പ്രതീകാത്മകചിത്രം
India

EXPLAINER | ജാതി സെന്‍സസ് എന്ത്?, ഇന്ത്യന്‍ രാഷ്ട്രീയത്തിലുണ്ടാക്കുന്ന മാറ്റങ്ങള്‍, അറിയാം

ജാതി കണക്കെടുപ്പ് ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തില്‍ തന്നെ വലിയ മാറ്റത്തിനാകും വിധേയമാകുക

പ്രീത നായര്‍

ന്യൂഡല്‍ഹി: രാജ്യത്ത് സെന്‍സസിനൊപ്പം ജാതി കണക്കെടുപ്പ് കൂടി ഉള്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം, ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തില്‍ തന്നെ വലിയ മാറ്റത്തിനാകും വിധേയമാകുക. 30 വര്‍ഷത്തിലേറെ നീണ്ട മണ്ഡല്‍ രാഷ്ട്രീയത്തിന് ശേഷം രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപടം മറ്റൊരു പരിവര്‍ത്തനത്തിനാകും സാക്ഷ്യം വഹിക്കുക.

രാജ്യവ്യാപകമായി ജാതി സെന്‍സസ് നടത്തണമെന്ന്, അടുത്തിടെ നടന്ന ലോക്സഭ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ ഒരു പ്രചാരണ വിഷയമാക്കി ഉയര്‍ത്തിയിരുന്നു. അതുകൊണ്ടു തന്നെ പ്രതിപക്ഷം കേന്ദ്രസര്‍ക്കാര്‍ തീരുമാനം തങ്ങളുടെ രാഷ്ട്രീയ വിജയമായി അവകാശപ്പെടുന്നുണ്ട്. രാജ്യത്തെ ഏറ്റവും വലിയ വോട്ട് ബാങ്കായ ഒബിസി വിഭാഗങ്ങളെ ആകര്‍ഷിക്കാന്‍ എല്ലാ രാഷ്ട്രീയ കക്ഷികളും ശ്രമിക്കുന്നതിനാല്‍, ബിഹാര്‍ അടക്കം അടുത്തു നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ കേന്ദ്രത്തിന്റെ നീക്കം സ്വാധീനം ചെലുത്തും.

ജാതി സെന്‍സസ് എന്തിന് ?

പല കാരണങ്ങളാല്‍ ജാതി സെന്‍സസ് അനിവാര്യമാണെന്നാണ് വിദഗ്ധരും രാഷ്ട്രീയ പാര്‍ട്ടികളും പറയുന്നത്. സമകാലിക ഇന്ത്യയില്‍, ശാസ്ത്രീയമായ വിവരശേഖരണവും, അതനുസരിച്ച് സംവരണത്തിന്റെ അളവ് തീരുമാനിക്കുന്നതിനും ജാതി കണക്കെടുപ്പ് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അവര്‍ പറയുന്നു.

1951 മുതല്‍ 2011 വരെയുള്ള ഇന്ത്യയിലെ ഓരോ സെന്‍സസിലും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളെക്കുറിച്ചുള്ള ഡാറ്റയുണ്ട്. എന്നാല്‍ മറ്റ് ജാതികളുടെ വിവരങ്ങള്‍ ഇല്ല. ഈ സാഹചര്യത്തില്‍ ജാതി കണക്കെടുപ്പിലൂടെ സമൂഹത്തിലെ പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളെ തിരിച്ചറിഞ്ഞ്, മികച്ച നയരൂപീകരണത്തിനും, ശക്തമായ പദ്ധതികള്‍ നടപ്പിലാക്കാനും സാധിക്കും.

നിലവില്‍, സെന്‍സസ് പ്രക്രിയയില്‍ പ്രായം, ലിംഗഭേദം, വിദ്യാഭ്യാസം, മതം, ഭാഷ, എസ്സി/എസ്ടി, തൊഴില്‍, മറ്റ് വിശദാംശങ്ങള്‍ തുടങ്ങിയ വിവിധ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് ഡാറ്റ ശേഖരിക്കുന്നത്. എന്നാല്‍ ജാതി സെന്‍സസില്‍, ജാതികളെക്കുറിച്ചുള്ള വിവരശേഖരണത്തിന്, എസ്ഇബിസി, ഒബിസി, മറ്റ് ജാതികള്‍ എന്നിവയ്ക്കായി അധിക കോളങ്ങള്‍ ചേര്‍ത്താല്‍ മാത്രം മതിയെന്ന് ഒരു വിദഗ്ധന്‍ ചൂണ്ടിക്കാട്ടി. ജാതി സെന്‍സസ് നടത്തുന്നത് ഭരണഘടനാ അനുശാസനം നിറവേറ്റാനും ജാതിയെ ചുറ്റിപ്പറ്റിയുള്ള മിഥ്യാധാരണകള്‍ ഇല്ലാതാക്കാനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവസാന ജാതി സെന്‍സസ്

1931-ലാണ് അവസാനമായി രാജ്യത്ത് ജാതി സെന്‍സസ് നടത്തിയത്. അതില്‍ ഇന്നത്തെ ബംഗ്ലാദേശും പാകിസ്ഥാനും ഉള്‍പ്പെടുന്നു. എന്നാല്‍ സ്വാതന്ത്ര്യത്തിനു മുമ്പ്, 1881 നും 1931 നും ഇടയില്‍ നടത്തിയ സെന്‍സസിലാണ് എല്ലാ ജാതികളെയും കണക്കാക്കിയിട്ടുള്ളത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സെന്‍സസ് നടത്തിയ 1951-ല്‍, പട്ടികജാതി/പട്ടിക വര്‍ഗം ഒഴികെയുള്ള ജാതികളെ എണ്ണേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു.

2011-ല്‍ മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ ഒരു സാമൂഹിക-സാമ്പത്തിക ജാതി സെന്‍സസ് നടത്തി. ഇതിന്റെ വിശദാംശങ്ങള്‍ 2016-ല്‍ രണ്ട് മന്ത്രാലയങ്ങള്‍ പ്രസിദ്ധീകരിച്ചെങ്കിലും, ജാതി ഡാറ്റ സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെയും വെളിച്ചം കണ്ടിട്ടില്ല.

2015ല്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ നീതി ആയോഗ് വൈസ് ചെയര്‍മാന്‍ അരവിന്ദ് പനഗാരിയയുടെ നേതൃത്വത്തില്‍ ഒരു സമിതി രൂപീകരിച്ചു. എന്നാല്‍ പ്രത്യേകിച്ച് ഒന്നും സംഭവിച്ചില്ല. ഗ്രാമവികസന മന്ത്രാലയവും ഭവന, നഗര ദാരിദ്ര്യ നിര്‍മാര്‍ജന മന്ത്രാലയവും ചേര്‍ന്ന് 4,893.60 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്.

മോദി സര്‍ക്കാരിന്റെ മുന്‍ നിലപാട്

എസ്ഇബിസി/ഒബിസി തുടങ്ങിയ പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹികാവസ്ഥ കണ്ടെത്തുക ലക്ഷ്യമിട്ട്, ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് നടത്തണമെന്ന് പാര്‍ട്ടികള്‍ ദീര്‍ഘകാലമായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 2014 മുതല്‍ ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ അലംഭാവം പുലര്‍ത്തുകയായിരുന്നു. 2021 ജൂലൈയില്‍ നയപരമായ വിഷയമെന്ന നിലയില്‍, ജാതി അടിസ്ഥാനമാക്കിയുള്ള സര്‍വേ നടത്തില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു. 2021 ലെ സെന്‍സസില്‍ എസ്സി/എസ്ടി വിഭാഗങ്ങളുടെ കണക്കെടുപ്പ് ഉള്‍പ്പെടുത്തുമെന്നും അറിയിച്ചു. അതേസമയം, 2028 ല്‍ അന്നത്തെ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഒബിസി/എസ്ഇബിസി വിഭാഗങ്ങളെ തിരിച്ചറിയുന്നതിന് ജാതി അടിസ്ഥാനമാക്കി സര്‍വേ നടത്തുമെന്ന് വാഗ്ദാനം ചെയ്തിരുന്നതാണ്.

50% ക്വാട്ടയില്‍ പുനഃപരിശോധന ?

ജാതി സെന്‍സസ് നടത്തുമ്പോള്‍ സംവരണ നയത്തിലെ 50 ശതമാനം പരിധി പുനഃപരിശോധിക്കേണ്ടി വരും. മണ്ഡല്‍ കമ്മീഷന്‍ ഒ ബി സി ജനസംഖ്യ 52 ശതമാനമായി നിശ്ചയിച്ചിട്ടുണ്ട്. 2007-ല്‍ എന്‍ എസ് എസ് ഒ പറഞ്ഞത് 41 ശതമാനം ആണെന്നാണ്. 1931 മുതല്‍ എസ്‌സി/എസ്ടി വിഭാഗങ്ങള്‍ക്ക് പുറമെയുള്ള ഏതെങ്കിലും ജാതിക്കോ വിഭാഗത്തിനോ ജാതി സെന്‍സസ് നടത്താത്തതിനാല്‍, കൃത്യമായ ജാതി കണക്കുകള്‍ അറിവില്ല.

നിലവില്‍, സുപ്രീം കോടതിയുടെ ഒരു പഴയ വിധി പ്രകാരം, സര്‍ക്കാര്‍ ജോലികളില്‍ ഒബിസി വിഭാഗത്തിനുള്ള ക്വാട്ട 27 ശതമാനമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ജോലികളില്‍ എസ്‌സി/എസ്ടി വിഭാഗങ്ങള്‍ക്ക് 22.5 ശതമാനം വരെ സംവരണം നിലവിലുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങള്‍ക്ക് വ്യത്യസ്ത ക്വാട്ടകളും നിശ്ചയിച്ചിട്ടുണ്ട്.

ജസ്റ്റിസ് രോഹിണി കമ്മീഷന്‍ ശുപാര്‍ശകള്‍?

ഒബിസി വിഭാഗങ്ങളുടെ ഉപവര്‍ഗ്ഗീകരണത്തെക്കുറിച്ച് പഠിക്കാന്‍ 2017-ല്‍ ജസ്റ്റിസ് രോഹിണി കമ്മീഷന്‍ രൂപീകരിച്ചിരുന്നു. ഈ പാനല്‍ കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും സര്‍ക്കാര്‍ ഇതുവരെ അത് പരിഗണിച്ചിട്ടില്ല.

സംസ്ഥാന ജാതി സര്‍വേകള്‍

കര്‍ണാടക, തെലങ്കാന, ബീഹാര്‍ എന്നീ മൂന്ന് സര്‍ക്കാരുകള്‍ ഇതുവരെ ജാതി സര്‍വേകള്‍ നടത്തിയിട്ടുണ്ട്. കര്‍ണാടക ഇതുവരെ സര്‍വേ റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഷ്ട്രീയ വിമര്‍ശനം ആകാം, വ്യക്തിപരമായ അധിക്ഷേപം പാടില്ല; പിഎംഎ സലാമിനെ തള്ളി ലീഗ് നേതൃത്വം

പാചകവാതകം കരുതലോടെ ഉപയോ​ഗിക്കാം, ​ഗ്യാസ് സ്റ്റൗ ഉപയോ​ഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ദിവസവും 8 ഗ്ലാസ്സ് വെള്ളം കുടിക്കേണ്ട ആവശ്യമുണ്ടോ?

പ്രണവിനെ കണ്ട് എഴുതിയ കഥാപാത്രം; നെഗറ്റീവ് ഷെയ്ഡ് ചെയ്യാന്‍ അദ്ദേഹവും കാത്തിരിക്കുകയായിരുന്നു; രാഹുല്‍ സദാശിവന്‍

ശബരിമലയിലെ സ്വര്‍ണപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റി വിറ്റത് 15 ലക്ഷം രൂപയ്ക്ക്?; എസ്‌ഐടിക്ക് നിര്‍ണായക മൊഴി

SCROLL FOR NEXT