അറസ്റ്റിലായ പാചകക്കാരന്‍, ഹോട്ടലില്‍ തീപിടിച്ചപ്പോഴുള്ള ദൃശ്യം ANI
India

ഡല്‍ഹി ഹോട്ടലിലെ തീപിടിത്തം: 21 പേര്‍ മരിച്ച സംഭവത്തില്‍ പാചകക്കാരന്‍ അറസ്റ്റില്‍

ബുധനാഴ്ച പുലര്‍ച്ചെയാണ് മാളവ്യനഗറിലെ ഹോട്ടലില്‍ വന്‍ തീപിടിത്തമുണ്ടായത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ മാളവ്യനഗറില്‍ 21 പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തവുമായി ബന്ധപ്പെട്ട് ഹോട്ടലിലെ പാചകക്കാരനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. വിദേശികള്‍ ഉള്‍പ്പെടെ മരിച്ച സംഭവത്തില്‍, പാചകക്കാരന്റെ അശ്രദ്ധയാണ് തീപിടിത്തത്തിന് കാരണമെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ മറ്റ് ചിലരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ബുധനാഴ്ച പുലര്‍ച്ചെയാണ് മാളവ്യനഗറിലെ ഫ്‌ളറിഷ് സ്റ്റേ ബിഎന്‍ബി ഹോട്ടലില്‍ വന്‍ തീപിടിത്തമുണ്ടായത്. 17 വിദേശികള്‍ ഉള്‍പ്പെടെ 21 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അന്വേഷണത്തിനിടെ കെട്ടിടത്തില്‍ ഗുരുതര സുരക്ഷാ വീഴ്ചകളും അഗ്‌നിസുരക്ഷാ സംവിധാനത്തില്‍ വലിയ പോരായ്മകളും കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു.

കെട്ടിടത്തിലെ ജനലുകളും ഗ്ലാസ് പാനലുകളും പൂര്‍ണമായും അടച്ചുപൂട്ടിയ നിലയിലായിരുന്നു. ഇതുമൂലം പുകയും ചൂടും പുറത്തേക്ക് പോകാന്‍ യാതൊരു വഴിയും ഉണ്ടായിരുന്നില്ല. കൂടാതെ ബേസ്‌മെന്റിലേക്കുള്ള പ്രവേശന കവാടം അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി. രക്ഷാപ്രവര്‍ത്തകര്‍ക്ക് ബേസ്‌മെന്റിലേക്ക് പ്രവേശിക്കാന്‍ 10 മിനിറ്റ് സമയം വേണ്ടിവന്നതായി റിപ്പോര്‍ട്ടുണ്ട്. ഇത് രക്ഷാപ്രവര്‍ത്തനത്തിനുള്ള വിലപ്പെട്ട സമയമാണ് നഷ്ടപ്പെടുത്തിയത്.

പരിക്കേറ്റ 15 പേര്‍ ഇപ്പോള്‍ സാകേതിലെ മാക്സ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രി പുറത്തിറക്കിയ പ്രസ്താവന പ്രകാരം വെന്റിലേറ്ററില്‍ കഴിയുന്ന രോഗികളുടെ നില മെച്ചപ്പെട്ടു വരികയാണ്. ഏതാനും പേര്‍ തീവ്രപരിചരണ വിഭാഗത്തിലും ആശുപത്രി വാര്‍ഡുകളിലുമായി ചികിത്സയില്‍ തുടരുകയാണ്. ഇവരുടെ ആരോഗ്യനിലയിലും പുരോഗതിയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ഹോട്ടലിന്റെ ഉടമ ലവ്‌കേഷ് ബജാജ്, സ്വീറ്റി സര്‍ക്കാര്‍, പുഷ്‌പോ സര്‍ക്കാര്‍ എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണം പൂര്‍ത്തിയാക്കി പ്രതികള്‍ക്കെതിരെ കോടതിയില്‍ കുറ്റപത്രവും സമര്‍പ്പിച്ചിട്ടുണ്ട്. ഉടമ ലവ്‌കേഷ് ബജാജിനെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. കെട്ടിടത്തിലെ സുരക്ഷാ വീഴ്ചകളാണ് മരണസംഖ്യ വര്‍ധിക്കാന്‍ കാരണമായതെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Delhi Police arrests hotel cook in Malaviya Nagar fire that claimed 21 lives

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്റെ സഹോദരനെ ഭയപ്പെടുത്താനാകില്ല'; രാഹുലിനെയും പ്രിയങ്കയെയും വിട്ടയച്ചു, കസ്റ്റഡിയില്‍ മൂന്ന് മണിക്കൂര്‍- വിഡിയോ

Today's Rashi Phalam July 22 | പുതിയ അവസരങ്ങൾ പ്രയോജനപ്പെടുത്തും

കേന്ദ്ര സര്‍ക്കാരിന്റേത് ഭീതിയുടെ രാഷ്ട്രീയം, രാഹുല്‍ ഉയര്‍ത്തുന്ന ശബ്ദം ജനങ്ങളുടെ വികാരം: മുഖ്യമന്ത്രി

നേതാക്കളുടെ അറസ്റ്റില്‍ സംസ്ഥാനത്താകെ കോണ്‍ഗ്രസ് പ്രതിഷേധം; കണ്ണൂരിലും ആലപ്പുഴയിലും ട്രെയിന്‍ തടഞ്ഞു

ഓണസമ്മാനം; ബംഗളൂരു - എറണാകുളം റൂട്ടില്‍ സ്‌പെഷ്യല്‍ സര്‍വീസ് പ്രഖ്യാപിച്ച് റെയില്‍വേ