ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ 'ഇന്ത്യ' മുന്നണിയുടെ നേതൃത്വത്തില്‍ പ്രതീകാത്മക 'പൊതു കുറ്റവിചാരണ' (പബ്ലിക് ഇംപീച്ച്‌മെന്റ്) ആരംഭിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയിലാണ് പ്രത്യേക പാര്‍ലമെന്റ് മാതൃകാ നടപടി ക്രമീകരിച്ചത്. കേന്ദ്രം ഭരിക്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകള്‍ അട്ടിമറിച്ചാണ് അധികാരത്തില്‍ വന്നതെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടാണ് നടപടിക്രമങ്ങള്‍ നടക്കുന്നത്.
വോട്ടവകാശം ഇന്ന് രാജ്യത്ത് ഗുരുതര ഭീഷണിയിലാണെന്നും ഭരണഘടനാ സ്ഥാപനങ്ങളുടെ അന്തസ്സ് സംരക്ഷിക്കാനാണ് നടപടിയെന്നും ഖാർഗെ പറഞ്ഞു. മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രമേയം അവതരിപ്പിച്ചു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി തുടങ്ങി പ്രമുഖ ചടങ്ങിനെത്തിയിട്ടുണ്ട്. ഗ്യാനേഷ് കുമാറിനെതിരെ ആറ് ആരോപണങ്ങളാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രമേയത്തില്‍ ആരോപിച്ചത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തി, എസ്‌ഐആറിന്റെ പേരില്‍ യാതൊരു ന്യായവുമില്ലാതെ 13.2 കോടി വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് നീക്കം ചെയ്തു, വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനുള്ള ഫോം-6 പാര്‍ലമെന്റിന്റെ അനുമതിയില്ലാതെ തിരുത്തി എഴുതി, കാബിനറ്റ് വഴി വോട്ടര്‍ പട്ടികയുടെ നിയന്ത്രണം പിടിച്ചെടുത്തു, മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ തീരുമാനമെടുക്കുന്നതില്‍ നിന്ന് ഒഴിവാക്കി, പ്രധാനമന്ത്രി മോദിയുടെയും കേന്ദ്രമന്ത്രി അമിത് ഷായുടെയും നിര്‍ദേശപ്രകാരം പ്രവര്‍ത്തിച്ചു എന്നിങ്ങനെയാണ് ആരോപണങ്ങള്‍.
പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളിന്റെ മാതൃകയിലാണ് ഖാര്‍ഗെയുടെ വസതിയിലെ പുല്‍ത്തകിടിയില്‍ ഇരിപ്പിടങ്ങളും സ്റ്റേജും സജ്ജീകരിച്ചത്. പാര്‍ലമെന്റ് പ്രവര്‍ത്തിക്കുന്ന അതേ രീതിയിലാണ് നടപടികള്‍ ക്രമീകരിച്ചത്. ലോക്‌സഭാ മുന്‍ സ്പീക്കര്‍ മീരാ കുമാര്‍ ചടങ്ങില്‍ സ്പീക്കറുടെ വേഷം അലങ്കരിക്കുകയും നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. എസ്‌ഐആറുമായി ബന്ധപ്പെട്ട ക്രമക്കേടുകളും തെരഞ്ഞെടുപ്പ് പ്രക്രിയകളില്‍ പക്ഷപാതപരമായി പെരുമാറിയെന്ന ആരോപണവുമാണ് ഗ്യാനേഷ് കുമാറിനെതിരെയുള്ള നീക്കത്തിന് ആധാരം. ഇംപീച്ച്‌മെന്റ് നോട്ടീസുകള്‍ സര്‍ക്കാര്‍ തള്ളിക്കളഞ്ഞ സാഹചര്യത്തിലാണ് പ്രതിപക്ഷം ജനകീയ കോടതിക്ക് മുന്നിലെന്നോണം മാതൃകാ വിചാരണ സംഘടിപ്പിച്ചത്.
അതേസമയം, യഥാര്‍ഥ തെരഞ്ഞെടുപ്പുകളില്‍ വിജയിക്കാന്‍ കഴിയാതെ സ്വന്തം ഇഷ്ടപ്രകാരമുള്ള 'പാര്‍ലമെന്റ്' നടത്തി സമയം കളയുകയാണെന്ന് ബിജെപി നേതൃത്വം രാഹുല്‍ ഗാന്ധിയെ പരിഹസിച്ചു. തെരഞ്ഞെടുപ്പ് വിഷയങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാരിന് യാതൊരു മടിയുമില്ലെന്നും എന്നാല്‍ പ്രതിപക്ഷം സഭ സ്തംഭിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു. നവംബര്‍ 1ന് ഡല്‍ഹി രാംലീലാ മൈതാനിയില്‍ നടക്കാനിരിക്കുന്ന മെഗാ റാലിക്ക് മുന്നോടിയായാണ് പ്രതീകാത്മക കുറ്റവിചാരണ സംഘടിപ്പിച്ചിരിക്കുന്നത്. മഴയെത്തുടര്‍ന്ന് വെള്ളിയാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന പരിപാടി ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates