കൊച്ചി: പാചകവാതക സിലിൻഡർ കൊണ്ടുപോകുന്ന ഓട്ടോറിക്ഷ ഓടിക്കാനും ഇനി ഹെവി ലൈസൻസ് വേണം. അപകടകരമായ സാധനങ്ങളുമായി വാഹനം ഓടിക്കാൻ പ്രത്യേകാനുമതി (ഹസാഡ്സ് എൻഡോഴ്‌സ്‌മെന്റ്) വേണമെങ്കിൽ ബാഡ്ജ് നിർബന്ധമാണ്. ഹെവി ലൈസൻസുള്ളവർക്കേ ബാഡ്ജ് ലഭിക്കൂ എന്നുള്ളതിനാൽ ഗ്യാസ് ഏജൻസികളിലെ ഓട്ടോറിക്ഷ, മിനിലോറി എന്നിവ ഓടിക്കുന്നവർക്കും ഹെവി ലൈസൻസ് എടുക്കേണ്ടിവരും.
ഗ്യാസ് ഏജൻസികളിൽ വാഹനം ഓടിക്കുന്നവർക്ക് നേരത്തേ ബാഡ്ജ് ഉണ്ടായിരുന്നെങ്കിലും ചെറുവാഹനങ്ങൾ ഓടിക്കാൻ ബാഡ്ജ് വേണ്ടെന്ന സുപ്രീംകോടതി ഉത്തരവിനെത്തുടർന്ന് ഇവരുടെ ബാഡ്ജ് മോട്ടോർവാഹനവകുപ്പ് റദ്ദാക്കിയിരുന്നു. എന്നാൽ ഈ ഇളവ് പാചകവാതകം കൊണ്ടുപോകുന്ന ചെറുവാഹനങ്ങൾക്ക് നൽകിയിട്ടില്ലാത്തതിനാൽ ഇത്തരം വാഹനങ്ങൾ ഓടിക്കുന്നവരും ഹെവി ലൈസൻസ് എടുക്കേണ്ട അവസ്ഥയാണ്.
പെട്രോളിയം, ഗ്യാസ്, കെമിക്കൽ ഉത്‌പന്നങ്ങൾ കൊണ്ടുപോകുന്ന എല്ലാ വാഹന ഡ്രൈവർമാർക്കും പരിശീലനം നിർബന്ധമാണ്. മൂന്നുദിവസത്തെ പരിശീലനം കഴിഞ്ഞ് സർട്ടിഫിക്കറ്റ് ഹാജരാക്കുമ്പോൾ ഇതുസംബന്ധിച്ച വിവരങ്ങൾ ലൈസൻസിൽ ചേർക്കും. മൂന്നുവർഷത്തിലൊരിക്കൽ പരിശീലനം നിർബന്ധമാണ്. ‘സാരഥി’യിൽ ഓട്ടോറിക്ഷയ്ക്ക് പ്രത്യേകം ലൈസൻസ് നൽകുന്നത് നിർത്തിയതിനാൽ ഇവ ഓടിക്കാൻ ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസാണ് വേണ്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates