ന്യൂഡൽഹി: ഉത്സവ സീസണിലെ മുന്നൊരുക്കങ്ങളുടെ ഭാഗമായി രാജ്യവ്യാപകമായി നടത്തിയ പരിശോധനയിൽ കോടികൾ വിലമതിക്കുന്ന മായംകലർന്ന ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ . സെപ്റ്റംബർ 1 മുതൽ നവംബർ 5 വരെ നടത്തിയ തീവ്ര പരിശോധനാ ഡ്രൈവിലാണ് 81.80 കോടി രൂപയിലധികം വിലവരുന്ന 3,270 മെട്രിക് ടണ്ണിലധികം ഭക്ഷ്യ ഉൽപ്പന്നങ്ങൾ പിടികൂടിയത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെത്തുടർന്ന് 1,100-ലധികം ലൈസൻസുകൾ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഭക്ഷ്യസുരക്ഷാ വിഭാഗവുമായി സഹകരിച്ച് നടത്തിയ പരിശോധനയിൽ രാജ്യത്തുടനീളം 56,431 സ്ഥാപനങ്ങളാണ് പരിശോധിച്ചത്. മാനദണ്ഡങ്ങൾ പാലിക്കാത്ത 10,047 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നോട്ടീസുകൾ നൽകുകയും ചെയ്തു. എക്സ് പോസ്റ്റിലൂടെയാണ് റെഗുലേറ്റർ ഈ കണക്കുകൾ പുറത്തുവിട്ടത്.
പരിശോധനയുടെ ഭാഗമായി ആകെ 43,939 സാമ്പിളുകൾ ശേഖരിച്ചതിൽ 23,648 എണ്ണം പരിശോധിച്ചു. ഇതിൽ 2,273 സാമ്പിളുകൾ നിശ്ചിത ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതാണെന്ന് കണ്ടെത്തി. എണ്ണ, പാൽ, പനീർ, പലഹാരങ്ങൾ, നെയ്യ്, ബേക്കറി സാധനങ്ങൾ, ചോക്ലേറ്റുകൾ, ഐസ്ക്രീം, പലഹാരങ്ങൾ, പാക്കറ്റ് ഭക്ഷണങ്ങൾ, ഉത്സവകാല ഗിഫ്റ്റ് ഹാംപറുകൾ എന്നിവയാണ് പ്രധാനമായും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നത്. നടപടികളുടെ ഭാഗമായി 1,133 ലൈസൻസുകൾ സസ്പെൻഡ് ചെയ്യുകയും 52 സ്ഥാപനങ്ങളുടെ ലൈസൻസുകൾ പൂർണ്ണമായി റദ്ദാക്കുകയും ചെയ്തു. കൂടാതെ 314 സ്ഥാപനങ്ങൾ സീൽ ചെയ്യുകയും 410 സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. സുരക്ഷിതമല്ലാത്തതും മായംകലർന്നതുമായ ഭക്ഷ്യവസ്തുക്കളുടെ വിപണനം തടയുന്നതിനായി ഉത്സവ സീസണിന് മുന്നോടിയായി എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും എഫ്എസ്എസ്എഐ കർശന നിർദ്ദേശം നൽകിയിരുന്നു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates