ന്യൂഡൽഹി: പലപ്പോഴും വിചിത്രമായ പെരുമാറ്റമായിരുന്നു എന്നും, പലരും കാണാനെത്താറുണ്ടായിരുന്നുവെന്നും ഭീകരസംഘവുമായി ബന്ധമുള്ളതിന് അറസ്റ്റിലായ വനിതാ ഡോക്ടർ ഷഹീൻ ഷാഹിദിനെക്കുറിച്ച് സഹപ്രവർത്തകർ. കോളജിലെ അച്ചടക്കം പാലിക്കാൻ ഡോക്ടർ ഷഹീൻ തയാറായിരുന്നില്ല. പലപ്പോഴും ആരെയും അറിയിക്കാതെ കോളജിൽ നിന്നു പുറത്തുപോകാറുണ്ട്. അവർക്കെതിരെ മാനേജ്മെന്റിന് പരാതി വരെ ലഭിച്ചിട്ടുണ്ട്. എന്നാൽ ഇങ്ങനെ ഒരു കാര്യത്തിൽ അവർ ഉൾപ്പെടുമെന്ന് ഒരിക്കലും കരുതിയില്ല എന്നും സഹപ്രവർത്തകർ പറയുന്നു.
ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിന്റെ വനിതാവിഭാഗമായ ജമാഅത്ത് ഉല്‍-മോമിനാത്തിന്റെ ഇന്ത്യയിലെ റിക്രൂട്ട്മെന്റുകൾക്ക് ചുമതലപ്പെടുത്തിയിരുന്നത് ഡോക്ടർ ഷഹീനെയാണെന്നാണ് വിവരം. ലഖ്നൗ സ്വദേശിയായ ഡോക്ടർ ഷഹീൻ ഷാഹിദ ഫരീദാബാദിലെ അൽ–ഫലാഹ് മെഡിക്കൽ കോളജിലെ ഡോക്ടറായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. ഫരീദാബാദിൽ വൻ തോതിൽ സ്ഫോടക വസ്തു പിടികൂടിയതിൽ അറസ്റ്റിലായ ഡോ. മുസമ്മിൽ ഷക്കീലിന്റെ സഹപ്രവർത്തകയാണ് ഷഹീൻ.
ഡോക്ടർ ഷഹീനിന്റെ കാറിൽ നിന്ന് പൊലീസ് തോക്കുകൾ പിടികൂടിയിരുന്നു. ഭീകരസംഘത്തിന്റെ പ്രവർത്തനങ്ങൾക്കുവേണ്ടി 40–50 ലക്ഷം രൂപയോളം ഷഹീൻ സമാഹരിച്ചുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സഫർ ഹയാത്ത് എന്നയാളെ ഡോക്ടർ ഷഹീൻ വിവാഹം കഴിച്ചുവെങ്കിലും, 2015 ൽ വിവാഹമോചനം നേടി. വിവാഹത്തിലൂടെ ഷഹീൻ ഷഹീദിന് മഹാരാഷ്ട്രയുമായി ഉണ്ടായിരുന്ന മുൻകാലബന്ധവും അന്വേഷിക്കുന്നുണ്ട്. ഡൽഹിയിൽ ചാവേർ സ്ഫോടനം നടത്തിയ ഡോക്ടർ ഉമർ നബിയും ഡോക്ടർ ഷഹീന്റെ സഹപ്രവർത്തകനും ഭീകരമൊഡ്യൂളിലെ സംഘാംഗവുമാണ്.
ഇന്ത്യയിൽ ഒന്നിലധികം ഭീകരാക്രമണങ്ങൾ നടത്തുന്നതിനെ കുറിച്ച് ഡോക്ടർ ഉമർ നബി പലപ്പോഴും സംസാരിച്ചിരുന്നതായി ഡോക്ടർ ഷഹീൻ ഷാഹിദ പൊലീസിനോട് പറഞ്ഞു. അൽ-ഫലാഹ് മെഡിക്കൽ കോളജിൽ ജോലി കഴിഞ്ഞ് കാണുമ്പോഴെല്ലാം ഉമർ ഇക്കാര്യം സംസാരിച്ചിരുന്നു. ഫരീദാബാദ് ഭീകരസംഘത്തിലെ ഏറ്റവും തീവ്രനിലപാടുള്ള വ്യക്തിയായിരുന്നു ഉമർ നബിയെന്നും ഷഹീൻ പറഞ്ഞതായാണ് വിവരം. ഡോ. ഷഹീൻ ഷാഹിദിനു പുറമെ, അറസ്റ്റിലായ ഡോ. മുസമ്മിൽ അഹമ്മദ് ഗനായി, ഡോ. അദീൽ മജീദ് റാഥർ എന്നിവരും ഫരീദാബാദ് ഭീകരസംഘത്തിൽ ഉൾപ്പെട്ടിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates