ഭോപ്പാല്‍: സമൂഹ വിവാഹത്തിനായി തയ്യാറെടുത്ത് വന്നത് 42 വരന്‍മാര്‍. തങ്ങളുടെ പ്രതിശ്രുത വധു എത്തുന്നതും കാത്തിരുന്നു..ചടങ്ങുകള്‍ തുടങ്ങേണ്ട സമയമായിട്ടും ആരെയും കാണാതെ വന്നപ്പോഴാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ടുവെന്ന സത്യം മനസിലാക്കുന്നത്. മധ്യപ്രദേശിലെ ദേവാസിലെ വിവിധ ജില്ലകളില്‍ നിന്നുള്ളവരായിരുന്നു വരന്‍മാര്‍. വിവാഹത്തിനായി പത്ത് ലക്ഷത്തോളം രൂപയാണ് പ്രതികള്‍ ഇവരില്‍ നിന്ന് തട്ടിയെടുത്തത്.
യോഗ്യരായ പെണ്‍കുട്ടികളെ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന യുവാക്കളുടെ കുടുംബങ്ങളെയാണ് പ്രതികള്‍ ലക്ഷ്യമിട്ടത്. അവരുടെ വൈകാരികമായ അവസ്ഥയെ ചൂഷണം ചെയ്ത പ്രതികള്‍, സോഷ്യല്‍ മീഡിയയില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത യുവതികളുടെ ചിത്രങ്ങളാണ് പുരുഷന്‍മാരുടെ കുടുംബങ്ങളെ കാണിച്ചുകൊടുത്തത്. പെണ്‍കുട്ടികള്‍ ഇന്‍ഡോറിലെ ഒരു അനാഥാലയത്തിലാണെന്നും ഇവരെ പറഞ്ഞു വിശ്വസിപ്പിച്ചു. വിവാഹം നടത്തിക്കൊടുക്കാമെന്ന് പറഞ്ഞ് ഇവരില്‍ നിന്ന് പണവും വാങ്ങി. തട്ടിപ്പ് തിരിച്ചറിഞ്ഞതോടെ ഇവര്‍ പൊലീസില്‍ പരാതി നല്‍കി.
മെയ് 25-ന് ദേവാസില്‍ വെച്ച് വിവാഹം നടത്തുമെന്നാണ് പ്രതികള്‍ ഈ കുടുംബങ്ങളെ അറിയിച്ചിരുന്നത്. ചില കുടുംബങ്ങളില്‍ നിന്ന് 12,000 രൂപ മുതല്‍ 20,000 രൂപ വരെയും, മറ്റ് ചിലരില്‍ നിന്ന് 25,000 രൂപ വീതവും വാങ്ങിയതായി ആരോപണമുണ്ട്. മൊത്തം പത്തുലക്ഷത്തിലധികം രൂപയുടെ തട്ടിപ്പാണ് നടന്നിരിക്കുന്നത് എന്ന് കണക്കാക്കപ്പെടുന്നു.
ഇന്‍ഡോറിലെ അനാഥാലയത്തില്‍ നിന്നുള്ള യുവതികളെ വിവാഹത്തിനായി ദേവാസിലേക്ക് കൊണ്ടുവരുമെന്നാണ് പ്രതികള്‍ കുടുംബങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നത്. മെയ് 24-ന് മാതാ ടെക്രി സന്ദര്‍ശനവും, അതിനുശേഷം രാധാഖഞ്ചിലെ ക്ലബ് ഗ്രൗണ്ടില്‍ താമസസൗകര്യവും ഒരുക്കുമെന്നും ഇവരെ അറിയിച്ചിരുന്നു. അതനുസരിച്ച് മെയ് 24-ന് തന്നെ വിവിധ ജില്ലകളില്‍ നിന്നുള്ള വരന്മാരും അവരുടെ ബന്ധുക്കളും രാധാഖഞ്ച് ക്ലബ് ഗ്രൗണ്ടില്‍ എത്തിച്ചേര്‍ന്നു. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസത്തിനായി വരന്റെ വേഷത്തില്‍ രാവിലെ 8 മണിക്ക് തന്നെ ചിലര്‍ എത്തിയിരുന്നു. എന്നാല്‍ അവിടെ കല്യാണ മണ്ഡപമോ, മറ്റ് ക്രമീകരണങ്ങളോ, ചടങ്ങുകളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇതാണ് ഇവരില്‍ സംശയം ജനിപ്പിച്ചിരുന്നു. എന്നാല്‍ സംഘാടകരായ മുകേഷ് ബൈരാഗി, ഭാര്യ സുനിത എന്നിവര്‍ ഇവിടെയുണ്ടായിരുന്നു. ഇന്‍ഡോറില്‍ നിന്ന് പെണ്‍കുട്ടികള്‍ എത്തുന്നുണ്ടെന്നും അവര്‍ ഇവിടേയ്ക്കുള്ള യാത്രാമധ്യേയാണെന്നും പറഞ്ഞ് ഇവര്‍ കുടുംബാംഗങ്ങളേയും വരന്‍മാരേയും ആശ്വസിപ്പിച്ചുകൊണ്ടേയിരുന്നു. രാവിലെ മുതല്‍ വൈകിട്ട് വരെ പലവിധ ഒഴിവുകഴിവുകള്‍ പറഞ്ഞ് 42 കുടുംബങ്ങളെയും അവര്‍ അവിടെ പിടിച്ചു നിര്‍ത്തി. രാത്രി 10 മണിയായതോടെയാണ് തങ്ങള്‍ തട്ടിപ്പിനിരയായി എന്ന് അവര്‍ക്ക് പൂര്‍ണ്ണമായി ബോധ്യപ്പെട്ടത്.
മോഡലുകളുടെയും മറ്റ് യുവതികളുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത്, പെണ്‍കുട്ടികളെ കണ്ടെത്തിയെന്ന് വിശ്വസിപ്പിക്കാന്‍ മൊബൈല്‍ ഫോണുകള്‍ വഴി അയച്ചു കൊടുത്തതായി അന്വേഷണത്തില്‍ വ്യക്തമായി. പെണ്‍കുട്ടികള്‍ അനാഥാലയത്തില്‍ നിന്നുള്ളവരാണെന്നും നിയമപരമായ എല്ലാ ക്രമീകരണങ്ങളോടെയും വിവാഹം നടത്തുമെന്നുമാണ് കുടുംബങ്ങളെ വിശ്വസിപ്പിച്ചിരുന്നത്. ദമ്പതികളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇന്‍ഡോറില്‍ ജോലി ചെയ്യുന്ന തന്റെ മൂത്ത സഹോദരന്‍ ദിനേഷ് ദാസ് ബൈരാഗിയാണ് ഒരു അനാഥാലയത്തിലെ പെണ്‍കുട്ടികളുടെ വിവാഹത്തിനായുള്ള ക്രമീകരണങ്ങള്‍ ചെയ്യാന്‍ തന്നോട് ആവശ്യപ്പെട്ടതെന്ന് മുകേഷ് ബൈരാഗി മൊഴി നല്‍കി. വരന്മാരുടെ കുടുംബങ്ങളുടെ ഫോണ്‍ നമ്പറുകള്‍ നല്‍കിയത് ദിനേഷാണെന്നും മുകേഷ് അവകാശപ്പെട്ടു. വരന്മാരും കുടുംബങ്ങളും ദേവാസില്‍ എത്തിയതിന് ശേഷം അയാള്‍ ദിനേഷിനെ വിളിച്ചിരുന്നു. താന്‍ പെണ്‍കുട്ടികളുമായി ഉടന്‍ എത്തുമെന്നാണ് ദിനേഷ് ഉറപ്പുനല്‍കിയത്. എന്നാല്‍ ആരും വന്നില്ല. ആവര്‍ത്തിച്ച് വിളിച്ചതിനെ തുടര്‍ന്ന് ദിനേഷ് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തതായി മുകേഷ് പൊലീസിനോട് പറഞ്ഞു. തന്റെ ഭാര്യാപിതാവായ നരസിംഹ ദാസ് ബൈരാഗിയാണ് ഇരകളെ പ്രതികളുമായി ബന്ധിപ്പിച്ചു കൊടുത്ത ഇടനിലക്കാരനെന്നും ഈ തട്ടിപ്പില്‍ അയാള്‍ക്കും പങ്കുണ്ടെന്നും മുകേഷ് അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിട്ടുണ്ട്.
നിലവില്‍ മുകേഷ് ബൈരാഗി, സുനിത ബൈരാഗി, ദിനേഷ് ബൈരാഗി, നരസിംഹ ദാസ് ബൈരാഗി എന്നിവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുകേഷിനെയും സുനിതയെയും അറസ്റ്റ് ചെയ്തു. ഒളിവില്‍ പോയ ദിനേഷിനെയും നരസിംഹ ദാസിനെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates