ബംഗളൂരു: ധർമ്മസ്ഥല കേസിൽ ആറ് പ്രതികൾക്കെതിരെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ (ബിഎൽഎസ്എസ്) സെക്ഷൻ 215 പ്രകാരം ബെൽത്തങ്ങാടി കോടതിയിലാണ് റിപ്പോട്ട് സമർപ്പിച്ചത്. പരാതിക്കാരനായ സാക്ഷി ചിന്നയ്യ, മഹേഷ് ഷെട്ടി, ഗിരീഷ് മത്തണ്ണാവർ, ടി ജയന്ത്, വിട്ടൽ ഗൗഡ, സുജാത എന്നിവരടക്കം ആറ് പേരെയാണ് പ്രതികളായി ചേർത്തിരിക്കുന്നത്.
3,900 പേജുകളുള്ളതാണ് കുറ്റപത്രം. വ്യാജ രേഖ ചമയ്ക്കൽ, വ്യാജ തെളിവുകൾ നൽകൽ, മറ്റ് കുറ്റകൃത്യങ്ങളടക്കം പ്രതികൾക്കെതിരെ ചുമത്തിയാണ് റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത്.
മൃതദേഹങ്ങൾ കൈകാര്യ ചെയ്ത രീതിയും ശവസംസ്കാരത്തിലേക്ക് നയിച്ച സാഹചര്യങ്ങളേയും കുറിച്ച് വ്യാപകമായ ആശങ്കകളും ചോദ്യങ്ങളും ഉയർത്തിയ ധർമ്മസ്ഥല കൂട്ട ശവസംസ്കാരവുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ് കേസിലേക്ക് നയിച്ചത്. പൊരുത്തക്കേടുകൾ പുറത്തു വന്നതും പൊതുജന സമ്മർദ്ദം ശക്തമായി ഉയർന്നതോടെയുമാണ് കേസ് പ്രത്യോക അന്വേഷണ സംഘത്തിനു കൈമാറിയത്.
കഴിഞ്ഞ നാല് മാസത്തിനിടെ സംഭവങ്ങളുടെ ക്രമം നിർണയിച്ച്, സംഭവത്തിൽ ഉൾപ്പെട്ടെന്നു കരുതുന്ന ഓരോ വ്യക്തിയുടേയും പങ്ക് വ്യക്തമാക്കുന്നതിനുമായി എസ്ഐടി സാക്ഷി മൊഴികളും ഡിജിറ്റൽ, സാഹചര്യത്തെളിവുകളും പരിശോധിച്ചു. പല തവണകളായി ചോദ്യം ചെയ്യലുകളും നടത്തി.
സാങ്കേതിക, ശാസ്ത്രീയ തെളിവുകൾക്കായി അന്വേഷണ സംഘം ഫോറൻസിക് ഏജൻസികളെ സമീപിച്ചിട്ടുണ്ട്. ഇതടക്കം കിട്ടിയ ശേഷം അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് വിവരം. നിലവിൽ സമർപ്പിച്ചിരിക്കുന്ന കുറ്റപത്രം അതിനാൽ തന്നെ പ്രാഥമിക റിപ്പോർട്ടായാണ് പരിഗണിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates