ന്യൂഡല്‍ഹി: രാജ്യത്ത് ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍ തടയുന്നതിന്റെ ഭാഗമായി 17,000 വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്ത് ആഭ്യന്തര മന്ത്രാലയം. ആഭ്യന്തര മന്ത്രാലയത്തിന്റെ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്ററാണ് വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ കണ്ടെത്തി ബ്ലോക്ക് ചെയ്തത്. അക്കൗണ്ടുകളില്‍ ഭൂരിഭാഗവും കംബോഡിയ, മ്യാന്‍മര്‍, ലാവോസ്, തായ്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവയാണ്. ഈ അക്കൗണ്ടുകള്‍ സൈബര്‍ തട്ടിപ്പിന് ഉപയോഗിച്ചെന്ന പരാതിയെ തുടര്‍ന്നാണ് നടപടി.
ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി തട്ടിപ്പിനിരയായവര്‍ നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. പരാതികള്‍ പരിശോധിച്ച ശേഷം സംശയാസ്പദമായ അക്കൗണ്ടുകള്‍ കണ്ടെത്തുകയും ഈ നമ്പറുകള്‍ ബ്ലോക്ക് ചെയ്യാന്‍ ആഭ്യന്തര മന്ത്രാലയം വാട്‌സ്ആപ്പിന് നിര്‍ദേശം നല്‍കുകയായിരുന്നു. ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ ഇന്ത്യക്കാരെ കുടുക്കുന്നതില്‍ ഈ അക്കൗണ്ടുകള്‍ സജീവമായി പങ്കെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. 50 ശതമാനത്തിലധികം അക്കൗണ്ടുകളും 2024 ജനുവരി മുതല്‍ ആക്ടീവായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.
ജോലി വാഗ്ദാനം ചെയ്ത് ഇന്ത്യന്‍ പൗരന്മാരെ കംബോഡിയയിലേക്ക് എത്തിക്കുന്ന മനുഷ്യക്കടത്തുകാര്‍ പിന്നീട് ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളും സൈബര്‍ കുറ്റകൃത്യങ്ങളും നടത്താന്‍ നിര്‍ബന്ധിക്കുന്നതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്നാണ റിപ്പോര്‍ട്ടുകള്‍. ഡിജിറ്റല്‍ അറസ്റ്റില്‍ തട്ടിപ്പുകാര്‍ ഉദ്യോഗസ്ഥരായി ആള്‍മാറാട്ടം നടത്തി ആളുകളെ കബളിപ്പിക്കുകയും വലിയ തുകകള്‍ കൈമാറാന്‍ അവരെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യുന്നു. സിബിഐ ഏജന്റുമാരോ, ആദായ നികുതി ഉദ്യോഗസ്ഥരോ, കസ്റ്റംസ് ഏജന്റുമാരോ ആയി ചമഞ്ഞാണ് തട്ടിപ്പുകാര്‍ പ്രത്യക്ഷപ്പെടുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates