In protest, the family brought the body to the bank after his death 
India

ഇ-കെവൈസി വില്ലനായി; ചികിത്സയ്ക്ക് പണമില്ലാതെ വൃദ്ധൻ മരിച്ചു, ബാങ്കിന് മുന്നിൽ മൃതദേഹവുമായി കുടുംബത്തിന്റെ പ്രതിഷേധം

ഝാർഖണ്ഡിൽ സ്വന്തം പെൻഷൻ തുക പിൻവലിക്കാനാകാതെ 75-കാരൻ മരണപ്പെട്ടു; സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി ഹേമന്ത് സോറൻ

Author : സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: ബാങ്കിലെ ഇ-കെവൈസി നടപടികൾ പൂർത്തിയാക്കാൻ സാധിക്കാത്തതിനെ തുടർന്ന് സ്വന്തം അക്കൗണ്ടിലുള്ള പെൻഷൻ തുക ചികിത്സയ്ക്കായി പിൻവലിക്കാനാകാതെ 75-കാരനായ വയോധികൻ മരണപ്പെട്ടു. ചികിത്സ കിട്ടാതെ രത്തൻ ലക്ര എന്ന വയോധികൻ മരണപ്പെട്ടതോടെ, രോഷാകുലരായ കുടുംബാംഗങ്ങളും നാട്ടുകാരും മൃതദേഹവുമായി ബാങ്കിന് മുന്നിലെത്തി പ്രതിഷേധം നടത്തി. മൃതദേഹം ബാങ്ക് കവാടത്തിൽ കിടത്തിയ അവർ, അദ്ദേഹത്തെ അവിടെത്തന്നെ അടക്കം ചെയ്യുമെന്നും ശാഠ്യം പിടിച്ചു. ഝാർഖണ്ഡിലെ ഗർവാ ജില്ലയിലുള്ള ഝാർഖണ്ഡ് ഗ്രാമീൺ ബാങ്കിന്റെ ബർഗഡ് ബ്രാഞ്ചിലാണ് മനസ്സാക്ഷിയെ ഞെട്ടിച്ച ഈ സംഭവം നടന്നത്.

സംഭവം സോഷ്യൽ മീഡിയയിൽ വൈറലാവുകയും പ്രതിഷേധം കടുക്കുകയും ചെയ്തതോടെ ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ വിഷയത്തിൽ അടിയന്തരമായി ഇടപെടുകയും സമഗ്രമായ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ ഗർവാ ജില്ലാ ഡെപ്യൂട്ടി കമ്മീഷണർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി.

മൂന്ന് മാസമായി ബാങ്ക് കയറിയിറങ്ങി; ഒടുവിൽ പ്യൂൺ ഇറക്കിവിട്ടു

ഗർവാ സ്വദേശിയായ രത്തൻ ലക്ര കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഗുരുതരമായ രോഗബാധിതനായിരുന്നു. ചികിത്സയ്ക്കായി വലിയൊരു തുക ആവശ്യമായി വന്നതോടെയാണ് സ്വന്തം അക്കൗണ്ടിലുള്ള പെൻഷൻ തുക പിൻവലിക്കാൻ ഇവർ ബാങ്കിനെ സമീപിച്ചത്. എന്നാൽ കെവൈസി വിവരങ്ങൾ പുതുക്കാത്തതിനാൽ പണം പിൻവലിക്കാനാകില്ലെന്ന നിലപാടാണ് ബാങ്ക് സ്വീകരിച്ചത്. കഴിഞ്ഞ മൂന്ന് മാസമായി കെവൈസി നടപടികൾക്കായി ബാങ്ക് മാനേജർ വയോധികനെ നിരന്തരം ബാങ്കിലേക്ക് നടത്തിക്കുകയായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു. ഒടുവിൽ റീജിയണൽ മാനേജരുടെ നിർദ്ദേശപ്രകാരം കടുത്ത രോഗബാധിതനായ രത്തൻ ലക്രയെ കുടുംബാംഗങ്ങൾ നേരിട്ട് ബാങ്കിലെത്തിച്ചു.

"രോഗബാധിതനായ എന്റെ അച്ഛനെ ഞാൻ ഒരു ഓട്ടോയിലാണ് ബാങ്കിൽ എത്തിച്ചത്. ബാങ്ക് മാനേജരോട് പുറത്തുവന്ന് അദ്ദേഹത്തെ നേരിട്ട് കണ്ട് വെരിഫിക്കേഷൻ പൂർത്തിയാക്കാൻ ഞാൻ അപേക്ഷിച്ചു. എന്നാൽ അതിന് തയ്യാറാകാതിരുന്ന മാനേജർ, അദ്ദേഹത്തിന്റെ പ്യൂണിനെക്കൊണ്ട് ഞങ്ങളെ ബാങ്കിൽ നിന്ന് വലിച്ച് പുറത്താക്കുകയാണ് ചെയ്തത്," - രത്തൻ ലക്രയുടെ മരുമകൾ ഫൂൽമണി ലക്ര കണ്ണീരോടെ പറഞ്ഞു.

തുടർന്ന് ചികിത്സ ലഭ്യമാക്കാൻ പണമില്ലാതെ വലഞ്ഞ രത്തൻ ലക്ര കഴിഞ്ഞ തിങ്കളാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു.

ന്യായീകരണവുമായി ബാങ്ക് അധികൃതർ; കർശന നടപടിയെന്ന് ഡി.സി

എന്നാൽ തങ്ങൾക്കെതിരെ ഉയർന്ന ആരോപണങ്ങൾ ബാങ്ക് അധികൃതർ നിഷേധിച്ചു. കെവൈസി നടപടികൾ നേരത്തെ തന്നെ പൂർത്തിയായിരുന്നുവെന്നും, എന്നാൽ പണം പിൻവലിക്കാനായി പിന്നീട് കുടുംബാംഗങ്ങൾ ആരും ബാങ്കിലേക്ക് വരാതിരുന്നതിനാലാണ് തുക കൈമാറാൻ കഴിയാഞ്ഞത് എന്നുമാണ് ബാങ്കിന്റെ വിശദീകരണം. കെവൈസി എന്തുകൊണ്ട് വൈകിപ്പിച്ചു എന്ന ചോദ്യത്തിന്, താൻ ഈ ബ്രാഞ്ചിൽ പുതിയതായി ചാർജെടുത്ത ആളാണെന്നും മുൻപ് നടന്ന കാര്യങ്ങളെക്കുറിച്ച് അറിയില്ലെന്നുമാണ് അവിടുത്തെ കാഷ്യർ മറുപടി നൽകിയത്.

മുഖ്യമന്ത്രിയുടെ ഉത്തരവിന് പിന്നാലെ ഗർവാ ജില്ലാ ഭരണകൂടം അതിവേഗം നടപടികളിലേക്ക് കടന്നു. സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിനും ലീഡ് ഡിസ്ട്രിക്റ്റ് മാനേജർക്കും വിശദമായ അന്വേഷണത്തിനായി ഡിസി നിർദ്ദേശം നൽകിയിട്ടുണ്ട്. അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക് വീഴ്ച വരുത്തിയ എല്ലാ ഉദ്യോഗസ്ഥർക്കെതിരെയും നിയമപ്രകാരം കടുത്ത നടപടിയുണ്ടാകുമെന്നും, ദുരിതത്തിലായ കുടുംബത്തിന് ആവശ്യമായ എല്ലാ സർക്കാർ സഹായങ്ങളും ഉറപ്പാക്കുമെന്നും ഗർവാ ഡിസി മുഖ്യമന്ത്രിയെ അറിയിച്ചു.

In a tragic incident, Ratan Lakra, a 75-year-old ailing man from Garhwa district in Jharkhand, lost his life as he could not withdraw his own pension money for medical treatment due to incomplete e-KYC formalities.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അഹമ്മദാബാദ് സ്‌ഫോടന പരമ്പര: 38 പേരുടെ വധശിക്ഷ ഗുജറാത്ത് ഹൈക്കോടതി ശരിവെച്ചു; പ്രതികളില്‍ മൂന്ന് മലയാളികളും

മോട്ടോ എഐ കീ, വയര്‍ലെസ് ചാര്‍ജിങ്; മോട്ടോറോള എഡ്ജ് 70 മാക്‌സ് ഉടന്‍ വിപണിയില്‍, അറിയാം ഫീച്ചറുകള്‍

ട്രോഫി വിതരണം ചെയ്യാൻ വേദിയിലേക്ക് റോബോട്ട് നടന്നെത്തി; തൂക്കുപാലം വിജയമാതാ സ്കൂളിലെ സ്പോർട്സ് ഡേയിൽ അത്ഭുതക്കാഴ്ച!

കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ജോലി നേടാം; കോട്ടൺ കോർപ്പറേഷനിൽ 148 ഒഴിവുകൾ, ബിരുദം മുതൽ യോഗ്യത

തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമം; ബംഗാളിൽ 11 കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന കേസിലെ മുഖ്യപ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു