ന്യൂഡൽഹി: സുനന്ദ പുഷ്‌കർ ദുരൂഹ മരണക്കേസിൽ ഭർത്താവും എംപിയുമായ ശശി തരൂർ വിചാരണ നേരിടണോ എന്ന് ഇന്നറിയാം. തരൂരിനെതിരെ കുറ്റം ചുമത്തുന്നതിൽ ഡൽഹി റോസ് അവന്യൂ കോടതി ഇന്ന് വിധി പറയും. ആത്മഹത്യ പ്രേരണാ കുറ്റമോ, കൊലക്കുറ്റമോ ചുമത്തണമെന്നതാണ് പ്രോസിക്യൂഷൻ നിലപാട്. മരണ കാരണം പോലും കണ്ടെത്താൻ കഴിയാത്ത കേസ് അവസാനിപ്പിക്കണമെന്നാണ് ശശി തരൂരിന്റെ ആവശ്യം.
ഐ.പി.സി 306 ആത്മഹത്യ പ്രേരണ, 498എ ഗാർഹിക പീഡനം എന്നീകുറ്റങ്ങളാണ് ശശി തരൂരിനെതിരെ കുറ്റപത്രത്തിൽ ചേർത്തിരിക്കുന്നത്. കുറ്റക്കാരനെന്ന് തെളിഞ്ഞാൽ പത്ത് വർഷം വരെ തടവ് ലഭിക്കാം.
ആത്മഹത്യ പ്രേരണാക്കുറ്റത്തിനാണ് കേസെങ്കിലും കൊലപാതകത്തിനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്നാണ് വാദത്തിനിടെ പൊലീസ് പറഞ്ഞത്. തനിക്കെതിരെ തെളിവുകൾ ഇല്ല. മരണ കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും സുനന്ദയ്ക്ക് സംഭവിച്ചത് അപകട മരണമാകാമെന്നും ശശി തരൂർ വാദിച്ചു.
2014 ജനുവരി പതിനേഴിനായിരുന്നു ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടൽ മുറിയിൽ സുനന്ദയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം കൊലപാതമാണെന്ന് അവകാശപ്പെട്ടെങ്കിലും തെളിവുകൾ കണ്ടെത്താൻ പൊലീസിനായില്ല. ഒടുവിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചേർത്ത് 2018 മെയ് 15ന് കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates