ധർമസ്ഥലയിലെ തെളിവെടുപ്പ് ( Dharmasthala mass burial case ) 
India

യുവതിയുടേതെന്ന് പറഞ്ഞ് നല്‍കിയ തലയോട്ടി പുരുഷന്റേത്, മറ്റൊരിടത്തു നിന്നും 'സംഘടിപ്പിച്ച'തെന്ന് മൊഴി; ധര്‍മസ്ഥലയില്‍ പൊലീസിന്റെ കണ്ടെത്തല്‍

ധര്‍മസ്ഥലയില്‍ നൂറിലേറെ മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്നായിരുന്നു ശുചീകരണ തൊഴിലാളിയായ ചിന്നയ്യയുടെ വെളിപ്പെടുത്തല്‍

സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു : ധര്‍മസ്ഥലയില്‍ കൊലപാതക പരമ്പരകള്‍ നടന്നെന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് കണ്ടെത്തി പ്രത്യേക അന്വേഷണ സംഘം. ധര്‍മസ്ഥല ക്ഷേത്രത്തിലെ മുന്‍ ശുചീകരണ തൊഴിലാളി സി എന്‍ ചിന്നയ്യയുടെ വെളിപ്പെടുത്തലാണ് രാജ്യത്തെ ഞെട്ടിച്ചത്. ഇതിനു പിന്നാലെ ധര്‍മ സ്ഥലയിലെ ക്ഷേത്രത്തിലെത്തിയ മകളെ കാണാനില്ലെന്ന പരാതിയുമായി സുജാത ഭട്ടെന്ന വയോധിക രംഗത്തെത്തിയതും ആരോപണത്തിന് തീവ്രത വര്‍ധിപ്പിച്ചു.

ധര്‍മസ്ഥലയില്‍ മഞ്ജുനാഥ ക്ഷേത്രം അധികാരികളുടെ ഭീഷണിക്കു വഴങ്ങി നൂറിലേറെ മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്നായിരുന്നു ശുചീകരണ തൊഴിലാളിയായ ചിന്നയ്യയുടെ വെളിപ്പെടുത്തല്‍. വിവാദമായതോടെ പ്രത്യേക അന്വേഷണ സംഘത്തെ കര്‍ണാടക സര്‍ക്കാര്‍ നിയോഗിച്ചു. നീണ്ട നാളത്തെ അന്വേഷണത്തിന് ഒടുവിലാണ് ഇരുവരുടേയും ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്. ചിന്നയ്യയുടെ വെളിപ്പെടുത്തലുകള്‍ അന്വേഷിക്കുന്നതിനൊപ്പം അയാളെപ്പറ്റിയും പൊലീസ് സമാന്തരമായി അന്വേഷിച്ചുകൊണ്ടിരുന്നു.

ചിന്നയ്യയുടെ മൊഴിയിലെ വൈരുധ്യവും ഹാജരാക്കിയ തെളിവുകളുമാണ് കൊലപാതക പരമ്പരകളെപ്പറ്റിയുള്ള വാദങ്ങള്‍ പൊളിച്ചത്. ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടേതെന്ന പേരില്‍ ചിന്നയ്യ ഒരു തലയോട്ടി പൊലീസിനു മുന്നില്‍ ഹാജരാക്കിയിരുന്നു. ഇതു പുരുഷന്റെ തലയോട്ടിയാണെന്ന് ഫൊറന്‍സിക് പരിശോധനയില്‍ വ്യക്തമായി. മൃതദേഹങ്ങള്‍ കുഴിച്ചിട്ടതായി ചിന്നയ്യ ചൂണ്ടിക്കാട്ടിയ സ്ഥലങ്ങള്‍ കുഴിച്ചു പരിശോധിക്കുന്നതിനൊപ്പം ഇയാളുടെ താമസ സ്ഥലത്തും പൊലീസ് അന്വേഷണം നടത്തിയിരുന്നു.

കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ യുവതിയുടേതെന്ന് പറഞ്ഞ് കൈമാറിയ തലയോട്ടി, മറ്റൊരിടത്തു നിന്നും സംഘടിപ്പിച്ചതാണെന്ന് ചിന്നയ്യ തുറന്നു പറഞ്ഞു. മനുഷ്യാവശിഷ്ടങ്ങളുടെ ഫൊറന്‍സിക് പരിശോധനാ ഫലങ്ങളും ചിന്നയ്യയുടെ വാദങ്ങള്‍ക്ക് എതിരായിരുന്നു. ഇതോടെ ഇയാളെ അറസ്റ്റു ചെയ്തു. പ്രശസ്തിക്കായാണ് ചിന്നയ്യ ആരോപണം ഉന്നയിച്ചതെന്നാണ് ഭാര്യ പൊലീസിനോട് പറഞ്ഞത്. ചിന്നയ്യയ്ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നും ഭാര്യ പറഞ്ഞു.

1998–2014 കാലഘട്ടത്തിൽ മൃതദേഹങ്ങൾ കുഴിച്ചിട്ടെന്ന ചിന്നയ്യയുടെ വെളിപ്പെടുത്തലിൽ ജൂലൈ 3ന് ആണ് കോടതി നിർദേശ പ്രകാരം അന്വേഷണം ആരംഭിച്ചത്. ജൂലൈ 19ന് അന്വേഷണം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. 17 സ്ഥലങ്ങളിൽ കുഴിച്ചു പരിശോധിച്ചതിൽ രണ്ടിടത്തു നിന്നാണ് അസ്ഥിഭാഗങ്ങൾ കിട്ടിയത്. ഇതിന്റെ ഫൊറൻസിക് റിപ്പോർട്ടും തുടരന്വേഷണത്തിൽ നിർണായകമാകും. അതിനിടെ മകൾ അനന്യ ഭട്ടിനെ കാണാതായെന്ന പരാതി കളവായിരുന്നുന്നെന്ന് വയോധിക സുജാതാ ഭട്ട് വ്യക്തമാക്കി. അങ്ങനെ ഒരു മകളേ തനിക്കില്ലെന്നും, ചിലരുടെ ഭീഷണിക്കു വഴങ്ങിയാണ് പരാതി നൽകിയതെന്നും, ധർമസ്ഥലയോടും ജനങ്ങളോടും ക്ഷമ ചോദിക്കുന്നുവെന്നും സുജാത ഭട്ട് വെളിപ്പെടുത്തിയിരുന്നു.

Special investigation team finds allegations of serial murders in Dharmasthala baseless

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

ക്രൂഡ് ഓയില്‍ മാത്രമല്ല, സണ്‍ഫ്ളവര്‍ ഓയിലും റഷ്യയില്‍നിന്ന്; ഇറക്കുമതിയില്‍ വന്‍ വളര്‍ച്ച

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു | Karunya KR 728 Lottery Result

അതിദാരിദ്ര്യമുക്തം പ്രഖ്യാപനച്ചടങ്ങിന് ചെലവ് ഒന്നരക്കോടി, പണം കണ്ടെത്താന്‍ കുറുക്കുവഴി

അമ്മ കാത്തിരുന്ന് കിട്ടിയ മകന്‍, നിലത്ത് വെക്കാതെയാണ് ശരത്തിനെ വളര്‍ത്തിയത്; ഒരു വര്‍ഷം മുമ്പ് അമ്മയും പോയി; 'ഓട്ടോഗ്രാഫ്' താരത്തെ ഓര്‍ത്ത് ശ്രീക്കുട്ടി

SCROLL FOR NEXT