ന്യൂഡല്‍ഹി: 2005നും 2016നും ഇടയില്‍ നിര്‍മ്മിച്ച ബിഎസ്-3 വാഹനങ്ങളില്‍ ഇ20 പെട്രോള്‍ ഉപയോഗിക്കുമ്പോള്‍ ചില റബ്ബര്‍ ഭാഗങ്ങളും ഗാസ്‌കറ്റുകളും മാറ്റേണ്ടി വന്നേക്കാമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. എന്നാല്‍, എഥനോള്‍ മിശ്രിത ഇന്ധനം വാഹനങ്ങളുടെ മൊത്തത്തിലുള്ള പ്രവര്‍ത്തനക്ഷമതയെ കാര്യമായി ബാധിക്കില്ലെന്ന് വിവിധ പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ടെന്നും മന്ത്രി രാജ്യസഭയില്‍ പറഞ്ഞു.
ഇ20 പെട്രോള്‍ ഉപയോഗിക്കുന്നതിനായി കാറുകളുടെയോ ഇരുചക്രവാഹനങ്ങളുടെയോ എന്‍ജിനുകളില്‍ മാറ്റം വരുത്തേണ്ടതില്ല. വാഹനം ഓടിക്കുന്നതിലും, സ്റ്റാര്‍ട്ട് ചെയ്യുന്നതിലും, ലോഹം/ പ്ലാസ്റ്റിക് ഭാഗങ്ങളുടെ ഉപയോഗത്തിലും തടസ്സങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം, സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ്, ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ എന്നിവ നടത്തിയ പഠനങ്ങളില്‍ ബിഎസ്-6 വാഹനങ്ങള്‍ ഇ20 ഇന്ധനത്തിലും മലിനീകരണ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
2016ന് മുമ്പ് ഇറങ്ങിയ ബിഎസ്-3 വാഹനങ്ങളില്‍ ഇന്ധനവുമായി സമ്പര്‍ക്കത്തില്‍ വരുന്ന ചില റബ്ബര്‍ പാര്‍ട്‌സും ഗാസ്‌കറ്റുകള്‍ക്കും കാലക്രമേണ തേയ്മാനം വരാന്‍ സാധ്യതയുള്ളതിനാല്‍ അവ മാറ്റേണ്ടി വന്നേക്കാം. വാഹനങ്ങളുടെ മൈലേജ് കുറയുന്നത് ഡ്രൈവിങ് രീതി, കൃത്യമായ സര്‍വീസിങ് (ഓയില്‍, എയര്‍ ഫില്‍ട്ടര്‍ മാറ്റല്‍), ടയര്‍ പ്രഷര്‍, എയര്‍ കണ്ടീഷണറിന്റെ ഉപയോഗം തുടങ്ങിയ ഘടകങ്ങളെക്കൂടി ആശ്രയിച്ചായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates