കൊൽക്കത്ത; യാസ് ചുഴലിക്കാറ്റിൽ ഒഡീഷയിലും പശ്ചിമബംഗാളിലും കനത്ത നാശനഷ്ടം. ഒരു ലക്ഷത്തോളം പേരെയാണ് ചുഴലിക്കാറ്റ് ബാധിച്ചത്. നാലു പേർ മരിക്കുകയും മൂന്നു ലക്ഷത്തോളം വീടുകൾ തകരുകയും ചെയ്തു. 15 ലക്ഷത്തോളം പേരെയാണ് ഒഴിപ്പിക്കേണ്ടി വന്നത്. മണിക്കൂറിൽ 130 മുതൽ 140 കിലോമീറ്റർ വരെ വേഗതയിലാണ് യാസ് ചുഴലിക്കാറ്റ് ഒഡീഷ തീരത്ത് എത്തിയത്. തുടർന്ന് ശക്തി കുറഞ്ഞ് ജാര്‍ഖണ്ഡിലേക്കു കടന്നു.
ബാലസോറിനും ധമ്രയ്ക്കും ഇടയ്ക്ക് പലയിടത്തും തിരമാലകൾ നാലുമീറ്റർ വരെ ഉയർന്നു. ധമ്രയിലും ഭദ്രകിലും ജനവാസ കേന്ദ്രങ്ങളിൽ വെള്ളം കയറി. നിരവധി വീടുകൾ വെള്ളത്തിലായി. തീരത്ത് നിന്ന് രണ്ടു ലക്ഷത്തിലധികം പേരെ ഒഡീഷ ഒഴിപ്പിച്ചിരുന്നു. മരം വീണ് ഒരാൾ മരിച്ചു. പശ്ചിമ ബംഗാളിലെ മെദിനിപ്പുരിലെ ദിഗയിൽ കടൽക്ഷോഭത്തെ തുടർന്ന് തീരുത്തുള്ളവരെയാകെ ഒഴിപ്പിച്ചു. 11 ലക്ഷം പേരെയാണ് പശ്ചിമ ബംഗാൾ മാത്രം ഒഴിപ്പിച്ചത്. ഒഡിഷയിലെ ദുര്‍ഗാപുര്‍, റൂർക്കേല വിമാനത്താവളങ്ങള്‍ പ്രവര്‍ത്തനം താല്‍കാലികമായി നിര്‍ത്തി. അടഞ്ഞു കിടക്കുന്ന ജര്‍സുഗുഡ വിരേന്ദ്രസായി, കെല്‍ക്കത്ത വിമാനത്താവളങ്ങള്‍ രാത്രി തുറക്കും. റെയില്‍വേ 18 ദീര്‍ഘദൂര ട്രെയിനുകള്‍ റദ്ദാക്കി.
മമത ബാനർജി സംസ്ഥാന സെക്രട്ടറിയേറ്റിൽ ഇന്നലെ മുതൽ തുടരുകയാണ്. മൂന്ന് ലക്ഷം വീടുകൾക്ക് കേടു പറ്റുകയോ തകരുകയോ ചെയ്തെന്ന് മമത പറഞ്ഞു. കൊല്‍ക്കത്തയ്ക്ക് അടുത്ത് നോർത്ത് 24 പർഗാനസിൽ രണ്ടു പേർ ഇടിമിന്നലേറ്റ് മരിച്ചു. ശക്തമായ കാറ്റിൽ മരങ്ങൾ വീണു. മെദിനിപ്പൂർ, സൗത്ത് 24 പർഗാനസ് ഹൂഗ്ളി എന്നീ ജില്ലകളിലും കനത്ത മഴ തുടരുന്നു. കൊല്‍ക്കത്ത വിമാനത്താവളം 12 മണിക്കൂർ സമയത്തേക്ക് അടച്ചിട്ടിരുന്നു. ദുരന്തനിവാരണ സേനയുടെ 60 കമ്പനികൾ ഈ മേഖലയിൽ തുടരുകയാണ്. നാവിക സേനയുടെ രണ്ട് കപ്പലുകൾ തീരത്തുന്നുണ്ട്. ചുഴലിക്കാറ്റ് ഇനി ഝാർഖണ്ടിലേക്ക് നീങ്ങുമെന്നാണ് മുന്നറിയിപ്പ്. ഝാർഖണ്ടിലും ബംഗാളിലും കനത്ത മഴ തുടരും. മൂന്ന് ദിവസമായി തുടരുന്ന മുൻകരുതൽ നടപടികൾ എന്തായാലും ആളപായം കുറയ്ക്കാൻ സഹായിച്ചു എന്നാണ് ഇതുവരെയുള്ള വിലയിരുത്തൽ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates