train berth timing ഫയൽ
India

ആർഎസി ടിക്കറ്റ് സമ്പ്രദായം ഒഴിവാക്കാൻ റെയിൽവേ ; പാർലമെന്ററി പാനലിന്റെ നിർദ്ദേശം പരിഗണനയിൽ

പൂർണ്ണമായ ഉറങ്ങാനുള്ള സ്ഥലം ലഭിക്കാത്തപ്പോൾ മുഴുവൻ യാത്രാനിരക്ക് ഈടാക്കുന്നത് ശരിയല്ലെന്ന വിലയിരുത്തലിലാണ് റെയിൽവേ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

ന്യൂഡൽഹി: ആർഎസി ടിക്കറ്റ് സമ്പ്രദായം നിർത്തലാക്കുന്ന കാര്യം റെയിൽവേയുടെ സജീവ പരിഗണനയിൽ. രണ്ട് യാത്രക്കാർക്ക് ഒരു ബെർത്ത് വീതം നൽകി, കിടക്കാനായി പകുതി സ്ഥലം മാത്രം ലഭിക്കുമ്പോഴും മുഴുവൻ യാത്രാനിരക്കും ഈടാക്കുന്നതിനെതിരെ ഉയർന്ന പരാതികളെത്തുടർന്നാണ് റെയിൽവേ ഇക്കാര്യം പരിശോധിക്കുന്നത്. യാത്രാ സൗകര്യങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൻറെ ഭാഗമായാണ് ദശാബ്ദങ്ങളായി നിലനിൽക്കുന്ന ഈ സംവിധാനം പുനഃപരിശോധിക്കുന്നത്. പൂർണ്ണമായ ഉറങ്ങാനുള്ള സ്ഥലം ലഭിക്കാത്തപ്പോൾ മുഴുവൻ യാത്രാനിരക്ക് ഈടാക്കുന്നത് ശരിയല്ലെന്ന വിലയിരുത്തലിലാണ് റെയിൽവേ. കൂടാതെ, ആർഎസി. ടിക്കറ്റിൽ സ്ത്രീയും പുരുഷനും ഒരേ സീറ്റ് പങ്കിടേണ്ടി വരുന്നത് യാത്രാവേളകളിൽ അസൗകര്യങ്ങൾ സൃഷ്ടിക്കാറുണ്ടെന്ന ടിടിഇ മാരുടെ അഭിപ്രായവും ഇക്കാര്യത്തിൽ ഒരു പുനർചിന്തനത്തിന് പ്രേരകമായിട്ടുണ്ട്.

പാർലമെന്ററി പാനലിന്റെ ഇടപെടൽ

ആർഎസി ടിക്കറ്റുള്ള യാത്രക്കാരിൽ നിന്ന് മുഴുവൻ നിരക്ക് ഈടാക്കുന്നതിനെതിരെ പാർലമെന്ററി പാനലും രംഗത്തുണ്ടായിരുന്നു. യാത്രാവേളയിൽ വ്യക്തിഗത ബെർത്തിന്റെ ആനുകൂല്യം ലഭിക്കാത്ത സാഹചര്യത്തിൽ യാത്രക്കാരിൽ നിന്ന് മുഴുവൻ തുക ഈടാക്കുന്നത് ഒഴിവാക്കാൻ നിലവിലെ സംവിധാനം പുനഃപരിശോധിക്കണമെന്ന് പാനൽ റെയിൽവേയോട് ശുപാർശ ചെയ്തിരുന്നു.

എന്താണ് ആർ.എ.സി ?

കമ്പ്യൂട്ടർവത്കൃത ടിക്കറ്റ് സമ്പ്രദായം വരുന്നതിന് മുമ്പാണ് അവസാന നിമിഷത്തെ റദ്ദാക്കലുകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി ആർഎസി സമ്പ്രദായം കൊണ്ടുവന്നത്. കൺഫേംഡ് ടിക്കറ്റുകൾക്കും വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുകൾക്കും ഇടയിലുള്ള വിഭാഗമാണിത്. നിലവിൽ ഒരു സൈഡ്-ലോവർ ബെർത്താണ് രണ്ട് യാത്രക്കാർക്കാണ് ആർഎസി വഴി അനുവദിക്കുന്നത്. പകൽ സമയത്ത് ഇരിക്കാനും രാത്രിയിൽ ബെർത്ത് പങ്കിട്ട് കിടക്കാനുമാണ് ഈ സൗകര്യം. പിന്നീട് മറ്റ് യാത്രക്കാർ ടിക്കറ്റ് റദ്ദാക്കുകയാണെങ്കിൽ ആർഎസി. യാത്രക്കാർക്ക് മുഴുവൻ ബെർത്ത് ലഭിക്കാൻ സാധ്യതയുണ്ട്.

എന്നാൽ കമ്പ്യൂട്ടർവത്കൃത റിസർവേഷൻ സംവിധാനങ്ങൾ വന്നതിനുശേഷവും ആർഎസി രീതി തുടരുകയായിരുന്നു. ഈ സംവിധാനം പൂർണ്ണമായി ഒഴിവാക്കണോ എന്നത് സംബന്ധിച്ച് ഔദ്യോഗികമായി അന്തിമ തീരുമാനമൊന്നും എടുത്തിട്ടില്ലെങ്കിലും ഇതിന്റെ സാദ്ധ്യതകൾ റെയിൽവേ ഗൗരവമായി പരിശോധിച്ചുവരികയാണ്.

Indian Railways is examining the option of discontinuing the Reservation Against Cancellation (RAC) facility, following concerns raised by a parliamentary panel over charging full fares to passengers who only receive shared accommodation on a single berth.

'എന്റെ ഫോണ്‍ ചോര്‍ത്തുന്നു'; നേര്‍ക്കുനേര്‍ സംവാദത്തിന് വന്നാല്‍ മോദിയുടെ രാഷ്ട്രീയ ജീവിതം അവസാനിക്കുമെന്ന് രാഹുല്‍ ഗാന്ധി

ശബരിമല തീര്‍ത്ഥാടകര്‍ക്ക് രണ്ടുലക്ഷത്തിന്റെ ഇന്‍ഷൂറന്‍സ്; ബുക്കിങ് ദിനത്തിന്റെ തലേന്ന് മുതല്‍ പരിരക്ഷ; പദ്ധതി എല്‍ഐസിയുമായി സഹകരിച്ച്

1983 ലോകകപ്പില്‍ 9/4... '43' കൊല്ലത്തിന് ശേഷം ഇന്ത്യ വീണ്ടും 9/4!

ചെറുപ്പക്കാർക്കിടയിലും ഫാറ്റി ലിവർ, ഭക്ഷണത്തിലും വ്യായാമത്തിലും വരുത്തേണ്ട മാറ്റങ്ങൾ

വിമാന സര്‍വീസുകളെയും ബാധിച്ച് മൈക്രോസോഫ്റ്റ് തകരാര്‍; മൂന്ന് വിമാനങ്ങള്‍ റദ്ദാക്കി, രണ്ടെണ്ണം വൈകി