Commercial LPG cylinder hiked 
India

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ നിയന്ത്രണംനീക്കി;ഹോട്ടലുകൾക്കും വ്യവസായ യൂണിറ്റുകൾക്കും ആശ്വാസം

വിതരണം പൂർണ്ണതോതിൽ പുനഃസ്ഥാപിക്കാൻ പെട്രോളിയം മന്ത്രാലയം നിർദ്ദേശം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെത്തുടർന്ന് രാജ്യാന്തരതലത്തിൽ ഉണ്ടായ പാചകവാതക വിതരണ തടസ്സങ്ങൾ പരിഹരിക്കപ്പെട്ടതോടെ, വാണിജ്യ എൽപിജിസിലിണ്ടറുകൾക്ക് ഏർപ്പെടുത്തിയിരുന്ന താൽക്കാലിക നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ പിൻവലിച്ചു. വാണിജ്യ എൽപിജി വിതരണം പ്രതിസന്ധിക്ക് മുമ്പുള്ള നിലയിലേക്ക് പൂർണ്ണമായി പുനഃസ്ഥാപിക്കാൻ തീരുമാനിച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. ഇതുസംബന്ധിച്ച് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം സെക്രട്ടറി ഡോ. നീരജ് മിത്തൽ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചു.

പശ്ചിമേഷ്യൻ പ്രതിസന്ധി ഘട്ടത്തിൽ ഗാർഹിക ഉപഭോക്താക്കൾക്കായി പാചകവാതക ലഭ്യത തടസ്സമില്ലാതെ ഉറപ്പാക്കുന്നതിന് വേണ്ടിയായിരുന്നു വാണിജ്യ എൽപിജിക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. ഗാർഹിക വിപണി സുരക്ഷിതമാക്കാൻ എടുത്ത ഈ നടപടി ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, മറ്റ് വ്യവസായ സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനത്തെ കാര്യമായി ബാധിച്ചിരുന്നു. പുതിയ ഉത്തരവോടെ അത്തരം മേഖലകളിലെ പ്രതിസന്ധിക്ക് പൂർണ്ണ പരിഹാരമാകും. ഇതോടൊപ്പം വൻതോതിലുള്ള എൽപിജി വിതരണത്തിലെ നിയന്ത്രണങ്ങളിലും മന്ത്രാലയം ഇളവ് വരുത്തിയിട്ടുണ്ട്. ഇതനുസരിച്ച് പ്രതിസന്ധിക്ക് മുമ്പുള്ള ഉപഭോഗത്തിന്റെ 50 ശതമാനം വരെ വിതരണം പുനഃസ്ഥാപിക്കാൻ എണ്ണക്കമ്പനികൾക്ക് അനുമതി നൽകി.

വാണിജ്യ-വ്യവസായ എൽപിജി ഉപഭോക്താക്കളുടെ വിവരങ്ങൾ പൊതുമേഖലാ എണ്ണ വിപണന കമ്പനികൾ കൃത്യമായി ശേഖരിക്കുകയും പരിപാലിക്കുകയും ചെയ്യും. വിതരണവും നിരീക്ഷണവും കൂടുതൽ സുഗമമാക്കുന്നതിനായി മൂന്ന് പൊതുമേഖലാ ഒഎംസികളെയും ഉൾപ്പെടുത്തി ഒരു ഏകീകൃത ഡാറ്റാബേസ് വികസിപ്പിക്കാനും കേന്ദ്രം ആലോചിക്കുന്നുണ്ട്.

അതേസമയം തന്നെ, പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് അഥവാ പൈപ്പ് ലൈൻ വഴിയുള്ള പ്രകൃതിവാതക ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളുമായി കേന്ദ്ര സർക്കാർ ശക്തമായി മുന്നോട്ട് പോകും. ഇതിനകം തന്നെ പിഎൻജി ശൃംഖലയിലേക്ക് മാറിയ വാണിജ്യ-ബൾക്ക് ഉപഭോക്താക്കൾ പരിസ്ഥിതി സൗഹൃദപരമായ ആ ഇന്ധനം തന്നെ തുടർന്നും ഉപയോഗിക്കണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു.

Government of India rolled back temporary sectoral restrictions on Non-Domestic Packed LPG, restoring commercial supplies to pre-crisis levels. The policy shift follows improvements in the supply grid after temporary disruptions caused by the recent West Asia geopolitical crisis.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരം കോര്‍പറേഷനില്‍ സംഘര്‍ഷം; കൗണ്‍സിലര്‍മാര്‍ക്ക് പരിക്ക്, മേയറുടെ കാലില്‍ പ്ലാസ്റ്ററിട്ടു

ഗ്രില്ല് ചെയ്ത ഭക്ഷണം ഓറൽ കാൻസർ സാധ്യത കൂട്ടാം, ലക്ഷണങ്ങൾ

സുധീരന്റേത് ചരിത്രവിരുദ്ധ പ്രസ്താവന; കരിമണൽ ഖനനത്തിന് അവസരമൊരുക്കിയത് ആന്റണി - ഉമ്മൻചാണ്ടി സർക്കാരുകൾ: പിണറായി വിജയൻ

'വിജയ് പിറന്നാള്‍ ആഘോഷിച്ചത് അവള്‍ക്കൊപ്പമല്ല'; തൃഷ പങ്കുവച്ചത് എഐ ഫോട്ടോ!

'നിരുപാധികം എന്നെ സ്നേഹിച്ച എല്ലാവർക്കും നന്ദി'; ശബരിമലയിൽ ദർശനം നടത്തി നടൻ രവി മോഹൻ