ന്യൂഡല്‍ഹി: 23- മത് ഇന്ത്യ- റഷ്യ വാര്‍ഷിക ഉച്ചകോടി ഇന്ന് നടക്കും. ഹൈദരാബാദ് ഹൗസില്‍ ഉച്ചയ്ക്ക് 12 നാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള ചര്‍ച്ച നടക്കുക. ഉച്ചകോടിയില്‍ ഇന്ത്യയും റഷ്യയും തമ്മില്‍ ഒട്ടേറെ പ്രതിരോധ, വ്യാപാര കരാറുകളില്‍ ഒപ്പുവയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താനുള്ള തീരുമാനവുമുണ്ടാകും.
ഇന്നു രാവിലെ 11 മണിയോടെ പുടിൻ രാഷ്ട്രപതി ഭവനില്‍ രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടക്കും. തുടര്‍ന്ന് രാജ്ഘട്ടില്‍ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അര്‍പ്പിച്ച ശേഷം പുടിൻ ഉച്ചകോടിക്കായി ഹൈദരാബാദ് ഹൗസിലേക്ക് പോകും. അവിടെയായിരിക്കും പ്രധാനപ്പെട്ട ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കുക. ഉച്ചയ്ക്ക് 2 മണിയോടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു വര്‍ക്കിംഗ് ലഞ്ച് പുടിനായി ഒരുക്കും. അതിനുശേഷം, നിലവിലുള്ള സഹകരണം അവലോകനം ചെയ്യുന്നതിനും പുതിയ പങ്കാളിത്ത മേഖലകള്‍ തിരിച്ചറിയുന്നതിനും ലക്ഷ്യമിട്ടുള്ള പ്രതിനിധി ചര്‍ച്ചകള്‍ നടക്കും.
റഷ്യയുമായുള്ള വ്യാപാരക്കമ്മി കുറയ്ക്കുന്നതില്‍ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഫാര്‍മസ്യൂട്ടിക്കല്‍സ്, ഓട്ടോമൊബൈല്‍സ്, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, സമുദ്രോത്പന്നങ്ങള്‍ എന്നിവയുടെ ഇന്ത്യന്‍ കയറ്റുമതി വിപുലീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഷിപ്പിംഗ്, ആരോഗ്യ സംരക്ഷണം, വളങ്ങള്‍, കണക്റ്റിവിറ്റി എന്നിവയില്‍ നിരവധി കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെക്കാന്‍ സാധ്യതയുണ്ട്. റഷ്യ-ഇന്ത്യ സാമ്പത്തിക സഹകരണത്തിനായുള്ള 2030ലെ രൂപരേഖ, ലിക്വിഡ് റോക്കറ്റ് എഞ്ചിൻ നിർമ്മാണത്തെക്കുറിച്ചുള്ള ഒരു മെമ്മോറാണ്ടം തുടങ്ങിയ നിർണായകമായ പല തീരുമാനങ്ങളും ഉണ്ടായേക്കും.
ആൻഡ്രി ബെലോസോവ്, ആന്റൺ സിലുവാനോവ്, വ്‌ളാഡിമിർ കൊളോകോൾട്‌സോവ്, സെൻട്രൽ ബാങ്ക് ഗവർണർ എൽവിറ നബിയുള്ളിന എന്നിവരുൾപ്പെടെ ഒമ്പത് കാബിനറ്റ് മന്ത്രിമാർ ഉൾപ്പെടുന്ന ശക്തമായ ഒരു റഷ്യൻ പ്രതിനിധി സംഘം പുടിനൊപ്പമുണ്ട്. വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവിന് പകരം ഡെപ്യൂട്ടി മന്ത്രി ആൻഡ്രി റുഡെൻകോയാണ് വിദേശകാര്യ മന്ത്രാലയത്തെ പ്രതിനിധീകരിക്കുന്നത്. ഇന്നലെ വൈകീട്ട് 6.35 നാണ് റഷ്യൻ പ്രസിഡന്റ് ഇന്ത്യയിലെത്തിയത്. വിമാനത്താവളത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തി പുടിനെ സ്വീകരിച്ചു.
ഇരുവരും ഒരു കാറിലാണ് പുടിന്റെ താമസസ്ഥലത്തേക്കു പോയത്. തുടർന്ന് കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ റഷ്യൻ പ്രസിഡന്റിന് വിരുന്നൊരുക്കി. മോദിയുടെ നേതൃത്വത്തിൽ ഇന്ത്യക്കാർക്ക് അഭിമാനിക്കാമെന്നും, ഇന്ത്യയും റഷ്യയും തമ്മിലുള്ള ഊർജമേഖലയിലെ സഹകരണവും എണ്ണ വ്യാപാരവും പുറത്തുനിന്നുള്ള സമ്മർദത്തിന് അതീതമാണ് എന്നും വ്ലാദിമിർ പുടിൻ പറഞ്ഞു. 2021-ന് ശേഷമുള്ള പുടിന്റെ ആദ്യത്തെ ഇന്ത്യന്‍ സന്ദര്‍ശനമാണിത്. റഷ്യ-യുക്രൈൻ യുദ്ധം ആരംഭിച്ച ശേഷം നടക്കുന്ന ആദ്യ സന്ദര്‍ശനം കൂടിയാണിത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates