കാര്‍വാര്‍: ''ബംഗളൂരുവില്‍നിന്ന് ഉത്തര കന്നടയിലേക്കു പോവുമ്പോള്‍ ഒരു ചെക് പോസ്റ്റ് പോലും നിങ്ങളെ തടഞ്ഞുനിര്‍ത്താനുണ്ടാവില്ല. പക്ഷേ, ഈ ഗ്രാമത്തില്‍ ആറു ചെക്‌പോസ്റ്റുകളില്‍ വിശദീകരണം നല്‍കിയല്ലാതെ കടന്നുപോവാനാവില്ല''-പറയുന്നത് കര്‍ണാടകയിലെ മന്ത്രിയാണ്, ശിവറാം ഹെബ്ബാര്‍. യെല്ലാപൂരിലെ മാവിന മാനേയിലൂടെ കടന്നുപോയപ്പോള്‍ തനിക്കുണ്ടായ അനുഭവം ആണിതെന്ന് ഹെബ്ബാര്‍ പറയുന്നു.
ഒരു ഗ്രാമം കോവിഡിനെ നേരിട്ടു വിജയിച്ച രീതിയാണിത്. കടുത്ത ലോക്ക് ഡൗണ്‍, പരസ്പരം ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് സഹായിക്കല്‍. ഒന്നര മാസം കൊണ്ട് കോവിഡിനെ ഗ്രാമത്തിനു പടിക്കു നിര്‍ത്തി, ഇവര്‍.
അഞ്ഞൂറു കുടുംബങ്ങള്‍ മാത്രമുള്ള കൊച്ചു ഗ്രാമമാണ് മാവിന മാനേ. രണ്ടാം തരംഗത്തില്‍ ഇവിടെ നൂറിലേറെപ്പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ആദ്യ തരംഗത്തില്‍ ഗ്രാമത്തെ കോവിഡ് ബാധിച്ചതേ ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ രണ്ടാം തരംഗത്തില്‍ ഗ്രാമവാസികളില്‍ നല്ലൊരു പങ്കിനും രോഗം വന്നതോടെ ആശങ്ക പെരുത്തു.
ഗ്രാമത്തിലെ ഒരു കല്യാണ ചടങ്ങില്‍നിന്നാണ് രോഗ വ്യാപനമുണ്ടായത്. ഏപ്രില്‍ ആദ്യം നടന്ന കല്യാണത്തില്‍ ഗ്രാമത്തിനു പുറത്തുള്ളവരും പങ്കെടുത്തിരുന്നു. ഏപ്രില്‍ 19ന് പതിനഞ്ചു പേരില്‍ രോഗ ലക്ഷണം കണ്ടു. പെട്ടെന്നു തന്നെ എണ്ണം കൂടി, 108 പേര്‍ക്കാണ് ഏപ്രില്‍ മൂന്നാം വാരത്തില്‍ രോഗം സ്ഥിരീകരിച്ചത്.
അന്തിച്ചു നില്‍ക്കാന്‍ അധികം സമയമുണ്ടായിരുന്നില്ല, മാവിന മനേയ്ക്ക്. അവര്‍ സ്വയം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ഗ്രാമം ഒന്നാകെ അടച്ചു പൂട്ടി. ഇടവഴികള്‍ ഉള്‍പ്പൈട പൂര്‍ണമായും അടച്ചു. ഗ്രാമത്തിലൂടെ കടന്നുപോവുന്ന പ്രധാന നിരത്തില്‍ ആറു ചെക് പോസ്റ്റുകള്‍ അവര്‍ തന്നെ സ്ഥാപിച്ചു. അവിടെ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കാവല്‍. ശരിയായ കാരണം ഇല്ലാതെ ഒരാളെയും കടത്തിവിട്ടില്ല.
കടുത്ത ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയപ്പോള്‍ ഒരാളും പ്രയാസപ്പെടാതിരിക്കാനും ഗ്രാമവാസികള്‍ ശ്രദ്ധിച്ചു. പ്രതിസന്ധിയില്‍ അവര്‍ പരസ്പരം സഹായമായി. അവശ്യവസ്തുക്കള്‍ വിതരണം ചെയ്യാന്‍ സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ സേവന സേനയുണ്ടാക്കി. മരുന്നും മറ്റു മെഡിക്കല്‍ സൗകര്യങ്ങളും കൃത്യസമയത്് എത്തിച്ചു. ആശാ വര്‍ക്കര്‍മാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും ഓരോ വീട്ടിലും എത്തി രോഗികളെ പരിശോധിച്ചു.
മെയ് അവസാനം ആയപ്പോഴേക്കും ഒരാള്‍ക്കു പോലും രോഗം ഇല്ലാത്ത വിധത്തില്‍ ഗ്രാമത്തെ കോവിഡ് ഫ്രീ ആക്കിയതായി ടാക്‌സ് ഫോഴ്‌സ് അംഗങ്ങള്‍ പറയുന്നു. ഇതിന് നേരിട്ട് അഭിന്ദിക്കാന്‍ മന്ത്രിതന്നെ കഴിഞ്ഞ ദിവസം നേരിട്ടെത്തി. ഇത്തരത്തില്‍ ഓരോ ഗ്രാമവും പ്രവര്‍ത്തിച്ചാല്‍ സര്‍ക്കാരിന് പിന്നെ അധികമൊന്നും ചെയ്യേണ്ടിവരില്ലെന്ന് ഹെബ്ബാര്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates