കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പ്രമുഖ നേതാവായ ജഹാംഗീര്‍ ഖാന്‍ അറസ്റ്റില്‍. പശ്ചിമ ബംഗാളിലെ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ വെച്ചാണ് ജഹാംഗീര്‍ ഖാനെ അറസ്റ്റ് ചെയ്തത്.
മെയ് 4ന് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് ശേഷം ഇയാള്‍ക്കെതിരെ അഞ്ച് പൊലീസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി കൊല്‍ക്കത്ത ഹൈക്കോടതി ഇടക്കാല സംരക്ഷണം നീട്ടാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് പശ്ചിമ ബംഗാള്‍ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് ആണ് ജഹാംഗീര്‍ ഖാനെ കസ്റ്റഡിയിലെടുത്തത്.
തെലുങ്ക് ആക്ഷന്‍ ത്രില്ലറായ 'പുഷ്പ'യിലെ കഥാപാത്രത്തെപ്പോലെ സ്വയം പ്രാദേശിക 'പുഷ്പ'യായി വിശേഷിപ്പിച്ച ഖാന്‍, ഭീഷണിപ്പെടുത്തല്‍, തെരഞ്ഞെടുപ്പ് അട്ടിമറി ശ്രമങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. വോട്ടിങ് മെഷീന്‍ ക്രമക്കേട് ആരോപണങ്ങളെ തുടര്‍ന്ന് മെയ് 21ന് വീണ്ടും വോട്ടെടുപ്പ് നടന്ന ഫാല്‍ട്ട മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായിരുന്ന ഖാന്‍, വോട്ടെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പ് മത്സരത്തില്‍ നിന്ന് പിന്മാറി ഞെട്ടിച്ചിരുന്നു. ബിജെപി റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ഈ സീറ്റ് നേടുകയും ഭൂരിപക്ഷം ഉയര്‍ത്തുകയും ചെയ്തപ്പോള്‍, ഖാന്‍ തന്റെ ഓഫീസ് പൂട്ടി ഒളിവില്‍ പോവുകയായിരുന്നു.
മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അനന്തരവനും സൗത്ത് 24 പര്‍ഗാനാസിലെ ഡയമണ്ട് ഹാര്‍ബറില്‍ നിന്നുള്ള എംപിയുമായ അഭിഷേക് ബാനര്‍ജിയുടെ അടുത്ത അനുയായിയാണ് ഖാന്‍. അഭിഷേക് ബാനര്‍ജിയുടെ മണ്ഡല പരിധിയിലാണ് ഫാല്‍ട്ട സ്ഥിതി ചെയ്യുന്നത്. ഫാല്‍ട്ടയില്‍ ജഹാംഗീര്‍ ഖാന്റേത് ഭീകരഭരണമായിരുന്നു എന്ന് ഗ്രാമവാസികള്‍ ആരോപിക്കുന്നു.
ഫാല്‍ട്ടയില്‍ പ്രത്യേക നിരീക്ഷകനായി നിയമിതനായ യുപി കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥനും 'സിങ്കം' പ്രതിച്ഛായയുമുള്ള അജയ് പാല്‍ ശര്‍മ്മ ജഹാംഗീര്‍ ഖാന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ നടപടി സ്വീകരിച്ചത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ജഹാംഗീര്‍ ഖാന്റെ പ്രദേശത്ത് എത്തുകയും പ്രശ്‌നക്കാരാകാന്‍ സാധ്യതയുള്ളവര്‍ക്ക് എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റായ ശര്‍മ്മ കര്‍ശന മുന്നറിയിപ്പ് നല്‍കുകയായിരുന്നു. ചന്ദനക്കടത്ത് നടത്തിയിരുന്ന സിനിമാ കഥാപാത്രത്തെ അനുസ്മരിപ്പിച്ചുകൊണ്ട് സ്വയം 'പുഷ്പ' എന്ന് വിശേഷിപ്പിച്ചാണ് ഖാന്‍ ഇതിന് തിരിച്ചടി നല്‍കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates