ന്യൂഡൽഹി: ഇന്ത്യയിൽ ഉപഗ്രഹ ഇന്റർനെറ്റ് സേവനങ്ങൾ കൊണ്ടുവരുന്നതിൽനിന്ന് സ്റ്റാർലിങ്കിനെ ചില വൻകിട കുത്തകകൾ തടയുന്നുവെന്ന തരത്തിൽ ഇലോൺ മസ്ക് ഉന്നയിച്ച പരോക്ഷ ആരോപണങ്ങൾക്ക് മറുപടിയുമായി കേന്ദ്ര സർക്കാർ. ഇന്ത്യയിലെ ഉപഗ്രഹ ആശയവിനിമയ ചട്ടങ്ങൾ പൂർണ്ണമായും സുതാര്യവും നീതിയുക്തവുമാണെന്നും, ആർക്കും പ്രത്യേക പരിഗണനയോ വിവേചനമോ നൽകുന്നില്ലെന്നും വാർത്താവിനിമയ മന്ത്രാലയം പ്രസ് ഇൻഫർമേഷൻ ബ്യൂറോ വഴി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
രാജ്യത്തെ ഉപഗ്രഹ സേവന നിയന്ത്രണങ്ങൾ വിവേചനപരമായാണ് നടപ്പിലാക്കുന്നതെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാദങ്ങൾ തെറ്റിദ്ധാരണാജനകവും വസ്തുതാവിരുദ്ധവുമാണ്. സാറ്റലൈറ്റ് സേവനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ ടെലികോം പ്രവർത്തനങ്ങൾക്കും പക്ഷപാതരഹിതമായ അനുമതി ചട്ടക്കൂടാണ് സർക്കാർ ഏർപ്പെടുത്തിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി നോൺ-ജിയോസിൻക്രണസ് സാറ്റലൈറ്റ് ഓർബിറ്റ് അധിഷ്ഠിത സേവനങ്ങൾക്ക് രാജ്യത്ത് നിലവിൽ മൂന്ന് ആഗോള മൊബൈൽ പേഴ്സണൽ കമ്മ്യൂണിക്കേഷൻ കമ്പനികൾക്ക് ലൈസൻസ് നൽകിയിട്ടുണ്ട്.
ഉപഭോക്താക്കളുടെ സുരക്ഷയും ഡാറ്റാ സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനായി ലൈസൻസ് ലഭിച്ച എല്ലാ കമ്പനികളും കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. നിലവിൽ ഈ മൂന്ന് കമ്പനികളുടെയും സുരക്ഷാ പരിശോധനകളാണ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. ഈ പരിശോധനകൾ വിജയകരമായി പൂർത്തിയാക്കുന്ന മുറയ്ക്ക് മാത്രമേ കമ്പനികൾക്ക് അടുത്ത ഘട്ടമായ സ്പെക്ട്രം അനുവദിക്കൽ നടപടികളിലേക്ക് കടക്കാനാവൂ. ലൈസൻസ് ലഭിച്ച മൂന്ന് കമ്പനികളും നിലവിൽ ഒരേ നിയന്ത്രണ ഘട്ടത്തിലാണ് ഉള്ളതെന്നും, അതിനാൽ തന്നെ ഏതെങ്കിലും കമ്പനിയോട് വിവേചനപരമായ സമീപനമുണ്ടെന്ന വാദം അടിസ്ഥാനരഹിതമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates