റായ്പൂര്‍: രണ്ടാം ഭാരത് ജോഡോ യാത്രയ്‌ക്കൊരുങ്ങി കോണ്‍ഗ്രസ്. റായ്പൂരില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന്റെതാണ് തീരുമാനം. അരുണാചലിലെ പാസിഘട്ട് മുതല്‍ ഗുജറാത്തിലെ പോര്‍ബന്തര്‍ വരെയാകും രണ്ടാഘട്ട യാത്ര. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയുള്ള രാഹുല്‍ ഗാന്ധിയുടെ യാത്രക്ക് ലഭിച്ച സ്വീകാര്യതയാണ് രണ്ടാം യാത്രയ്ക്ക് കോണ്‍ഗ്രസിനെ പ്രേരിപ്പിക്കുന്നതെന്ന് നേതാക്കള്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ രണ്ടാംഘട്ട ഭാരത് ജോഡോ യാത്ര കിഴക്ക്- പടിഞ്ഞാറന്‍ മേഖലയിലായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് പറഞ്ഞു. അരുണാചലിലെ പാസിഘട്ട് മുതല്‍ ഗുജറാത്തിലെ പോര്‍ബന്തര്‍ വരെയുള്ള യാത്രയാണ് പരിഗണനയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം ഘട്ട യാത്ര പൂര്‍ണമായും പദയാത്രയാകില്ല. ഒന്നാംഘട്ടത്തിന്റെ അത്ര ദൈര്‍ഘ്യമുണ്ടാകില്ലെന്നും തെരഞ്ഞെടുപ്പുകള്‍ പരിഗണിച്ച് ഈ വര്‍ഷം ജൂണിലോ നവംബറിന് മുന്‍പായോ യാത്ര നടക്കുമെന്നും ജയറാം രമേഷ് പറഞ്ഞു
കോണ്‍ഗ്രസ് ത്യാഗത്തിന്റെ പാര്‍ട്ടിയാണെന്നും ത്യാഗവും പ്രവര്‍ത്തനവും തുടരണമെന്നും രാഹുല്‍ഗാന്ധി പ്ലീനറി സമ്മേളനത്തില്‍ പറഞ്ഞു. നമ്മുടെ വിയര്‍പ്പും രക്തവും ഉപയോഗിച്ച് ഒരു പരിപാടി ഉണ്ടാക്കിയാല്‍, രാജ്യം മുഴുവന്‍ നമ്മോടൊപ്പം അണിചേരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് പാര്‍ട്ടി മുന്‍ അധ്യക്ഷ സോണിയ ഗാന്ധി രാഷ്ട്രീയരംഗത്ത് നിന്ന് വിരമിക്കുന്നില്ലെന്ന് പാര്‍ട്ടി നേതാവ് അല്‍ക്ക ലാംബ പറഞ്ഞു. ഭാരത് ജോഡോ യാത്രയോടെ തന്റെ ഇന്നിങ്സ് അവസാനിക്കുന്നതായി ശനിയാഴ്ച ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് പ്ലീനറി യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ സോണിയ ഗാന്ധി സൂചിപ്പിച്ചിരുന്നു. എന്നാല്‍ രാഷ്ട്രീയരംഗത്ത് നിന്ന് വിരമിക്കുന്നില്ലെന്നും പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് മാര്‍ഗദര്‍ശിയായി തുടരുമെന്നും സോണിയ ഗാന്ധി വ്യക്തമാക്കിയതായി റായ്പുരില്‍ നടക്കുന്ന പ്ലീനറി സമ്മേളനത്തില്‍ സംസാരിക്കവെ അല്‍ക്ക ലാംബ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ ത്രികോണപ്രണയം; സഹപാഠിയെ കൊലപ്പെടുത്തി ഹൃദയം മുറിച്ചുമാറ്റി; ചിത്രം കാമുകിക്ക് അയച്ചുകൊടുത്തു; 22കാരന് പൊലീസില്‍ കീഴടങ്ങി
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates