

തിരുവനന്തപുരം: കോൺഗ്രസിന് തന്റെ സേവനങ്ങള്‍ വേണ്ടെങ്കില്‍ തന്റെ മുന്നില്‍ മറ്റു വഴികളുണ്ടെന്ന് ശശി തരൂര്‍. കേരളത്തിലെ പാര്‍ട്ടിക്ക് നേതൃപ്രതിസന്ധിയുണ്ട്. കഠിനാധ്വാനം ചെയ്തില്ലെങ്കില്‍ കോൺഗ്രസിന് കേരളത്തില്‍ മൂന്നാമതും തിരിച്ചടി നേരിടേണ്ടി വരും. സംസ്ഥാനത്ത് പ്രതിപക്ഷത്തെ ഘടകകക്ഷികളും തൃപ്തരല്ല. ദേശീയതലത്തിലും തിരിച്ചടിക്ക് സാധ്യതയുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു.
ഒരു ഇംഗ്ലീഷ് ദിനപ്പത്രത്തിന് നല്കിയ അഭിമുഖത്തിലാണ് ശശി തരൂരിന്റെ തുറന്നു പറച്ചില്. കേരളത്തില്‍ പുതിയ വോട്ടര്‍മാരെയും യുവാക്കളേയും പാര്‍ട്ടിക്ക് അനുകൂലമാക്കാന്‍ ശേഷിയുള്ള ഒരു നേതാവിന്റെ അഭാവം കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയിലുണ്ട്. കോണ്‍ഗ്രസിനെ എതിര്‍ക്കുന്നവര്‍ പോലും തനിക്ക് വോട്ട് ചെയ്യുന്നു. അതാണ് പാര്‍ട്ടിക്ക് വേണ്ടത്.
2024 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ വിജയിച്ചെങ്കിലും, തുടര്‍ച്ചയായുണ്ടായ നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വി, പാര്‍ട്ടിക്ക് അതിന്റെ പ്രവര്‍ത്തകര്‍ അനുഭാവികള്‍ എന്നിവര്‍ക്കും അപ്പുറത്തേക്ക് വോട്ടു ബാങ്ക് അടിത്തറ വര്‍ധിപ്പിക്കേണ്ടത് വ്യക്തമാക്കുന്നു. തനിക്ക് വ്യക്തിപരമായി ലഭിച്ച പിന്തുണ ഇതിന് ഉദാഹരണമാണ്. കോണ്‍ഗ്രസ് ജനകീയത വര്‍ദ്ധിപ്പിക്കാന്‍ ശ്രമിച്ചില്ലെങ്കില്‍, അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും തിരിച്ചടി നേരിടുമെന്നും, കേരളത്തില്‍ തുടര്‍ച്ചയായി മൂന്നാം തവണയും പ്രതിപക്ഷത്തിരിക്കേണ്ടി വരുമെന്നും തരൂര്‍ അഭിപ്രായപ്പെട്ടു.
''ദേശീയ തലത്തിലും സംസ്ഥാന തലത്തിലും, കോണ്‍ഗ്രസിന് അവരുടെ നിലവിലെ വോട്ട് അടിത്തറ കൊണ്ട് മാത്രം വിജയിക്കാന്‍ കഴിയില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ദേശീയ തലത്തില്‍ നോക്കിയാല്‍, കോണ്‍ഗ്രസിന്റെ വോട്ട് ഏകദേശം 19% ആയിരുന്നു. 26-27% അധികമായി ലഭിച്ചാല്‍ മാത്രമേ കോണ്‍ഗ്രസിന് അധികാരത്തിലെത്താന്‍ കഴിയൂ. അതുകൊണ്ടു തന്നെ കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിനെ പിന്തുണയ്ക്കാത്തവരെ കൂടി പാര്‍ട്ടി നിലപാടിനൊപ്പം അനുകൂലമാക്കി കൊണ്ടു വരേണ്ടതുണ്ട്.''
''തിരുവനന്തപുരത്ത് തന്റെ ജനകീയത പാര്‍ട്ടിക്കും ഗുണകരമാകുന്നുണ്ട്. താന്‍ സംസാരിക്കുന്നതും പെരുമാറുന്നതും ആളുകള്‍ക്ക് ഇഷ്ടമാണ്. പൊതുവെ കോണ്‍ഗ്രസിനെ എതിര്‍ക്കുന്നവര്‍ പോലും തനിക്ക് വോട്ട് ചെയ്തു. 2026 ല്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നത് അതാണ്. യുഡിഎഫിലെ സഖ്യകക്ഷികള്‍ പോലും ഇക്കാര്യം തന്നോട് പറഞ്ഞിട്ടുണ്ട്. കേരളത്തിലെ കോണ്‍ഗ്രസില്‍ ഒരു നേതാവിന്റെ അഭാവം ഉണ്ടെന്ന് നിരവധി പ്രവര്‍ത്തകര്‍ കരുതുന്നു.''
''കേരളത്തിലെ നേതൃസ്ഥാനം സംബന്ധിച്ച് സ്വതന്ത്ര സംഘടനകള്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പുകളില്‍ കോണ്‍ഗ്രസിലെ മറ്റുള്ളവരേക്കാള്‍ താന്‍ ഏറെ മുന്നിലാണ്. പാര്‍ട്ടി അത് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, താന്‍ പാര്‍ട്ടിക്കു വേണ്ടി ഉണ്ടാകും. അല്ലെങ്കില്‍, തനിക്ക് സ്വന്തമായി കാര്യങ്ങള്‍ ചെയ്യാനുണ്ട്. തനിക്ക് മറ്റ് മാര്‍ഗമില്ലെന്ന് നിങ്ങള്‍ കരുതരുത്. പുസ്തകങ്ങള്‍, പ്രസംഗങ്ങള്‍ തുടങ്ങിയ കാര്യങ്ങളുണ്ട്. ലോകമെമ്പാടു നിന്നും പ്രസംഗം നടത്താന്‍ ക്ഷണങ്ങള്‍ ഉണ്ട്.''
'സോണിയ ഗാന്ധി, മന്മോഹന് സിങ്, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളുടെ പ്രേരണയെ തുടര്‍ന്നാണ് താന്‍ രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. രാജ്യത്തിന്റെയും കേരളത്തിന്റെയും പുരോഗതിയെക്കുറിച്ച് പറയുമ്പോള്‍ താന്‍ എപ്പോഴും തന്റെ അഭിപ്രായങ്ങള്‍ നിര്‍ഭയമായി പ്രകടിപ്പിക്കുകയാണ് ചെയ്യാറുള്ളത്. അതില്‍ ഒരു രാഷ്ട്രീയക്കാരനെപ്പോലെ, ഇടുങ്ങിയ രാഷ്ട്രീയ ചിന്താഗതിയോടെ ചിന്തിക്കാറില്ല. അതുകൊണ്ടു തന്നെ തനിക്ക് ബോധ്യമുള്ള ഒരു കാര്യത്തെക്കുറിച്ച് അഭിപ്രായം പറയുമ്പോള്‍, രാഷ്ട്രീയ പ്രത്യാഘാതങ്ങളെക്കുറിച്ച് ഒരിക്കലും ചിന്തിച്ചിട്ടില്ലെന്നും' ശശി തരൂര്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates