീരിക അസ്വസ്ഥതകൾക്കും കാരണമാകാറുണ്ട്. ഈ സാഹചര്യത്തിൽ സ്റ്റേഷനുകളിലെ കുടിവെള്ള വിതരണ പൈപ്പുകളും കൂളറുകളും അടിയന്തരമായി ശുദ്ധീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

A recent audit by the Comptroller and Auditor General (CAG) has revealed concerning lapses in drinking water safety across major Indian railway stations, with water samples from coolers at eight stations testing positive for Escherichia coli (E. coli).

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുന്നറിയിപ്പില്‍ മാറ്റം, നാളെ നാലു ജില്ലകളില്‍ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

'ഇതിന്റെ വല്ല ആവശ്യവുമുണ്ടോ ? റൂമിൽ പോയി തിരുമ്മലും ഓയിൽമെന്റ് തേക്കലും; 'ബ്ലാസ്റ്റി'ന് വൻ വരവേല്പ് കിട്ടിയത് കേരളത്തിൽ നിന്ന്'

മാസം 5000 രൂപ ഇടാമോ?, 20 വര്‍ഷം കൊണ്ട് കോടീശ്വരനാകാം; 'കിടിലന്‍' എസ്‌ഐപി ഫോര്‍മുല

പ്രവർത്തിക്കാൻ ഇടം ലഭിച്ചില്ല; പാർട്ടി വിട്ടത് കടുത്ത അവഗണന മൂലം: ബിജെപി വിട്ടതിൽ കാരണം വ്യക്തമാക്കി നടൻ ദേവൻ

ഇന്ത്യയെ പരീക്ഷിച്ച് ദിനുഷ- ഡിക്ക്‌വെല്ല സഖ്യം; ലങ്ക തിരിച്ചടിക്കുന്നു