ഗുവാഹത്തി: വന്‍തോതില്‍ ഗോത്രവര്‍ഗ ഭൂമി സ്വകാര്യ സിമന്റ് കമ്പനിക്ക് നല്‍കാനുള്ള അസമിലെ ബിജെപി സര്‍ക്കാരിന്റെ തീരുമാനത്തെ വിമര്‍ശിച്ച് ഗുവാഹത്തി ഹൈക്കോടതി. അസമിലെ ദിമ ഹസാവോ ജില്ലയിലെ 3000 ബിഗാ ( ഏതാണ്ട് 81 ദശലക്ഷം ചതുരശ്ര അടി ) ഭൂമിയാണ് മഹാബല്‍ സിമന്റ്‌സ് കമ്പനിക്ക് നല്‍കാന്‍ ബിജെപി സര്‍ക്കാര്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ തീരുമാനത്തിനെതിരെയുള്ള ഹര്‍ജി പരിഗണിക്കവെയാണ്, വിട്ടു നല്‍കിയ ഭൂമിയെപ്പറ്റി കേട്ട് ഹൈക്കോടതി ജഡ്ജി ഞെട്ടിയത്.
വിചാരണക്കിടെ വിട്ടു നല്‍കിയ ഭൂമിയുടെ അളവ് സംബന്ധിച്ച് അഭിഭാഷകന്‍ ബോധിപ്പിച്ചപ്പോള്‍ കേള്‍ക്കുന്നത് തമാശയാണോ എന്നായിരുന്നു ഗുവാഹത്തി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സഞ്ജയ് കുമാര്‍ മേധി ചോദിച്ചത്. '' 3000 ബിഗാസ് !. 'ഒരു ജില്ല മുഴുവന്‍ സ്വകാര്യ കമ്പനിയുടെ നിര്‍മാണത്തിന് നല്‍കിയോ? . എന്താണ് സംഭവിക്കുന്നത്?. ഒരു സ്വകാര്യ കമ്പനിക്ക് (മഹാബല്‍ സിമന്റ്സിന്) 3,000 ബിഗാ ഭൂമി കൊടുക്കുന്നു? ഇത് എന്ത് തരത്തിലുള്ള തീരുമാനമാണ്? ഇതു തമാശയാണോ? സ്വകാര്യ താല്‍പ്പര്യമല്ല, പൊതു താല്‍പ്പര്യമാണ് പ്രധാനം''. ഹൈക്കോടതി അഭിപ്രായപ്പെട്ടു.
സര്‍ക്കാര്‍ നല്‍കിയത് തരിശു ഭൂമിയാണെന്നും, കമ്പനി പ്രവര്‍ത്തിപ്പിക്കുന്നതിന് ഇത്രയും ഭൂമി ആവശ്യമാണെന്നും മഹാബല്‍ കമ്പനിയുടെ അഭിഭാഷക വാദിച്ചപ്പോഴാണ് കോടതി, ഇതെന്താ തമാശയാണോയെന്ന് അഭിപ്രായപ്പെട്ടത്. വിചാരണയ്ക്കിടയിലെ ഹൈക്കോടതി ജഡ്ജിയുടെ അവിശ്വസനീയമായ ചോദ്യങ്ങള്‍ അടങ്ങിയ രംഗങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്. അസമിലെ ഹിമന്ത ബിശ്വ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് പ്രീണന നയത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ നേരത്തെ രംഗത്തു വന്നിരുന്നു.
ഇതിനിടെയാണ് ഭൂമി ഇടപാടു സംബന്ധിച്ച് ഹൈക്കോടതി വിമര്‍ശനവും ഉയര്‍ന്നത്. കൃഷി ഭൂമിയും, പിന്നാക്ക വിഭാഗക്കാരുടെ ഭൂമിയും ഉള്‍പ്പെടെ പിടിച്ചെടുത്ത് വികസനത്തിന്റെ മറവില്‍ കോര്‍പറേറ്റുകള്‍ക്ക് ഇഷ്ടദാനം നിര്‍വഹിക്കുന്നതായിട്ടാണ് പ്രതിപക്ഷം ആരോപിക്കുന്നത്. കൊക്രജര്‍ ജില്ലയില്‍ 3600 ബിഗ (1200 ഏക്കര്‍) ഭൂമി അദാനി ഗ്രൂപ്പിനു കീഴിലെ വൈദ്യുതി നിലയത്തിനായി നല്‍കാനുള്ള നീക്കത്തിനെതിരെ സംസ്ഥാനത്ത് വലിയ ജനകീയ പ്രക്ഷോഭം നടക്കുകയാണ്. ദിമ ഹസാവോയില്‍ ഏതാണ്ട 9000 ബിഗാ ആദിവാസി ഭൂമി ബിജെപി അനുകൂല കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറാന്‍ നീക്കം നടക്കുന്നുവെന്നും, ഇതു തടയണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates