

തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയ്ക്കിടെ തുണിയും പഞ്ഞിയും സ്ത്രീയുടെ വയറ്റിനുള്ളിലാക്കി തുന്നിക്കെട്ടിയെന്ന സംഭവത്തില്‍ കഴക്കൂട്ടം സിഎസ്‌ഐ മിഷന്‍ ആശുപത്രിയിലെ സര്‍ജന്‍ ഡോ. പ്രശാന്തിനെതിരെ കഴക്കൂട്ടം പൊലീസ് കേസെടുത്തു. മേനംകുളം കൃഷ്‌ണേന്ദുവില്‍ ഷീബ പ്രമോദ് (47) ആണ് പരാതി നല്‍കിയത്. മുഖ്യമന്ത്രിക്കും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി.
വയറുവേദനയെ തുടര്‍ന്നു കഴിഞ്ഞ ഡിസംബര്‍ 3നാണ് ഷീബ ആശുപത്രിയില്‍ എത്തിയത്. സ്‌കാനിങ്ങില്‍, അപെന്റിസൈറ്റിസ് പഴുത്തു പൊട്ടിയതാണെന്നു ഡോക്ടര്‍ അറിയിച്ചു. തുടര്‍ന്ന് അടുത്ത ദിവസം ശസ്ത്രക്രിയ നടത്തി. ഡിസംബര്‍ 12 ന് വീട്ടിലേക്കു മടങ്ങി. പിന്നീടു പലതവണ ഇതേ ആശുപത്രിയിലെത്തി മുറിവ് ഡ്രസ് ചെയ്‌തെങ്കിലും വയറില്‍ വേദന അനുഭവപ്പെടുകയും തുന്നിച്ചേര്‍ത്ത സ്ഥലത്തു മുറിവില്‍ പഴുപ്പുണ്ടായി. വീണ്ടും ഇതേ ആശുപത്രിയില്‍ എത്തി ചികിത്സ തേടിയപ്പോള്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ അവധിയിലാണെന്നും മറ്റൊരു ഡോക്ടര്‍ പരിശോധിച്ച ശേഷം കുഴപ്പമില്ലെന്നും പറയുകയായിരുന്നു. മുറിവുണങ്ങാന്‍ മരുന്നുകളും നല്‍കി.
വേദന കുറയാതെ വന്നപ്പോള്‍ ഷീബ നഗരത്തിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലെത്തി. അവിടെ നടത്തിയ പരിശോധനയില്‍ മുറിവിന്റെ ഒരു വശത്തു കൂടി നൂല്‍ പുറത്തുവന്നത് കണ്ടെത്തി. വിശദമായ പരിശോധനയില്‍ വയറ്റിനുള്ളില്‍ തുണിയും പഞ്ഞിയുടെ ഭാഗങ്ങളും ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. വീണ്ടും കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തുകയും ഫെബ്രുവരി 4നു വീണ്ടും ശസ്ത്രക്രിയ നടത്തി. തുണിയുടെയും പഞ്ഞിയുടെയും ഭാഗങ്ങള്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates