ന്യൂഡല്‍ഹി: രാജ്യത്ത് സാമൂഹിക നീതി ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. രാജ്യത്തെ ഏകദേശം 95 കോടി പൗരന്മാര്‍ക്ക് ഇപ്പോള്‍ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങള്‍ ലഭ്യമാണ്. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ 25 കോടി ഇന്ത്യക്കാര്‍ ദാരിദ്ര്യത്തില്‍ നിന്ന് മുക്തരായെന്നും രാഷ്ട്രപതി പറഞ്ഞു. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തു കൊണ്ട് നയപ്രഖ്യാപന പ്രസംഗം നടത്തുകയായിരുന്നു രാഷ്ട്രപതി.
കേന്ദ്ര സര്‍ക്കാരിന്റെ മൂന്നാം ടേമില്‍, ദരിദ്രരെ കൂടുതല്‍ ശാക്തീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. പൊതു ഫണ്ടുകളുടെ ശരിയായ ഉപയോഗം ഉറപ്പാക്കുന്നതിലും അഴിമതിയും കുംഭകോണങ്ങളും തടയുന്നതിലും സര്‍ക്കാര്‍ വിജയിച്ചു. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ എല്ലാ മേഖലയിലും ഇന്ത്യ കരുത്തരായി. ഇത് വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയുടെ പ്രധാന അടിത്തറയാണ്. രാഷ്ട്രപതി പറഞ്ഞു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഈ നൂറ്റാണ്ടിന്റെ ആദ്യ 25 വര്‍ഷങ്ങള്‍ നിരവധി വിജയങ്ങളും, അഭിമാനകരമായ നേട്ടങ്ങളും നിറഞ്ഞതാണ്. ദലിതര്‍, പിന്നാക്കക്കാര്‍, ആദിവാസി സമൂഹം തുടങ്ങി എല്ലാവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണിത്. സബ്കാ സാത്ത് സബ്കാ വികാസ് എന്ന സര്‍ക്കാരിന്റെ ദര്‍ശനം തന്നെ, ഓരോ പൗരന്റെയും ജീവിതത്തില്‍ മികച്ച സ്വാധീനം ചെലുത്തുക എന്നതാണ്. 2014 ന്റെ തുടക്കത്തില്‍, സാമൂഹിക സുരക്ഷാ പദ്ധതികള്‍ 25 കോടി പൗരന്മാരില്‍ മാത്രമേ എത്തിയിരുന്നുള്ളൂ എങ്കില്‍, ഇപ്പോള്‍ 95 കോടി ഇന്ത്യക്കാര്‍ക്ക് ലഭ്യമായിരിക്കുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു.
ഗ്രാമപ്രദേശങ്ങളില്‍ തൊഴിലും വികസനവും ഉറപ്പാക്കുന്നതിനായി, വീകസിത് ഭാരത്-ജി റാം ജി നിയമം രൂപീകരിച്ചു. ഈ പുതിയ പരിഷ്‌കാരത്തോടെ, ഗ്രാമങ്ങളില്‍ 125 ദിവസത്തെ തൊഴില്‍ ഉറപ്പാക്കപ്പെടുന്നു. ബാബാസാഹേബ് അംബേദ്കര്‍ എപ്പോഴും സമത്വത്തിനും സാമൂഹിക നീതിക്കും ഊന്നല്‍ നല്‍കിയിരുന്നു. നമ്മുടെ ഭരണഘടനയും അതിനായി പ്രചോദിപ്പിക്കുന്നു. രാജ്യത്തെ ഓരോ പൗരനും വിവേചനമില്ലാതെ അവരുടെ പൂര്‍ണ്ണ അവകാശങ്ങള്‍ ലഭിക്കണം. കേന്ദ്ര സര്‍ക്കാര്‍ യഥാര്‍ത്ഥ സാമൂഹിക നീതി ഉറപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണ്. രാഷ്ട്രപതി പറഞ്ഞു.
പുതിയ തൊഴിലുറപ്പ് ബില്ലിനെപ്പറ്റി രാഷ്ട്രപതി പറഞ്ഞപ്പോള്‍ പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ച് ശബ്ദമുയര്‍ത്തി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. ഇന്നുമുതല്‍ ഏപ്രില്‍ രണ്ടുവരെയാണ് പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളന കാലയളവ് നിശ്ചയിച്ചിട്ടുള്ളത്. ഫെബ്രുവരി ഒന്നിന് കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം ഫെബ്രുവരി 13 ന് അവസാനിക്കും. മാര്‍ച്ച് 9 മുതലാണ് രണ്ടാം ഘട്ട സമ്മേളനം തുടങ്ങുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates