അശോക സര്‍വകലാശാല പ്രൊഫസര്‍ അലി ഖാന്‍ മഹ്മൂദാബാദ് PTI
India

'എതിര്‍ അഭിപ്രായങ്ങളെ ബിജെപി ഭയക്കുന്നു', അശോക സര്‍വകലാശാല പ്രൊഫസറുടെ അറസ്റ്റില്‍ കോണ്‍ഗ്രസ്

വ്യക്തിഹത്യ, അധിക്ഷേപം, പരിഹാസം, നിയമവിരുദ്ധമായ അറസ്റ്റ്, പ്രതികാര നടപടി എന്നിവയക്കായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനെ കോണ്‍ഗ്രസ് ശക്തമായി അപലപിക്കുന്നു എന്നും കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തങ്ങൾക്കെതിരായ ശബ്ദങ്ങളെ ബിജെപി ഭയക്കുന്നു എന്ന് കോണ്‍ഗ്രസ്. ഓപ്പറേഷന്‍ സിന്ദൂര്‍ വിഷയത്തില്‍ സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ പേരില്‍ കോളജ് അധ്യാപകനെ അറസ്റ്റ് ചെയ്ത സംഭവത്തിലാണ് കോണ്‍ഗ്രസിന്റെ പ്രതികരണം. തങ്ങള്‍ക്കിഷ്ടപ്പെടാത്ത ഏതൊരു അഭിപ്രായത്തെയും ബിജെപി എത്രമാത്രം ഭയപ്പെടുന്നു എന്നതിന്റെ ഉദാഹരണമാണ് അധ്യാപകന്റെ അറസ്റ്റ് എന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ആരോപിച്ചു.

രാജ്യത്തിന്റെ അഖണ്ഡതയാണ് കോണ്‍ഗ്രസിന് പ്രധാനം. ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ സേനയെയും സര്‍ക്കാരിനെയും കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നു. എന്നാല്‍ സര്‍ക്കാരിനെ ചോദ്യം ചെയ്യാന്‍ പാടില്ലെന്ന നിലപാട് അംഗീകരിക്കാന്‍ കഴിയില്ല. വ്യക്തിഹത്യ, അധിക്ഷേപം, പരിഹാസം, നിയമവിരുദ്ധമായ അറസ്റ്റ്, പ്രതികാര നടപടി എന്നിവയക്കായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനെ കോണ്‍ഗ്രസ് ശക്തമായി അപലപിക്കുന്നു എന്നും കോണ്‍ഗ്രസ് പ്രസിഡന്റ് പ്രതികരിച്ചു.

അശോക സര്‍വകലാശാല പ്രൊഫസര്‍ അലി ഖാന്‍ മഹ്മൂദാബാദിന്റെ അറസ്റ്റ് ബിജെപിക്ക് ഇഷ്ടപ്പെടാത്ത ഏതൊരു അഭിപ്രായത്തെയും അവര്‍ എത്രമാത്രം ഭയപ്പെടുന്നു എന്നതിന്റെ തെളിവാണെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ എക്‌സ് പോസ്റ്റില്‍ പറഞ്ഞു.  മധ്യപ്രദേശിലെ മന്ത്രിക്കും ഉപ മുഖ്യമന്ത്രിക്കുമെതിരെ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ഇതാണ് മോദി സർക്കാരിന്റെ ഇരട്ടത്താപ്പ്. സായുധ സേനയെ അധിക്ഷേപിച്ചും വിദേശകാര്യ സെക്രട്ടറി, മകള്‍, വനിത കേണല്‍ എന്നിവര്‍ക്ക് എതിരെയും അധിക്ഷേപ പരാമര്‍ശങ്ങള്‍ ഉന്നയിക്കുകയും ചെയ്ത ബിജെപി നേതാക്കള്‍ ഒരു വശത്ത് സംരക്ഷിക്കപ്പെടുമ്പോഴാണ് അലി ഖാന്‍ മഹ്മൂദാബാദിന്റെ അറസ്റ്റ്. ഇത് ഒരാള്‍ക്കെതിരെയുള്ള നടപടിയല്ല, മറിച്ച് അഭിപ്രായസ്വാതന്ത്ര്യത്തിനെതിരായ, വിയോജിക്കുന്നവര്‍ക്കെതിരായ, ബിജെപിയുടെ വിധ്വേഷത്തിനെതിരെ നിലകൊള്ളുന്നവര്‍ക്കെതിരായ സര്‍ക്കാര്‍ നടപടിയാണ് എന്നും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ചൂണ്ടിക്കാട്ടുന്നു.

അടല്‍ ബിഹാരി വാജ്പേയിയുടെ കാലത്ത് വിദേശ സെക്രട്ടറിയായിരുന്ന, രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ച ജഗത് എസ് മെഹ്തയുടെ കൊച്ചുമകനാണ് അലി ഖാന്‍ മഹ്മൂദാബാദ്. അദ്ദേഹം ചെയ്ത് തെറ്റ്, ഒന്ന് ആ പോസ്റ്റ് എഴുതി എന്നുള്ളതാണ്. മറ്റൊന്ന് അദ്ദേഹത്തിന്റെ പേരാണ്' എന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയും ചൂണ്ടിക്കാട്ടി.

അതേസമയം, അറസ്റ്റ് ചോദ്യം ചെയ്ത് അശോക സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറും പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം മേധാവിയുമായ അലി ഖാന്‍ മഹ്മൂദാബാദ് സുപ്രീം കോടതിയെ സമീപിച്ചു. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ വാദം കേള്‍ക്കുന്നതിനായി ഹർജി ലിസ്റ്റ് ചെയ്യുമെന്ന് കോടതി അറിയിച്ചു. അടിയന്തര വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ആണ് വിഷയം വിഷയം ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന് മുന്നില്‍ അവതരിപ്പിച്ചത്.

ഓപ്പറേഷന്‍ സിന്ദൂര്‍, ആള്‍ക്കൂട്ട ആക്രമണങ്ങള്‍, ബുള്‍ഡോസര്‍ രാജ് എന്നിവ പരാമര്‍ശിച്ച് പങ്കുവച്ച പോസ്റ്റിന്റെ പേരിലാണ് അശോക സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം മേധാവിയും അസോസിയേറ്റ് പ്രഫസറുമായ അലി ഖാന്‍ മഹ്മൂദാബാദിനെ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

ഈ നക്ഷത്രക്കാർക്ക് സന്തോഷ വാർത്ത കാത്തിരിക്കുന്നു! സാമ്പത്തിക കാര്യങ്ങളിൽ മുൻകരുതൽ വേണം

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

SCROLL FOR NEXT