നരേന്ദ്ര മോദി 
India

ഗുജറാത്ത് മുതല്‍ ഡല്‍ഹി വരെ; മോദി എന്ന 'ഡബിള്‍ എന്‍ജിന്‍'; അധികാര കസേരയില്‍ കാല്‍നൂറ്റാണ്ട്

പാര്‍ട്ടിനേതാവ് എന്ന നിലയില്‍ നിന്ന് ജനപ്രിയനായ ഒരു രാഷ്ട്രീയ നേതാവിലേക്കുള്ള അദ്ദേഹത്തിന്റെ വളര്‍ച്ചയായിരുന്നു ഇത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ന്യൂഡല്‍ഹി: 2001 ഒക്ടോബറില്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി തുടങ്ങിയ നരേന്ദ്ര മോദി നാളെ (ഒക്ടോബര്‍ ഏഴ്) ഭരണരംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ഒരുമാസം നീണ്ടുനില്‍ക്കുന്ന സേവാ സങ്കല്‍പ് അഭിയാന്‍ പരിപാടിയിലൂടെയാണ് ബിജെപി ഇത് ആഘോഷമാക്കുന്നത്. മോദിയുടെ ജന്മസ്ഥലമായ ഭട്‌നഗറിനെയും അദ്ദേഹത്തിന്റെ പാര്‍ലമെന്റ് മണ്ഡലമായ വാരണാസിയെയും ബന്ധിപ്പിച്ചുകൊണ്ട് വിവിധ പരിപാടികളും ജനസമ്പര്‍ക്ക പരിപാടികളും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

2001 ഒക്ടോബര്‍ ഏഴിനാണ് മോദി ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നത്. 2014ല്‍ ദേശീയ രാഷ്ട്രീയഭൂമികയിലേക്ക് കളംമാറുന്നതുവരെ ഏകദേശം 13 വര്‍ഷത്തോളം അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. തുടര്‍ന്ന് മൂന്ന് തവണയായി ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലും അദ്ദേഹം സേവനം അനുഷ്ഠിച്ചു വരുന്നു.

അപ്രതീക്ഷിതമായാണ് നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നത്. ആ വര്‍ഷം ജനുവരിയിലുണ്ടായ വന്‍ ഭൂകമ്പത്തെത്തുടര്‍ന്ന് തകര്‍ന്നടിഞ്ഞ ഗുജറാത്തിനെ പുനര്‍നിര്‍മിക്കുക എന്ന വലിയ ഉത്തരവാദിത്തമാണ് അന്ന് അദ്ദേഹത്തിന് മുന്നിലുണ്ടായിരുന്നത്. അത് വിജയകരമായി പൂര്‍ത്തിയാക്കാന്‍ മോദിക്ക് കഴിഞ്ഞു. മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് ശേഷം നടന്ന 2002-ലെ നിയമസഭാ തെരഞ്ഞെടുപ്പ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ കടുത്ത അഗ്‌നിപരീക്ഷയായിരുന്നു. ഗോധ്രാ സംഭവങ്ങളെത്തുടര്‍ന്നുള്ള കലാപങ്ങളുടെ പശ്ചാത്തലത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി 182-ല്‍ 127 സീറ്റുകള്‍ നേടി വിജയിച്ചു. മോദി തന്റെ ആദ്യ പൂര്‍ണ കാലാവധിയിലേക്ക് മുഖ്യമന്ത്രിയായി അധികാരമേറ്റു. പാര്‍ട്ടിനേതാവ് എന്ന നിലയില്‍ നിന്ന് ജനപ്രിയനായ ഒരു രാഷ്ട്രീയ നേതാവിലേക്കുള്ള അദ്ദേഹത്തിന്റെ വളര്‍ച്ചയായിരുന്നു ഇത്. അടിസ്ഥാന സൗകര്യങ്ങള്‍, നിക്ഷേപം, ജലസേചനം എന്നിവയ്ക്ക് മുന്‍ഗണന നല്‍കിയ അദ്ദേഹത്തിന്റെ ഭരണശൈലി 'ഗുജറാത്ത് മോഡല്‍' എന്ന പേരില്‍ അറിയപ്പെട്ടു.

2013ല്‍ ബിജെപി നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. വികസന നായകനായും ശക്തമായ ഭരണാധികാരിയായും അദ്ദേഹത്തെ അവതരിപ്പിച്ചുകൊണ്ടുള്ള തെരഞ്ഞെടുപ്പ് പ്രചാരണമാണ് പാര്‍ട്ടി നടത്തിയത്. ഒരു വര്‍ഷത്തിനുശേഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 282 സീറ്റുകള്‍ നേടി.

2014 മെയ് 26ന് നരേന്ദ്ര മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ചെങ്കോട്ടയില്‍ നടത്തിയ ആദ്യ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ താന്‍ രാജ്യത്തിന്റെ 'പ്രധാന സേവകന്‍' ആണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. സ്വച്ഛ് ഭാരത് മിഷന്‍, ജന്‍ ധന്‍ യോജന, മേക്ക് ഇന്‍ ഇന്ത്യ തുടങ്ങിയ നിരവധി പദ്ധതികള്‍ക്ക് അദ്ദേഹത്തിന്റെ ആദ്യ സര്‍ക്കാര്‍ തുടക്കമിട്ടു.

2017ല്‍ അവതരിപ്പിച്ച ചരക്ക് സേവന നികുതി, ഭൂരിഭാഗം പരോക്ഷ നികുതികളെയും ഒരു ഏകീകൃത ദേശീയ ചട്ടക്കൂടിലേക്ക് കൊണ്ടുവന്നു. ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടതായിരുന്നു 2016-ലെ നോട്ടുനിരോധനം. ഉന്നത മൂല്യമുള്ള കറന്‍സി നോട്ടുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ച സംഭവമായിരുന്നു ഇത്. ഇത്തരം നോട്ടുകള്‍ പിന്‍വലിക്കുന്നതോടുകൂടി രാജ്യത്ത് കള്ളപ്പണം ഒഴുകുന്നത് തടയിടാനാകുമെന്നും, തീവ്രവാദപ്രവര്‍ത്തനങ്ങളെയും മയക്കുമരുന്ന് കച്ചവടങ്ങളെയും ഇല്ലാതാക്കാനാകുമെന്നുമായിരുന്നു കേന്ദ്രസര്‍ക്കാര്‍ വാദം.

2016ലെ ഉറി ആക്രമണത്തിന് ശേഷം ഇന്ത്യ അതിര്‍ത്തി കടന്നുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്ക് പ്രഖ്യാപിച്ചു. 2019-ലെ പുല്‍വാമ ആക്രമണത്തിന് ശേഷം ബാലാക്കോട്ടില്‍ ഇന്ത്യ വ്യോമാക്രമണം നടത്തി. 2025-ല്‍ പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ 'ഓപ്പറേഷന്‍ സിന്ദൂര്‍' പ്രഖ്യാപിച്ചു. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ ശക്തമായ മറുപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായി. രണ്ടാം മോദി സര്‍ക്കാരിന്റെ ഏറ്റവും വലിയ രാഷ്ട്രീയ തീരുമാനങ്ങളില്‍ ഒന്നായിരുന്നു ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത്. ബിജെപിയുടെ ദീര്‍ഘകാലമായുള്ള പ്രഖ്യാപനമായിരുന്നു ഇത്. ഈ തീരുമാനം രാജ്യത്തിനകത്തും പുറത്തും വലിയ ചര്‍ച്ചകള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കും വഴിവെച്ചു.

മോദി സര്‍ക്കാരിന്റെ ഭരണകാലം നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു കോവിഡ് മഹാമാരി. രാജ്യവ്യാപകമായ ലോക്ക്ഡൗണും തുടര്‍ന്ന് ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷന്‍ യജ്ഞങ്ങളിലൊന്നും സര്‍ക്കാര്‍ വിജയകരമായി നടപ്പിലാക്കി. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒറ്റയ്ക്ക് കേവലഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും സഖ്യകക്ഷികളുടെ പിന്തുയില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ തുടര്‍ന്നു. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്നു ജവഹര്‍ലാല്‍ നെഹ്റുവിന് ശേഷം തുടര്‍ച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രി പദത്തിലെത്തുന്ന രണ്ടാമത്തെ വ്യക്തിയായി നരേന്ദ്ര മോദി മാറി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പടം ഉന്നുടേത്, കമന്റ് ബോക്‌സ് എന്നുടേത്'; രണ്ട് സെക്കന്റില്‍ ട്രെയിലര്‍ തൂക്കി മാത്യു; രജനിയ്ക്ക് വില്ലന്‍?

വാസുകിയുടെ ജന്മദിനം, കന്നി ആയില്യത്തിന്റെ പ്രാധാന്യമെന്ത്?; അറിയാം ചെയ്യേണ്ട വഴിപാടുകൾ

ആർഎസ്എസ് നേതാവിനെ പങ്കെടുപ്പിക്കുന്നതിൽ പ്രതിഷേധം: കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം സെമിനാർ വേദി ഉപരോധിച്ച് വിദ്യാർഥികൾ

സ്‌കൂള്‍ പരിസരത്ത് കുട്ടികളുടെ ഫോട്ടോ എടുത്താല്‍ വന്‍പിഴ; യുഎഇയില്‍ മാതാപിതാക്കള്‍ക്കും സന്ദര്‍ശകര്‍ക്കും മുന്നറിയിപ്പ്

'വ്യത്യസ്ത ആശയങ്ങളുള്ളവരോട് ശത്രുതയില്ല; അഭിപ്രായ വ്യത്യാസങ്ങൾ പകയല്ല': ഹുസൈൻ മടവൂർ