വിദ്യാർഥി പ്രക്ഷോഭത്തിനെതിരായ കേന്ദ്ര നിലപാടിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രംഗത്തെത്തി. പാർലമെന്റ് സമ്മേളനത്തിന് എത്തുന്നതിന് മുൻപ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ചോദിച്ചുവാങ്ങാൻ ഖാർഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു.
"വിദ്യാർഥികളോട് ആദ്യം മാപ്പുപറയുകയും, അവർക്ക് നേരെ ലാത്തിച്ചാർജ്ജും കണ്ണീർവാതകവും പെല്ലറ്റ് തോക്കുകളും പ്രയോഗിക്കാൻ ഉത്തരവിട്ട ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയെടുക്കുകയും ചെയ്യുക. അതിനുശേഷം രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ച് പാർലമെന്റിൽ വിശദമായ ചർച്ചയ്ക്ക് ഞങ്ങൾ തയ്യാറാണ്," - ഖാർഗെ എക്സിൽ കുറിച്ചു
"26 ദിവസത്തെ കഠിനമായ നിരാഹാര സമരത്തിന് ശേഷം സോനം സാർ ഉപവാസം അവസാനിപ്പിച്ചതിൽ ഞങ്ങൾ ഏറെ ആശ്വാസമുള്ളവരും കടപ്പെട്ടവരുമാണ്. സാറിന്റെ അസാധാരണമായ ധൈര്യത്തിനും ത്യാഗത്തിനും വലിയ നന്ദി. സ്വന്തം ജീവൻ പോലും പണയം വെച്ച് രാജ്യത്തിന്റെ തന്നെ മനഃസാക്ഷിയെ ഉണർത്താൻ അദ്ദേഹത്തിന്റെ പോരാട്ടത്തിന് സാധിച്ചു. അദ്ദേഹത്തിന്റെ ജീവൻ ഈ രാജ്യത്തിന് ഏറ്റവും പ്രിയപ്പെട്ടതാണ്. അതേസമയം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെക്കുന്നത് വരെ ഡൽഹി ജന്തർ മന്തറിലെ കോക്ക്റോച്ച് ജനതാ പാർട്ടിയുടെ സമാധാനപരമായ സമരം തുടരുക തന്നെ ചെയ്യും," - അഭിജീത് ദിപ്കെ പറഞ്ഞു.
വിദ്യാർഥി പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് നടത്തിവന്ന 26 ദിവസം നീണ്ട നിരാഹാര സമരം വ്യാഴാഴ്ച രാത്രി അവസാനിപ്പിച്ചു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹത്തെ കേന്ദ്രമന്ത്രിമാരായ ജെ.പി നദ്ദയും ഡോ. ജിതേന്ദ്ര സിംഗും നേരിട്ടെത്തി സന്ദർശിച്ച് സർക്കാരിന്റെ ഉറപ്പുരേഖ കൈമാറുകയായിരുന്നു.
ആഭ്യന്തരമന്ത്രി അമിത് ഷാ, ജെ.പി നദ്ദ, ജിതേന്ദ്ര സിംഗ് എന്നിവരുമായി നടത്തിയ നാല് മണിക്കൂർ നീണ്ട ചർച്ചയ്ക്ക് ശേഷമാണ് വാങ്ചുക്കിന്റെ ആരോഗ്യം കണക്കിലെടുത്ത് ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് സർക്കാർ ഉറപ്പുനൽകിയത്.
കേന്ദ്ര സർക്കാരും കോക്ക്റോച്ച് ജനതാ പാർട്ടി പ്രതിനിധികളും തമ്മിലുള്ള നിർണ്ണായക ചർച്ച ഡൽഹിയിലെ ഭരണഘടനാ ക്ലബ്ബിൽ വെച്ച് നടക്കും. ചർച്ചയ്ക്ക് നിഷ്പക്ഷമായ ഒരു പൊതുവേദി വേണമെന്ന സി.ജെ.പി ആവശ്യത്തിന് കേന്ദ്ര സർക്കാർ വഴങ്ങിയതോടെയാണ് കൂടിക്കാഴ്ചയ്ക്ക് വഴിയൊരുങ്ങിയത്.
സിജെപി പ്രതിനിധികളും കേന്ദ്ര മന്ത്രിമാരും തമ്മിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30-ന് വിദ്യാർഥികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുമെന്ന് സിജെപി വക്താവ് സൗരവ് ദാസ് അറിയിച്ചു.
സമരം ചെയ്യുന്ന വിദ്യാർഥികളുടെ പ്രശ്നത്തിൽ സർക്കാർ ഇടപെടലും മന്ത്രി ധർമ്മേന്ദ്ര പ്രധാൻറെ രാജിയും ആവശ്യപ്പെട്ട് പ്രതിപക്ഷം പാർലമെൻറിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കും. മകർ ദ്വാറിലാകും പ്രതിഷേധം
നിരാഹാര സമരം അവസാനിപ്പിക്കുന്നതിന് മുമ്പ് സോനം വാങ്ചുക് എക്സില്‍ കുറിച്ചതിങ്ങനെ: 'സമാധാനം, സമാധാനം മാത്രമാണ് എന്റെ വഴി. ജന്തര്‍ മന്തറിലെ സമരം സമാധാനപരമാണെങ്കിലും, ചില സാമൂഹിക വിരുദ്ധര്‍ ഇത് മുതലെടുത്ത് അക്രമങ്ങള്‍ക്ക് തിരികൊളുത്താന്‍ ശ്രമിക്കുന്നത് വേദനാജനകമാണ്. അവര്‍ എന്തുചെയ്താലും നമ്മുടെ മറുപടി പുഷ്പങ്ങള്‍ കൊണ്ടായിരിക്കണം. ഏത് സാഹചര്യത്തിലും സംയമനം കാത്തുസൂക്ഷിക്കണം'
ചോദ്യപേപ്പര്‍ ചോര്‍ച്ച കേസുകള്‍ കൈകാര്യം ചെയ്യാന്‍ ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനല്‍കി.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ ഇന്‍ഡ്യ മുന്നണി എംപിമാര്‍ പാര്‍ലമെന്റ് പരിസരത്ത് പ്രതിഷേധിക്കുന്നു
കേന്ദ്ര മന്ത്രിമാരായ ജെ.പി നദ്ദ, ഡോ. ജിതേന്ദ്ര സിംഗ് എന്നിവരുടെ സാന്നിധ്യത്തിൽ അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ചതിന് പിന്നാലെ, പ്രക്ഷോഭകർക്കെതിരെ കേസുകളൊന്നും രജിസ്റ്റർ ചെയ്യേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ എഴുതിനൽകിയതായി പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്. തന്റെ ഔദ്യോഗിക എക്സ് (X) ഹാൻഡിലിലൂടെ പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കേന്ദ്രമന്ത്രി ധർമ്മേന്ദ്രപ്രധാൻറെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ ബഹളത്തിനിടെ ലോക്സഭയും രാജ്യസഭയും ഉച്ചവരെ പിരിഞ്ഞു. നേരത്തെ ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ ഇന്‍ഡ്യ മുന്നണി എംപിമാര്‍ പാര്‍ലമെന്റ് പരിസരത്ത് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇരുസഭകളും സമ്മേളിച്ചയുടൻ പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗതെത്തുകയായിരുന്നു.
ധര്‍മേന്ദ്ര പ്രധാനെ മന്ത്രിപദത്തില്‍ നിന്ന് നീക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകണമെന്ന് കോണ്‍ഗ്രസ് എംപി കെസി വേണുഗോപാല്‍. ഇത് വിദ്യാര്‍ഥികളു ഈ രാജ്യവും ആവശ്യപ്പെടുന്ന കാര്യമാണ്. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞ് കണ്ണില്‍ പൊടിയിടാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നും കെസി വേണുഗോപാല്‍ കുറ്റപ്പെടുത്തി.
വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻറെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികളുടെ ബഹളത്തിനിടെ ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു. സഭ തുടർച്ചയായി തടസപ്പെടുന്നത് തെറ്റായ സന്ദേശം നൽകുമെന്നും പ്രതിപക്ഷം സഹകരിക്കണമെന്നുമുള്ള ആവശ്യത്തിന് വഴങ്ങാൻ പ്രതിപക്ഷം തയാറായില്ല.
വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ പുറത്താകാതെ പാർലമെൻറിലെ ചർച്ചക്ക് പ്രതിപക്ഷം ഒരുക്കമല്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പാർലമെൻറിന് പുറത്ത് മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തിന് മുമ്പാകെ മൂന്ന് വ്യവസ്ഥകളും രാഹുൽ മുന്നോട്ടുവച്ചു. അഴിമതിക്കാരനായ വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കണം, വിദ്യാർഥികളെ ആക്രമിക്കുകയും തല്ലിചതക്കുകയും ചെയ്തവർക്കെതിരെ നടപടിയെടുക്കണം, വിദ്യാർഥികളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണം എന്നിവയാണ് രാഹുൽ മുന്നോട്ടുവച്ച വ്യവസ്ഥകള്‍.
വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍ സമവായം കണ്ടെത്താന്‍ കോക്‌റോച്ച് ജനതാ പാര്‍ട്ടി (സിജെപി) പ്രതിനിധി സംഘവും കേന്ദ്രമന്ത്രിമാരുമായുള്ള കൂടിക്കാഴ്ച പൂർത്തിയായി. കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബിലാണ് യോഗം. ചര്‍ച്ചയ്ക്ക് നിഷ്പക്ഷ വേദി വേണമെന്ന സിജെപിയുടെ ആവശ്യം അംഗീകരിച്ചാണ് കേന്ദ്രം കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ കൂടിക്കാഴ്ചയ്ക്ക് സമ്മതിച്ചത്. ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടന്നുവരുന്ന പ്രതിഷേധ സമരം 35-ാം ദിവസത്തിലേക്ക് കടന്ന പശ്ചാത്തലത്തിലാണ് ചര്‍ച്ച നടക്കുന്നത്.
നീറ്റ് സമരവുമായി ബന്ധപ്പെട്ട് തങ്ങളുടെ ആവശ്യങ്ങള്‍ കേന്ദ്ര പ്രതിനിധി സംഘത്തെ അറിയിച്ചതായി സിജെപി. പ്രശ്നപരിഹാരത്തിനായി നടന്ന ചർച്ചക്കു ശേഷമാണ് സിജെപി പ്രതിനിധികള്‍ ഇക്കാര്യം അറിയിച്ചത്. രണ്ട് ആവശ്യങ്ങളോട് കേന്ദ്രത്തിന് അനുകൂല നിലപാടാണ്. ധർമ്മേന്ദ്ര പ്രധാനെ മാറ്റുന്ന കാര്യത്തിൽ നാളെ തീരുമാനം അറിയിക്കും. നാളെയും ചർച്ച നടക്കും. വിദ്യാർഥികള്‍ക്കെതിരായ കേസുകള്‍ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. മന്ത്രിയുടെ രാജിയെന്ന ആവശ്യത്തിൽ ഉറച്ചു നിന്നതായും സിജെപി പ്രതിനിധികള്‍ അറിയിച്ചു.
സിജെപി പ്രതിനിധികളുമായി നടത്തിയ ചർച്ച സൗഹാർദ്ദപരമായിരുന്നുവെന്ന് കേന്ദ്രമന്ത്രി ജെപി നദ്ദ. ചർച്ച നാളെയും തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി
ജന്തര്‍ മന്ദറിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വിദ്യാര്‍ഥി പ്രക്ഷോഭകര്‍ക്കെതിരെ പോലീസ് അതിക്രമം നടത്തിയെന്നാരോപിച്ചുള്ള രണ്ട് ഹര്‍ജികള്‍ പരിഗണിക്കാന്‍ സുപ്രീംകോടതി സമ്മതിച്ചു. തിങ്കളാഴ്ച ഈ ഹര്‍ജികള്‍ കോടതി പരിഗണിക്കും.
ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധം കനക്കുന്നതിനിടെ നാഷണൽ ടെസ്റ്റിങ് ഏജൻസിയിൽ കടുത്ത നടപടിയുമായി കേന്ദ്ര സർക്കാർ. എൻടിഎയിൽ 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു.
പൊലീസും പ്രതിഷേധക്കാരുമായി ഏറ്റുമുട്ടല്‍. പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു
നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ ദിവസങ്ങള്‍ നീണ്ട പ്രക്ഷോഭത്തിനൊടുവില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു.
ധര്‍മേന്ദ്ര പ്രധാന്റെ രാജിയെത്തുടര്‍ന്ന് ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥികളുടെ ആഹ്ലാദപ്രകടനം
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്ഥാനത്തുനിന്നുള്ള ധര്‍മേന്ദ്ര പ്രധാന്റെ രാജി തീരുമാനത്തെ ബിജെപി പൂര്‍ണമായും പിന്തുണയ്ക്കുന്നുവെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍. ഇന്ത്യന്‍ വിദ്യാഭ്യാസ മേഖലയെ പരിഷ്‌കരിക്കുന്നതിലും, ദേശീയ വിദ്യാഭ്യാസ നയം വിജയകരമായി നടപ്പാക്കുന്നതിലും ധര്‍മേന്ദ്ര പ്രധാന്‍ നിര്‍ണായക പങ്കുവഹിച്ചതായി നിതിന്‍ നബിന്‍ എക്‌സില്‍ കുറിച്ചു.
പരീക്ഷാ ക്രമക്കേടിനെത്തുടര്‍ന്ന് രാജ്യവ്യാപകമായി തുടര്‍ന്നുവന്ന വിദ്യാര്‍ഥി പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതിന് പിന്നാലെ, രാജ്യത്തെ യുവതലമുറയെ പ്രശംസിച്ച് പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ സോനം വാങ്ചുകിന്റെ ഭാര്യ ഗീതാഞ്ജലി ആങ്‌മോ. ഇന്ത്യ യഥാര്‍ഥത്തില്‍ ഒരു 'വിശ്വഗുരു' ആകുന്നത് എങ്ങനെയെന്ന് കാണിച്ചുതന്നത് രാജ്യത്തെ ജെന്‍ സികള്‍ ആണെന്ന് അവര്‍ എക്‌സില്‍ കുറിച്ചു.
ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഭാവിയിലും നിയമ നടപടികള്‍ ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കി. ജെപി നഡ്ഡ ഉള്‍പ്പെടെയുള്ള കേന്ദ്രമന്ത്രിമാരുമായി സിജെപി പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
ജന്തര്‍ മന്തറില്‍ സംഘടിപ്പിച്ച സമരം സിജെപി അവസാനിപ്പിച്ചു. പ്രതിഷേധക്കാരുടെ എല്ലാ ആവശ്യങ്ങളും കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്. കേന്ദ്രമന്ത്രിമാരും സിജെപി പ്രതിനിധികളും സംയുക്തമായി നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പ്രതിഷേധക്കാരോട് വീടുകളിലേക്ക് തിരിച്ചുപോകാന്‍ ആവശ്യപ്പെട്ടു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയിലേക്ക് നയിച്ച പ്രതിഷേധത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികളെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. മോദി സര്‍ക്കാരിന്റെ അമിതാധികാര വാഴ്ചയ്‌ക്കേറ്റ കനത്ത തിരിച്ചടിയാണ് സമരത്തിന്റെ വിജയം. എന്നാല്‍ ഒരു മന്ത്രി പടിയിറങ്ങിയത് കൊണ്ട് മാത്രം വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രതിസന്ധി അവസാനിക്കുന്നില്ല. സംസ്ഥാനങ്ങളെ കൂടി വിശ്വാസത്തിലെടുത്ത് പരീക്ഷാ നടത്തിപ്പിന് പുതിയ സ്റ്റാറ്റിയൂട്ടറി സംവിധാനം ഏര്‍പ്പെടുത്തണമെന്നും പ്രതിപക്ഷ നേതാവ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ധര്‍മേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ വിദ്യാര്‍ഥികളെ അഭിനന്ദിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വിദ്യാര്‍ഥികള്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ക്ക് പ്രധാനമന്ത്രി മാപ്പു പറയണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. എക്‌സില്‍ പങ്കുവച്ച വിഡിയോ സന്ദേശത്തിലാണ് രാഹുല്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ജന്തര്‍ മന്തറില്‍ സമരം ചെയ്ത പ്രതിഷേധക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ സാമൂഹ്യ പ്രവര്‍ത്തകന്‍ സോനം വാങ്ചുക് സ്വാഗതം ചെയ്തു. 'ജനാധിപത്യത്തിന്റെ വിജയം' ഉറപ്പാക്കിയ സിജെപിയെ അദ്ദേഹം അഭിനന്ദിച്ചു. എന്നാല്‍ രാജി കൊണ്ടുമാത്രം ഒരു രാജ്യം കെട്ടിപ്പടുക്കാനാകില്ലെന്നും പരിഷ്‌കാരങ്ങള്‍ക്കായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും വാങ്ചുക് പ്രതികരിച്ചു.
കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല. വിദ്യാര്‍ഥി പ്രക്ഷോഭത്തെത്തുടര്‍ന്ന് ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതോടെയാണ് പ്രള്‍ഹാദ് ജോഷിയെ തല്‍സ്ഥാനത്തേക്ക് നിയമിച്ച് രാഷ്ട്രപതി ഉത്തരവിറക്കിയത്. നിലവില്‍ ഭക്ഷ്യ-പൊതുവിതരണ, ഉപഭോക്തൃകാര്യ വകുപ്പുകളുടെ ചുമതല വഹിക്കുന്ന മന്ത്രിയാണ് പ്രള്‍ഹാദ് ജോഷി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates