ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിലെ അപ്രതീക്ഷിത മാറ്റങ്ങൾക്ക് പിന്നാലെ ദേശീയ തലത്തിലും കോൺഗ്രസുമായുള്ള സഖ്യം ഉപേക്ഷിച്ചതായി സൂചന നൽകി ഡിഎംകെ. രാഷ്ട്രീയ സാഹചര്യങ്ങൾ മാറിയതായും ഇന്ത്യൻ നാഷണൽ കോൺഗ്രസുമായുള്ള സഖ്യം ഡിഎംകെ അവസാനിപ്പിച്ചതായും വ്യക്തമാക്കി ലോക്‌സഭാ സ്പീക്കർക്ക് ഡിഎംകെ പാർലമെന്ററി പാർട്ടി നേതാവ് കനിമൊഴി കരുണാനിധി കത്തയച്ചു. സഭയിൽ കോൺഗ്രസ് എംപിമാർക്കൊപ്പം ഇരിക്കുന്നത് ഇനി ഉചിതമല്ലെന്നും ഡിഎംകെ അംഗങ്ങൾക്ക് പ്രത്യേക ഇരിപ്പിടങ്ങൾ അനുവദിക്കണമെന്നുമാണ് കത്തിലെ പ്രധാന ആവശ്യം
സഖ്യം ഒഴിഞ്ഞു; പാർലമെന്റിൽ മാറ്റം വേണം
മാറിയ രാഷ്ട്രീയ പശ്ചാത്തലത്തിൽ പാർട്ടി സ്വതന്ത്രമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് കനിമൊഴി വ്യക്തമാക്കി. "കോൺഗ്രസുമായുള്ള സഖ്യം അവസാനിപ്പിച്ച സാഹചര്യത്തിൽ ഡിഎംകെ എംപിമാർക്ക് സഭയിൽ പ്രത്യേക സീറ്റുകൾ അനുവദിക്കണം. അംഗങ്ങൾക്ക് തങ്ങളുടെ ഉത്തരവാദിത്തങ്ങൾ കാര്യക്ഷമമായി നിർവഹിക്കാൻ ഈ മാറ്റം അത്യാവശ്യമാണ്," സ്പീക്കർക്ക് നൽകിയ കത്തിൽ കനിമൊഴി ചൂണ്ടിക്കാട്ടി. സ്പീക്കറുടെ ഭാഗത്തുനിന്ന് അനുകൂലമായ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
ഗവർണ്ണർ പദവി അനാവശ്യം
സംസ്ഥാനത്ത് സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെ ഗവർണ്ണർ പദവിക്കെതിരെയും കനിമൊഴി ആഞ്ഞടിച്ചു. ഗവർണ്ണർ പദവി തന്നെ അനാവശ്യമാണെന്നതാണ് ഡിഎംകെയുടെ എക്കാലത്തെയും നിലപാടെന്നും, നിലവിലെ രാഷ്ട്രീയ സാഹചര്യം ഈ ആവശ്യത്തിന്റെ പ്രസക്തി വർദ്ധിപ്പിക്കുകയാണെന്നും അവർ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നിട്ടും സർക്കാർ രൂപീകരണത്തിൽ ഗവർണ്ണർ സ്വീകരിക്കുന്ന കാലതാമസം ഭരണഘടനാപരമായ ചോദ്യങ്ങൾ ഉയർത്തുന്നുണ്ടെന്ന് കനിമൊഴി കുറ്റപ്പെടുത്തി.
അഭ്യൂഹങ്ങളെ തള്ളിക്കളഞ്ഞു
തമിഴ്‌നാട്ടിൽ തൂക്കുമന്ത്രിസഭ നിലവിൽ വന്നേക്കാമെന്ന സാഹചര്യത്തിൽ, എഐഎഡിഎംകെ സർക്കാർ രൂപീകരിക്കാൻ ഡിഎംകെ പുറത്തുനിന്ന് പിന്തുണ നൽകുമെന്ന റിപ്പോർട്ടുകൾ വെറും ഊഹാപോഹങ്ങൾ മാത്രമാണെന്ന് തൂത്തുക്കുടി എംപി വ്യക്തമാക്കി. "ഇത്തരം ഓരോരോ അഭ്യൂഹങ്ങൾക്കും മറുപടി നൽകേണ്ട കാര്യം ഞങ്ങൾക്കില്ല. അതൊക്കെ വെറും വായുവിൽ പറക്കുന്ന വാർത്തകളാണ്," കനിമൊഴി പറഞ്ഞു.
English Summary: DMK MP Kanimozhi Karunanidhi has written to the Lok Sabha Speaker requesting a change in seating arrangements for members of the Dravida Munnetra Kazhagam (DMK) in the House.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates