ന്യൂഡല്‍ഹി: തൊഴിലിനും വിദ്യാഭ്യാസത്തിനും ഹിന്ദി പ്രാവീണ്യം നിര്‍ബന്ധമാക്കണമെന്ന് ഔദ്യോഗികഭാഷാ പാര്‍ലമെന്ററികാര്യസമിതി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അധ്യക്ഷനായ സമിതി ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് കൈമാറി. കേന്ദ്ര സര്‍വകലാശാലകള്‍, സ്‌കൂളുകള്‍, മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ ആശയവിനിമയവും നടപടിക്രമങ്ങളുമടക്കം പൂര്‍ണമായും ഹിന്ദിയിലാക്കണമെന്നാണ് ആവശ്യം. ഇത്തരത്തില്‍ 112 ശുപാര്‍ശകളാണ് റിപ്പോര്‍ട്ടിലുള്ളത്.
കേന്ദ്രസര്‍ക്കാര്‍ ജോലികളിലേക്കുള്ള പരീക്ഷകളില്‍ ഇംഗ്ലീഷിനുപകരം ഹിന്ദി നിര്‍ബന്ധമാക്കണം. ചോദ്യപേപ്പര്‍ ഹിന്ദിയിലാകണം. നിയമനത്തില്‍ ഹിന്ദി പ്രവീണ്യമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കണം.ഓഫീസുകളില്‍ അത്യാവശ്യത്തിനുമാത്രം ഇംഗ്ലീഷ് ഉപയോഗിക്കണം. കാലക്രമേണ ഇതും ഹിന്ദിയിലേക്ക് മാറ്റണം.എഴുത്തുകള്‍, ഫാക്‌സ്, ഇ-മെയില്‍, ക്ഷണക്കത്തുകള്‍ എന്നിവ ഹിന്ദിയിലാകണമെന്നും ശുപാര്‍ശയില്‍ പറയുന്നു.
ഹിന്ദിഭാഷാ പ്രാവീണ്യത്തോടെ ജോലിചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക അനുകൂല്യങ്ങള്‍ അനുവദിക്കണം. ഹിന്ദിയില്‍ നടപടിക്രമങ്ങള്‍ നടത്താത്ത ഉദ്യോഗസ്ഥരില്‍നിന്ന് വിശദീകണം തേടണം. മറുപടി തൃപ്തികരമല്ലെങ്കില്‍ ഇക്കാര്യം ജീവനക്കാരുടെ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണമെന്നും ശുപാര്‍ശയില്‍ പറയുന്നു.
കേന്ദ്രീയ വിദ്യാലയങ്ങള്‍, നവോദയ, സാങ്കേതിക-ഇതര കേന്ദ്ര സര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍ ഹിന്ദിപഠനം നിര്‍ബന്ധമാക്കണം. ആശയവിനിമയവും ഹിന്ദിയിലായിരിക്കണം. ഇംഗ്ലീഷ് ഓപ്ഷണലായി തുടരും.ഹിന്ദി സംസാരഭാഷയായുള്ള സംസ്ഥാനങ്ങളിലെ ഹൈക്കോടതി, കീഴ്ക്കോടതി നടപടികള്‍ ഹിന്ദിയിലാകണം. സര്‍ക്കാര്‍ പരസ്യങ്ങളുടെ 50 ശതമാനത്തിലധികവും ഹിന്ദിയില്‍ പ്രസിദ്ധീകരിക്കണം. ബാക്കി പ്രാദേശിക ഭാഷകളിലാകണം. പത്രങ്ങളില്‍ ഹിന്ദി പരസ്യങ്ങള്‍ ഒന്നാം പേജില്‍ വലുതായും ഇംഗീഷ് പരസ്യങ്ങള്‍ ചെറുതായി ഉള്‍പ്പേജുകളിലും നല്‍കിയാല്‍ മതി. വിദേശത്തെ ഇന്ത്യന്‍ എംബസികളില്‍ ഹിന്ദിയിലാകണം നടപടിക്രമങ്ങള്‍. ഐക്യരാഷ്ട്രസഭയില്‍ ഹിന്ദിയും ഔദ്യോഗിക ഭാഷയാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ ഉത്തരേന്ത്യയില്‍ കനത്ത മഴ; ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് മൂന്ന് മരണം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates