ന്യൂഡൽഹി: രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ, സംസ്ഥാനാന്തര യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിനെക്കുറിച്ച് കേന്ദ്രസർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. ട്രെയിൻ, വിമാന സർവീസുകളിൽ നിയന്ത്രണം വേണോ എന്ന കാര്യമാണ് പരിശോധിക്കുന്നത്.
രാജ്യത്തെ കോവിഡ് സ്ഥിതി വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ അടിയന്തര യോഗം വിളിച്ചിരുന്നു. ഇതിൽ റെയിൽവേ ബോർഡ് ചെയർമാനും വ്യോമയാന സെക്രട്ടറിയും പങ്കെടുത്തു. ദേശീയതലത്തിൽ ലോക്ഡൗൺ ഉണ്ടാകില്ലെന്ന് ആവർത്തിക്കുമ്പോഴും ആഭ്യന്തര വിമാന യാത്രയും സംസ്ഥാനാന്തര യാത്രകളും നിയന്ത്രിക്കണമെന്ന വിലയിരുത്തൽ കേന്ദ്രത്തിനുണ്ടെന്നാണ് റിപ്പോർട്ടുകൾ.
നിലവിലെ സ്ഥിതി നേരിടാൻ തീവ്ര നിയന്ത്രണം ഉറപ്പാക്കാൻ പ്രധാനമന്ത്രി വിവിധ മന്ത്രാലയങ്ങൾക്കു നിർദേശം നൽകി. പ്രത്യേകിച്ചും, വ്യാപനം കൂടുതലുള്ള പ്രധാന നഗരങ്ങൾക്കിടയിലെ യാത്രയ്ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയേക്കും. സംസ്ഥാനാന്തര യാത്രകൾക്കു വിലക്കു പാടില്ലെന്നതാണ് നിലവിലെ നിർദേശം.
കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായി ഇന്ന് ചർച്ച നടത്തും. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകനയോഗത്തിലെ നിർദ്ദേശങ്ങൾ സംബന്ധിച്ചും ചർച്ച നടക്കും.
ഡൽഹിയിൽ റെഡ് അലർട്ട് ഏർപ്പെടുത്തണോ എന്നതിൽ തീരുമാനമെടുക്കാൻ ദുരന്തനിവാരണ അതോറിറ്റി ഇന്ന് യോഗം ചേരും. രാജ്യത്തെ കോവിഡ് സ്ഥിതിഗതികൾ സംബന്ധിച്ചു മുഖ്യമന്ത്രിമാരുമായും പ്രധാനമന്ത്രി ചർച്ച നടത്തും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates