Shashi Tharoor: തരൂർ ക്യാമ്പ് ഏത് പ്രതികാര നടപടിയെയും നേരിടാൻ തയ്യാറെടുക്കുകയാണ്.  ഫയല്‍
India

ഹൈക്കമാന്‍ഡ് കടുത്ത നടപടിക്ക്, തരൂരിനെ പാർലമെന്‍ററി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തു നിന്നും പിൻവലിച്ചേക്കും

തരൂർ ക്യാമ്പ് ഏത് പ്രതികാര നടപടിയെയും നേരിടാൻ തയ്യാറെടുക്കുകയാണ്.

കെഎസ് ശ്രീജിത്ത്

തിരുവനന്തപുരം: പഹൽ​ഗാം ഭീകരാക്രമണത്തിന്റെയും ഓപ്പറേഷൻ സിന്ദൂറി​ന്റെയും പശ്ചാത്തലത്തിൽ ഇന്ത്യൻ നിലപാട് വ്യക്തമാക്കാൻ വിദേശ രാജ്യങ്ങൾ സന്ദർശിക്കാനുള്ള പ്രതിനിധി സംഘത്തിലേക്ക് കോൺ​ഗ്രസ് നൽകിയ പട്ടികയിൽ പേരില്ലാത്ത ശശിതരൂരിനെ നിയോ​ഗിച്ച സർക്കാർ നടപടിയും പ്രതിനിധി സംഘത്തെ നയിക്കാനുള്ള തരൂരി​ന്റെ തീരുമാനവും സംബന്ധിച്ച് കോൺ​ഗ്രസിനുള്ളില്‍ ഉരുത്തിരിഞ്ഞ അസ്വസ്ഥത മൂ‍ർച്ഛിക്കുന്നു. ഇന്ത്യാ സഖ്യത്തിലെ ഘടകകക്ഷികളിലും ഇതിനെച്ചൊല്ലി അതൃപ്തി പുകയുകയാണ്.

ബിജെപി സർക്കാരിന്റെ സമ്മർദ്ദത്തിനും തരൂരിന്റെ കർശന നിലപാടിനും മുന്നിൽ ഒടുവിൽ, ഹൈക്കമാൻഡ് വഴങ്ങിയെങ്കിലും, വിഷയത്തിൽ പാർട്ടി പോംവഴികൾ തേടുന്നുണ്ടെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നു. പ്രതിനിധി സംഘത്തിലേക്ക് ശശി തരൂരിനെ ഉൾപ്പെടുത്തിയത് മാത്രമല്ല, കോൺഗ്രസ് നൽകിയ പട്ടികയിലെ നാലിൽ മൂന്ന് പേരെയും ഒഴിവാക്കിയ സർക്കാരിന്റെ നടപടിയും രാഹുൽ ഗാന്ധിക്കും കോൺഗ്രസ് നേതൃത്വത്തിനും വലിയ ക്ഷീണമായി.

പാർലമെ​ന്റി​ന്റെ വിദേശകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനത്ത് നിന്ന് തരൂരിനെ പിൻവലിക്കാൻ കോൺഗ്രസ് തീരുമാനിച്ചേക്കുമെന്ന് സൂചനയുണ്ട്. നടപടിക്രമമനുസരിച്ച്, ഒരു പാർട്ടിക്ക് നിലവിൽ ആ സ്ഥാനത്തുള്ള എംപിയെ മാറ്റി മറ്റൊരാളെ നാമനിർദ്ദേശം ചെയ്യാം. അല്ലെങ്കിൽ എംപിയോട് രാജിവയ്ക്കാൻ ആവശ്യപ്പെടാം. ഇതിലേതെങ്കിലും ഒന്ന് ചെയ്തേക്കുമെന്നാണ് ഹൈക്കമാൻഡുമായി അടുപ്പമുള്ള വൃത്തങ്ങൾ നൽകുന്ന സൂചന.

വിദേശകാര്യസ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷസ്ഥാനത്ത് നിന്ന് തരൂരിനെ നീക്കാനുള്ള ശ്രമം വേ​ഗത്തിൽ വിജയിക്കാനുള്ള സാധ്യതയില്ല. കാരണം, ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽകോൺഗ്രസിന്റെ ആവശ്യങ്ങൾക്ക് മോദി സർക്കാർ വഴങ്ങാനുള്ള സാധ്യതയില്ലെന്ന് ഇന്ത്യ ബ്ലോക്കിലെ ഒരു എംപി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു. "സ്പീക്കർ വഴി സർക്കാരിന് അതിനെ ചെറുക്കാൻ കഴിയും. കോൺഗ്രസ് നിർബന്ധിച്ചാൽ, 2019-ൽ ചെയ്തതുപോലെ കമ്മിറ്റിയുടെ അധ്യക്ഷസ്ഥാനം ബിജെപിക്ക് തിരിച്ചുപിടിക്കാനും കഴിയും," അദ്ദേഹം പറഞ്ഞു.

തരൂ‍ർ വിഷയത്തിൽ പാർട്ടിയിൽ ഭിന്നത ഉണ്ടാകുമെന്ന് മുൻകൂട്ടി കണ്ട് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പാർട്ടി അച്ചടക്കം സംബന്ധിച്ച് പ്രസ്താവനകൾ നടത്താൻ തുടങ്ങിയിട്ടുണ്ട്. തരൂരി​ന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും പാർട്ടി ചെയ്യില്ലെന്ന സന്ദേശം ഹൈക്കമാൻഡ് കേരളത്തിലെ നേതാക്കൾക്ക് നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

അതേസമയം, തരൂർ ക്യാമ്പ് ഏത് പ്രതികാര നടപടിയെയും നേരിടാൻ തയ്യാറെടുക്കുകയാണ്. കോൺ​ഗ്രസ് നേതൃത്വത്തിന്റെ പ്രവർത്തന രീതിയിലും ചില കേന്ദ്രങ്ങളിൽ നിന്നുള്ള ഏകപക്ഷീയമായ തീരുമാനങ്ങളിലും നീരസം പുലർത്തുന്ന കേരളത്തിലെ നിരവധി നേതാക്കൾ തരൂരുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഉത്തരേന്ത്യയിൽ നിന്നുള്ള അസംതൃപ്തരായ ചില നേതാക്കളും ഇതിനകം അദ്ദേഹവുമായി ബന്ധപ്പെട്ടിട്ടുണ്ട്.

"ഇപ്പോൾ പ്രതിനിധി സംഘത്തെ നയിക്കാൻ തരൂർ തീരുമാനിച്ചു," അദ്ദേഹവുമായി അടുപ്പമുള്ള ഒരു നേതാവ് ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോടു പറഞ്ഞു. "കോൺഗ്രസ് ഹൈക്കമാൻഡിന്റെ നടപടികള്‍ വരട്ടെ, പ്രതികരണം എന്നിട്ടാവാം. തീരുമാനമെടുക്കാൻ സമയമായാൽ, നേതാക്കളുമായി ആലോചിച്ച് തരൂർ അത് വ്യക്തമാക്കും. അത് ഹൈക്കമാൻഡ് നിലപാടിനെ മാത്രം ആശ്രയിച്ചിരിക്കുന്നു," അദ്ദേഹം പറഞ്ഞു.

പ്രതിനിധി സംഘത്തിലേക്കുള്ള പാർട്ടി പട്ടികയിൽ നിന്ന് തന്നെ ഒഴിവാക്കിയ എ ഐ സി സി നടപടിയിൽ തരൂർ കടുത്ത തൃപ്തിയിലാണ്. "അത് അദ്ദേഹത്തെ അപമാനിക്കലാണ്," തരൂരിനോട് അടുപ്പമുള്ള ഒരാൾ പറഞ്ഞു. എ ഐ സി സി നേതൃത്വവുമായി ഈ വിഷയം ചർച്ച ചെയ്തിട്ടില്ലെന്ന കോൺഗ്രസ് നേതാക്കളുടെ പ്രസ്താവനയിലും അദ്ദേഹം അതൃപ്തനാണ്.

പ്രതിനിധി സംഘത്തിലേക്ക് തന്നെ നിയോഗിക്കാനുള്ള സർക്കാരിന്റെ തീരുമാനം കേന്ദ്രമന്ത്രി കിരൺ റിജിജു, അറിയിച്ചതിനെത്തുടർന്ന് തരൂർ രാഹുൽ ഗാന്ധിയുമായും കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുമായും ചർച്ച നടത്തിയതായി റിപ്പോർട്ടുണ്ട്. പാർട്ടി പട്ടിക സർക്കാർ അംഗീകരിക്കണമെന്നാണ് ഇരു നേതാക്കളും തരൂരിനോട് പറഞ്ഞത്. വിദേശകാര്യ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയുടെ ചെയർമാൻ എന്ന നിലയിൽ തന്നെ കമ്മിറ്റിയിൽ ഉൾപ്പെടുത്തുക എന്നത് സ്വാഭാവികമാണെന്ന് തരൂർ മറുപടി നൽകി. എന്നാൽ, കോൺഗ്രസ് നേതൃത്വം അക്കാര്യത്തിൽ മറുപടി നൽകിയില്ലെന്നാണ് തരൂരുമായി അടുപ്പമുള്ള വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

'വോട്ടര്‍മാര്‍ക്ക് ഇരിപ്പിടം ഉറപ്പാക്കണം, വെള്ളം നല്‍കണം, തിരക്ക് അറിയാന്‍ മൊബൈല്‍ ആപ്പ്'; നിര്‍ദേശങ്ങളുമായി ഹൈക്കോടതി

റിയല്‍ ടൈം ബുക്കിങ് വഴി ഒരുദിവസം 20,000 ഭക്തര്‍ക്ക് ദര്‍ശനം, തീര്‍ഥാടന പാതയില്‍ സ്വാഭാവിക മരണത്തിനും നഷ്ടപരിഹാരം; ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നുമുതല്‍

ശബരിമല സ്വർണക്കൊള്ളയിൽ മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ അറസ്റ്റിൽ, പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്!; ഈ മാസം 11 ദിവസം ബാങ്ക് അവധി, പട്ടിക ഇങ്ങനെ

SCROLL FOR NEXT