ന്യൂഡല്‍ഹി: ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സിഒ) ആദ്യ സിവിലൈസേഷന്‍ ഡയലോഗ് ഫോറത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം മുന്‍നിരയില്‍ പാകിസ്ഥാന്‍ മന്ത്രി ഇരുന്നതിനെച്ചൊല്ലി ബിജെപിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത്. പാക് കാലാവസ്ഥാ വകുപ്പ് മന്ത്രി മുസാദിഖ് മാലിക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഒരേ നിരയില്‍ ഇരുന്നത്. ഇതിന്റെ ചിത്രം പങ്കുവെച്ചാണ് കോണ്‍ഗ്രസ് കേന്ദ്രത്തിനെതിരെ രംഗത്തെത്തിയത്.
'അടുത്തതായി അദ്ദേഹത്തിന് ബിരിയാണി വിളമ്പുകയും താജ്മഹലിലേക്ക് ടൂര്‍ കൊണ്ടുപോകുകയും ചെയ്യും' എന്ന പരിഹാസത്തോടെയാണ് കോണ്‍ഗ്രസ് ബിജെപിയെ വിമര്‍ശിച്ചത്. ഇന്ത്യയ്‌ക്കെതിരെ ഭീഷണി മുഴക്കിയ വ്യക്തിയെ പ്രധാനമന്ത്രിക്കൊപ്പം ഇരുത്തിയതിനെയും പാകിസ്ഥാനോടുള്ള കേന്ദ്രസര്‍ക്കാരിന്റെ സമീപനത്തെയുമാണ് കോണ്‍ഗ്രസ് ചോദ്യം ചെയ്തത്.
പാകിസ്ഥാന്റെ ജലസ്രോതസ്സുകള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നവരുടെ കൈകള്‍ വെട്ടുമെന്ന തരത്തില്‍ നേരത്തെ ഭീഷണി മുഴക്കിയ വ്യക്തിയാണ് മുസാദിഖ് മാലിക്കെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ പാകിസ്ഥാനാണെന്ന ആരോപണവും പാര്‍ട്ടി ആവര്‍ത്തിച്ചു. പാകിസ്ഥാനെതിരെ കടുത്ത നിലപാട് സ്വീകരിക്കുമെന്ന് പറയുന്ന ബിജെപി സര്‍ക്കാര്‍ ഇപ്പോള്‍ പാക് പ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കുകയാണെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു.
നവംബര്‍ 20 മുതല്‍ 22 വരെ ന്യൂഡല്‍ഹിയിലാണ് ആദ്യ എസ്‌സിഒ സിവിലൈസേഷന്‍ ഡയലോഗ് ഫോറം നടക്കുന്നത്. പാകിസ്ഥാന്‍ ഉള്‍പ്പെടെ എസ്‌സിഒയിലെ പത്ത് അംഗരാജ്യങ്ങളെയും പരിപാടിയിലേക്ക് ഇന്ത്യ ക്ഷണിച്ചിരുന്നു. പാകിസ്ഥാന്റെ പ്രതിനിധിയായാണ് മുസാദിഖ് മാലിക് ഇന്ത്യയിലെത്തിയത്.
അതേസമയം, പാകിസ്ഥാന് പ്രത്യേക ക്ഷണം നല്‍കിയിട്ടില്ലെന്നും എസ്‌സിഒയിലെ എല്ലാ അംഗരാജ്യങ്ങള്‍ക്കും ക്ഷണം നല്‍കിയതാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ബഹുരാഷ്ട്ര സംഘടനയുടെ ചട്ടക്കൂടിലുള്ള പരിപാടിയാണിതെന്നും മന്ത്രാലയം വിശദീകരിച്ചു. കോണ്‍ഗ്രസിന്റെ വിമര്‍ശനങ്ങളെ ബിജെപി നേതാവ് നളിന്‍ കോഹ്ലി തള്ളി. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ മാറ്റമില്ലെന്നും ഭീകരവാദം തുടരുന്നിടത്തോളം പാകിസ്ഥാനുമായി ചര്‍ച്ചകള്‍ സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്ഥാന്റെ ഭീകരവാദ നിലപാടില്‍ മാറ്റമുണ്ടായിട്ടില്ലെന്നായിരുന്നു കോണ്‍ഗ്രസ് എംപി മനീഷ് തിവാരിയുടെ പ്രതികരണം. അതേസമയം, പാകിസ്ഥാനുമായുള്ള ബന്ധത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നയം വ്യക്തമല്ലെന്ന് മുന്‍ വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദും വിമര്‍ശിച്ചു. പ്രധാനമന്ത്രി മോദി ഭീകരവാദവും ചര്‍ച്ചയും ഒരുമിച്ച് മുന്നോട്ടുപോകില്ലെന്ന് പറയുമ്പോഴും പാക് പ്രതിനിധികളെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നത് ഇരട്ടത്താപ്പാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates