രമേഷ് - നിഹാരിക SM ONLINE
India

എട്ടു കോടി നല്‍കിയില്ല; കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ കൊലപ്പെടുത്തി; 800 കിലോമീറ്റര്‍ അകലെ കൊണ്ടുപോയി കത്തിച്ചു; തെളിവായത് ചുവന്ന ബെന്‍സ് കാര്‍

29കാരിയായ ഭാര്യ നിഹാരികയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ്

സമകാലിക മലയാളം ഡെസ്ക്

ബംഗളരു; തെലങ്കാനയിലെ വ്യവസായിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യയും കാമുകനും സുഹൃത്തും പിടിയില്‍. കര്‍ണാടകയിലെ കുടകില്‍ വച്ച് ഒക്ടോബര്‍ എട്ടിനാണ് വ്യവസായിയായ രമേഷിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ പൊലീസ് കണ്ടെത്തിയത്. 29കാരിയായ ഭാര്യ നിഹാരികയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. നിഹാരികയും അവരുടെ കാമുകനായ വെറ്ററിനറി ഡോക്ടര്‍ നിഖിലും സുഹൃത്ത് അങ്കുറും ചേര്‍ന്നാണ് കൊല നടത്തിയതെന്നും കോടികളുടെ സ്വത്ത് തട്ടിയെടുക്കുകയായിരുന്നു അവരുടെ ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു.

കുടകിലെ തേയില തോട്ടത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായതിനാലും കൊലപാതകത്തിന്റെ ഒരു തെളിവും സംഭവസ്ഥലത്ത് ഇല്ലാത്തതിനാലും പ്രതികളെ കണ്ടെത്തുകയെന്നത് കുടക് പൊലീസിന് ഏറെ ദുഷ്‌കരമായിരുന്നു. 500ലധികം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിനിടെ ഒരു റെഡ് ബെന്‍സ് കാര്‍ കണ്ടെത്തിയതാണ് അന്വേഷണത്തില്‍ നിര്‍ണായകമായതെന്ന് പൊലീസ് പറയുന്നു.

മൂന്നാഴ്ചകള്‍ക്ക് മുന്‍പാണ് തെലങ്കാന വ്യവസായിയായ 54 രമേഷിനെ കാണാതാവുന്നത്. തുടര്‍ന്ന് ഭര്‍ത്താവിനെ കാണാനില്ലെന്ന് കാണിച്ച് നിഹാരിക പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. അതിനിടെയാണ് കുടകിലെ കാപ്പിത്തോട്ടത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ ഒരു അജ്ഞാത മൃതദേഹം പൊലീസ് കണ്ടെത്തിയത്. മൃതേദേഹം തിരിച്ചറിയാനുള്ള ശ്രമം പരാജയപ്പെട്ടതോടെ പൊലിസ് അതുവഴി കടന്നുപോയ വാഹനങ്ങള്‍ പരിശോധിക്കാന്‍ തുടങ്ങി. അതിനിടെ ഒരു ചുവന്ന മെഴ്സിഡസ് ബെന്‍സ് അവരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഈ കാര്‍ രമേഷ് എന്നയാളുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തതെന്ന് കണ്ടെത്തി. കുടക് പൊലീസ് തെലങ്കാന പൊലീസുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഭാര്യ നിഹാരികയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കുറ്റം സമ്മതിച്ച പ്രതി കാമുകനായ നിഖിലിന്റെയും അങ്കുറിന്റെയും സഹയാത്തോടെയാണ് കൃത്യം നടത്തിയതെന്ന് മൊഴി നല്‍കി.

രമേഷുമായി നിഹാരികയുടേത് രണ്ടാംവിവാഹമാണെന്ന് പൊലീസ് പറഞ്ഞു. പതിനാറു വയസ്സുള്ളപ്പോള്‍ നിഹാരികയുടെ അച്ഛന്‍ മരിച്ചു. അവളുടെ അമ്മ വീണ്ടും വിവാഹം കഴിച്ചു. പഠനത്തില്‍ മികവ് പുലര്‍ത്തിയ അവള്‍ എഞ്ചിനീയറിങ് പൂര്‍ത്തിയാക്കി ജോലിയില്‍ പ്രവേശിച്ചു. തുടര്‍ന്ന് വിവാഹം കഴിച്ച നിഹാരിക ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു. ഹരിയാനയില്‍ ജോലി ചെയ്യുന്നതിനിടെ സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്ന് നിഹാരിക ജയിലിലായി. അവിടെ വച്ചാണ അങ്കുറിനെ പരിചയപ്പെടുന്നതെന്ന് പൊലീസ് പറഞ്ഞു.

ജയില്‍ മോചിതയായതിന് പിന്നാലെയാണ് നിഹാരിക വ്യവസായിയായ രമേശിനെ വിവാഹം കഴിച്ചു. രമേശിന്റെതും രണ്ടാം വിവാഹമായിരുന്നു. വ്യവസായിയുമായുള്ള വിവാഹത്തോടെ നിഹാരിക ആഢംബര ജീവിതം തുടര്‍ന്നു. അതിനിടെ രമേഷിനോട് നിഹാരിക എട്ടുകോടി ആവശ്യപ്പെട്ടു. എന്നാല്‍ അത് നല്‍കാനാവില്ലെന്ന് രമേഷ് പറഞ്ഞതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. നിഹാരികയും കാമുകനായ നിഖിലും തമ്മില്‍ വിവാഹേതര ബന്ധം തുടര്‍ന്നിരുന്നു. പണം നിരസിച്ചതോടെ മൂവരും ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തതായി പൊലീസ് പറഞ്ഞു.

ഒക്ടോബര്‍ ഒന്നിന് ഹൈദരബാദിലെ ഉപ്പലില്‍ വച്ചാണ് മൂവരും ചേര്‍ന്ന് വ്യവസായിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. അതിന് പിന്നാലെ പ്രതികള്‍ ബംഗളുരുവിലേക്ക് പോയി. ഉപ്പലില്‍ നിന്ന് 800 കിലോ മീറ്റര്‍ അകലെയുള്ള കുടകിലുള്ള ഒരു കാപ്പിത്തോട്ടത്തില്‍ മൃതദേഹം കത്തിച്ച ശേഷം മൂവരും ഹൈദരബാദിലേക്ക് മടങ്ങുകയും ചെയ്തു, അതിന് പിന്നാലെ ഭര്‍ത്താവിനെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു

മൃതദേഹം പൂര്‍ണ്ണമായി കത്തിനശിച്ചതിനാല്‍ ഇതൊരു വെല്ലുവിളി നിറഞ്ഞ കേസായിരുന്നെന്ന് കുടക് പൊലീസ് മേധാവി രാമരാജന്‍ പറഞ്ഞു. 'പരാതി രജിസ്റ്റര്‍ ചെയ്യുന്നതിന് 3-4 ദിവസം മുമ്പാണ് മൃതദേഹം കത്തിച്ചതെന്ന് ഞങ്ങള്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ നിഹാരിക, 28 വയസ്സുള്ള വെറ്ററിനറി ഡോക്ടര്‍ നിഖില്‍, അങ്കുര്‍ എന്നിവരെ അറസ്റ്റ് ചെയ്തതായും കേസിലെ ഒന്നാം പ്രതി നിഹാരികയാണെന്നും അദ്ദേഹം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ഇന്ത്യയ്ക്ക് ലോകകിരീടം, ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ നില ​ഗുരുതരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'കുടുംബവാഴ്ച നേതൃത്വത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നു'; നെഹ്‌റു കുടുംബത്തെ നേരിട്ട് വിര്‍ശിച്ച് തരൂര്‍

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

SCROLL FOR NEXT