പ്രതീകാത്മക ചിത്രം AI Generated Image
India

ജോലിയില്ലെന്ന് പറഞ്ഞ് കുടുംബ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ല -ഡല്‍ഹി കോടതി

കുടുംബത്തിന്റെ പരിപാലനച്ചെലവ് വഹിക്കേണ്ട ബാധ്യത ഭര്‍ത്താവിനുണ്ടെന്നും, ജോലി ഇല്ലെന്ന വാദം അതിന് ന്യായീകരണമാകില്ലെന്നും കോടതി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Bijeesh

ന്യൂഡല്‍ഹി: ജോലിയില്ലാത്തയാളാണെന്ന കാരണത്താല്‍ ഭാര്യയെയും മക്കളെയും സംരക്ഷിക്കാനുള്ള നിയമപരമായ ഉത്തരവാദിത്തത്തില്‍ നിന്ന് ഭര്‍ത്താവിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് ഡല്‍ഹി അഡീഷനല്‍ സെഷന്‍സ് കോടതി. കുടുംബത്തിന്റെ പരിപാലനച്ചെലവ് വഹിക്കേണ്ട ബാധ്യത ഭര്‍ത്താവിനുണ്ടെന്നും, ജോലി ഇല്ലെന്ന വാദം അതിന് ന്യായീകരണമാകില്ലെന്നും കോടതി നിരീക്ഷിച്ചു. അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഷീതല്‍ ചൗധരി പ്രധാന്‍ അധ്യക്ഷയായ ബെഞ്ചിന്റേതാണ് നിരീക്ഷണം. ഗാര്‍ഹിക പീഡന നിയമപ്രകാരം നല്‍കിയ കേസില്‍ വിചാരണ കോടതിയുടെ ഉത്തരവിനെതിരെ ഭാര്യ നല്‍കിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി.

കേസില്‍, ഭര്‍ത്താവ് ജോലി ഇല്ലെന്നും മറ്റ് സാമ്പത്തിക ബാധ്യതകളുണ്ടെന്നും വാദിച്ചിരുന്നു. എന്നാല്‍ അത് ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകനെയും പരിപാലിക്കാനുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കില്ലെന്ന് കോടതി വ്യക്തമാക്കി. സ്വന്തം ചെലവുകള്‍ നിയന്ത്രിക്കേണ്ടത് ഭര്‍ത്താവിന്റെ ഉത്തരവാദിത്തമാണ്. തൊഴിലില്ലായ്മയോ മറ്റ് ബാധ്യതകളോ ചൂണ്ടിക്കാട്ടി ഭാര്യയെയും മകനെയും സംരക്ഷിക്കേണ്ട കടമ ഒഴിവാക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. ഭര്‍ത്താവ് ആരോഗ്യവാനായ, ജോലി ചെയ്യാനാകുന്ന വ്യക്തിയാണെന്നും അതിനാല്‍ വരുമാനം കണ്ടെത്താന്‍ ശേഷിയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. മകന് പ്രായപൂര്‍ത്തിയാകുന്നതുവരെ പ്രതിമാസം 6,000 രൂപ ജീവനാംശമായി നല്‍കാന്‍ കോടതി ഉത്തരവിട്ടു.

2013ലാണ് ദമ്പതികളുടെ വിവാഹം നടന്നത്. വിവാഹശേഷം യുവതിയെ സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചെന്നും ശാരീരികവും മാനസികവുമായി ഉപദ്രവിച്ചെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. ഗര്‍ഭിണിയായിരിക്കെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് പുറത്താക്കിയതായും 2015 മുതല്‍ മകനോടൊപ്പം വേര്‍പിരിഞ്ഞ് താമസിക്കുകയാണെന്നും അവര്‍ കോടതിയെ അറിയിച്ചു. വിചാരണ കോടതി 2025ല്‍ യുവതിയുടെ ഗാര്‍ഹിക പീഡന പരാതി തള്ളിയതോടെ മേല്‍ക്കോടതിയെ സമീപിക്കുകയായിരുന്നു. അപ്പീല്‍ കോടതി മകന്റെ പരിപാലനവുമായി ബന്ധപ്പെട്ട വിഷയം പ്രത്യേകം പരിഗണിച്ചു. 2015 മുതല്‍ മകന്റെ ചെലവുകള്‍ക്കായി ഭര്‍ത്താവ് യാതൊരു സാമ്പത്തിക സഹായവും നല്‍കിയിട്ടില്ലെന്ന് കോടതി കണ്ടെത്തി.

ഭാര്യ വിദ്യാഭ്യാസമുള്ള വ്യക്തിയായതിനാല്‍ ജീവനാംശത്തിന് അര്‍ഹയല്ലെന്ന ഭര്‍ത്താവിന്റെ വാദവും കോടതി തള്ളി. വരുമാനം നേടാന്‍ കഴിവുണ്ടെന്നതും യഥാര്‍ത്ഥത്തില്‍ വരുമാനം ലഭിക്കുന്നതും രണ്ട് വ്യത്യസ്ത കാര്യങ്ങളാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഭാര്യയ്ക്ക് സ്വയം ജീവിക്കാനും മകനെ വളര്‍ത്താനും മതിയായ വരുമാനമുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ ഭര്‍ത്താവ് സമര്‍പ്പിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. കുടുംബ നിയമവുമായി ബന്ധപ്പെട്ട സമീപകാല വിധികളിലും ഡല്‍ഹി കോടതികള്‍ സമാന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. തൊഴിലില്ലായ്മ, വരുമാനം കുറയുക, അല്ലെങ്കില്‍ സ്വമേധയാ ജോലി ഉപേക്ഷിക്കുക തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഭര്‍ത്താവിന് ജീവനാംശ ബാധ്യത ഒഴിവാക്കാനാവില്ലെന്ന് വിവിധ കോടതികള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

Delhi Court Rules Husband Cannot Cite Unemployment To Evade Family Duty

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എന്‍ പ്രശാന്തും ബി അശോകും തിരികെ സര്‍വീസിലേക്ക്; സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

എല്ലാം പരിഹരിച്ചെന്ന് ശിവകുമാര്‍; രാജി പിന്‍വലിച്ച് രാമലിംഗ റെഡ്ഡി

ഭൂമിയെ കുടിച്ച് വറ്റിക്കാന്‍ എഐ; ഒരു ഡേറ്റ സെന്ററിനു പ്രവര്‍ത്തിക്കാന്‍ ആഫ്രിക്കയിലെ മുഴുവന്‍ ജനത്തിനു വേണ്ടത്ര വെള്ളം വേണം; മുന്നറിയിപ്പുമായി യുഎന്‍

'രക്ഷാപ്രവര്‍ത്തനം': 'കേസ് അട്ടിമറിച്ചത് അജിത് കുമാറിന്റെ നിര്‍ദേശപ്രകാരം'; എസ്‌ഐടിക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് എസ്‌ഐമാര്‍

ശുഭ്മാന്‍ ഗില്ലും തൂക്കി സെഞ്ച്വറി; പന്തും ഫോമിൽ! ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്

SCROLL FOR NEXT