ന്യൂഡൽഹി: പാചകവാതക സിലിൻഡറുകളുടെ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ മിന്നൽ പരിശോധനകൾ ശക്തമാക്കി കേന്ദ്ര സർക്കാർ. മഹാരാഷ്ട്ര, രാജസ്ഥാൻ, ഉത്തർപ്രദേശ്, ആന്ധ്രപ്രദേശ്, ബിഹാർ, ഒഡിഷ, കർണാടക സംസ്ഥാനങ്ങളിലെ 1400ൽപ്പരം കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന നടന്നു. യുപിയിൽ മാത്രം 20 കേസുകൾ രജിസ്റ്റർ ചെയ്തു. 19 പേർക്കെതിരെ നടപടിയെടുത്തു.
ഗാർഹിക സിലിൻഡറുകൾ ആവശ്യത്തിനുണ്ടായിട്ടും പരിഭ്രാന്തരായി ബുക്ക് ചെയ്യുന്നവരുടെ എണ്ണം കൂടുകയാണ്. ആളുകൾ ഇതിൽ നിന്നു പിന്തിരിയണം. കഴിഞ്ഞ ദിവസം 75 ലക്ഷം പേരാണ് ബുക്ക് ചെയ്തതെങ്കിൽ നിലവിൽ അത് 88 ലക്ഷമായെന്നു കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി.
പാചക വാതക ബുക്കിങ് ഇടവേള ഗ്രാമീണ മേഖലയിൽ 45 ദിവസവും നഗര മേഖലയിൽ 25 ദിവസവുമാക്കി. വാണിജ്യ ഉപഭോക്താക്കൾക്ക് പൈപ്പ് ലൈൻ ഗ്യാസ് കണക്ഷൻ (പിഎൻജി) ലഭ്യമാക്കാൻ ഗെയിൽ അധികൃതർ അതത് സിറ്റി ഗ്യാസ് വിതരണക്കാരോട് നിർദ്ദേശിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്കു എൽപിജിയിൽ നിന്നു പിഎൻജിയിലേക്ക് എളുപ്പത്തിൽ മാറാമെന്നും ഗാർഹിക, വാണിജ്യ ഉപഭോക്താക്കൾ സൗകര്യം ഉപയോഗപ്പെടുത്തണമെന്നും കേന്ദ്രം അറിയിച്ചു.
വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലൻഡർ വിതരണം 29 സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിൽ ആരംഭിച്ചതായി പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. വിതരണത്തിൽ മുൻഗണനാ ക്രമം നിശ്ചയിക്കണമെന്നു സംസ്ഥാന സർക്കാരുകളോട് നിർദ്ദേശിച്ചു.
രാജ്യ തലസ്ഥാന മേഖലയിലെ വ്യവസായങ്ങൾ, ഹോട്ടലുകൾ എന്നിവയ്ക്കു ഒരു മാസം എൽപിജിക്കും പ്രകൃതി വാതകത്തിനും പകരമായി ജൈവ ഇന്ധനം ഉപയോഗിക്കാൻ അനുമതി നൽകി. വാഹനങ്ങൾക്കുള്ള പൈപ്പ്ലൈൻ ഗ്യാസ്, സിഎൻജി വിതരണം തടസമില്ലാതെ ലഭ്യമാക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates