ന്യൂഡല്‍ഹി: രാജ്യത്തിന് മാത്രമല്ല, ലോകത്തിന് മുഴുവനായി കോവിഡ് വാക്‌സിന്‍ ഉല്‍പ്പാദിപ്പിക്കാനുളള കഴിവ് ഇന്ത്യയിലെ മരുന്ന് കമ്പനികള്‍ക്ക് ഉണ്ടെന്ന് പ്രമുഖ വ്യവസായിയും ബില്‍ ആന്റ് മെലിന്ദ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ ട്രസ്റ്റിയുമായ ബില്‍ ഗേറ്റ്‌സ്. കോവിഡ് വാക്‌സിന്‍ നിര്‍മ്മാണത്തില്‍ ഇന്ത്യ സുപ്രധാനമായ പങ്കാണ് വഹിക്കുന്നത്. നിര്‍മ്മാണത്തില്‍ മുന്‍കൈ എടുത്തതിന് പുറമേ മറ്റു വികസ്വര രാജ്യങ്ങള്‍ക്ക് മരുന്ന് വിതരണം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. ആഗോളതലത്തില്‍ കോവിഡിനെ നിയന്ത്രണവിധേയമാക്കുന്നതില്‍ ഇന്ത്യ നിര്‍ണായക പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കാമെന്നും ബില്‍ ഗേറ്റ്‌സ് പറഞ്ഞു.പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മരുന്ന് മേഖലയില്‍ ഇന്ത്യയുടെ പങ്ക് ബില്‍ ഗേറ്റ്‌സ് വരച്ചു കാണിച്ചത്.
വാക്‌സിന്‍ പുറത്തുവരുന്നതോടെ, ഇന്ത്യയില്‍ നിന്ന് വലിയ തോതിലുളള ഉല്‍പ്പാദനമാണ് ലോകം ഉറ്റുനോക്കുക. അടുത്ത വര്‍ഷം വാക്‌സിന്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷ. വാക്‌സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെങ്കില്‍ ഇന്ത്യയില്‍ നിന്ന് വേഗത്തില്‍ വാക്‌സിന്‍ ലഭ്യമാക്കാനുളള വഴികളെ കുറിച്ചാണ് ലോകരാജ്യങ്ങള്‍ ആലോചിക്കുന്നത്. മറ്റു വികസ്വര രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കാനുളള ഇന്ത്യയുടെ ഉല്‍പ്പാദന ശേഷിയെ സംബന്ധിച്ച് ലോകരാജ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ടെന്നും ബില്‍ ഗേറ്റ്‌സ് പറഞ്ഞു.
പല വാക്‌സിന്‍ പരീക്ഷണങ്ങളും അന്തിമ ഘട്ടത്തിലേക്ക് കടന്നിട്ടുണ്ട്. ഇതൊരു ലോക മഹായുദ്ധമല്ല. എന്നാല്‍ ഇതിനേക്കാള്‍ പ്രയാസപ്പെട്ട കാലത്തിലൂടെയാണ് ലോകം നീങ്ങുന്നതെന്നും ബില്‍ ഗേറ്റ്‌സ് പറഞ്ഞു. ഇന്ത്യയില്‍ കോവിഡ് വാക്‌സിന്റെ ഉല്‍പ്പാദനവും വിതരണവും വേഗത്തിലാക്കാന്‍ സിറം ഇന്‍സ്റ്റിറ്റിയൂട്ടുമായി ബില്‍ ആന്റ് മെലിന്ദ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ ധാരണയില്‍ എത്തിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates