ഭോപ്പാൽ: ഭാഗ്യം എപ്പോൾ എങ്ങനെ തേടിയെത്തുമെന്ന് ആർക്കും പറയാനാവില്ല. വർഷങ്ങളോളം വിയർപ്പൊഴുക്കിയിട്ടും നിരാശ മാത്രം ബാക്കിയായ ഏഴ് സാധാരണ തൊഴിലാളികളെ തേടിയെത്തിയത് അൻപത് ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന അപൂർവ്വ വജ്രം. മധ്യപ്രദേശിലെ പന്ന ജില്ലയിലെ സരോഖ ഗ്രാമത്തിലെ ഒരു ചെറുകിട ഖനിയിൽ നിന്നാണ് 17.96 കാരറ്റ് തൂക്കം വരുന്ന 'ജെം ക്വാളിറ്റി' വിഭാഗത്തിലുള്ള അമൂല്യ വജ്രം തൊഴിലാളികൾക്ക് ലഭിച്ചത്. ഒക്ടോബർ ആദ്യവാരത്തിൽ നടക്കുന്ന സർക്കാർ ലേലത്തിൽ ഈ വജ്രം വിൽപ്പനയ്ക്ക് വെയ്ക്കുമെന്നും കുറഞ്ഞത് 50 ലക്ഷം രൂപയെങ്കിലും ഇതിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പന്ന ഡയമണ്ട് ഓഫീസ് ഉദ്യോഗസ്ഥനായ രവി പട്ടേൽ വ്യക്തമാക്കി. ആഭ്യന്തര-അന്തർദേശീയ വ്യാപാരികൾ ലേലത്തിൽ പങ്കെടുക്കും.
രണ്ട് വർഷം മുൻപാണ് ഏഴ് തൊഴിലാളികൾ ചേർന്ന് സരോഖയിലെ ഖനി പാട്ടത്തിനെടുത്തത് . എന്നാൽ ദീർഘകാലം കഠിനാധ്വാനം ചെയ്തിട്ടും യാതൊന്നും കണ്ടെത്താൻ കഴിയാതെ വന്നതോടെ ഒരു വർഷം മുൻപ് ഇവർ ഈ ഖനി ഉപേക്ഷിച്ച് സമീപത്ത് മറ്റൊരു ഖനി ആരംഭിക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയ്ക്ക് പിന്നാലെ ഉപേക്ഷിച്ച പഴയ ഖനി പരിശോധിക്കാൻ എത്തിയപ്പോഴാണ് ഖനിയുടെ മുകൾഭാഗത്ത് മണ്ണിൽ തിളങ്ങിനിൽക്കുന്ന വജ്രം ശ്രദ്ധയിൽപ്പെട്ടതെന്ന് തൊഴിലാളികളിലൊരാളായ അഖിലേഷ് പാൽ പറഞ്ഞു. തുടർന്ന് ഇവർ വജ്രം പന്നയിലെ സർക്കാർ ഓഫീസിലെത്തിച്ച് പരിശോധനയ്ക്ക് വിധേയമാക്കി.
പന്നയിലെ ഖനികളിൽ സാധാരണയായി തൊഴിലാളികൾ വൻകിട പാട്ടക്കാരുടെ കീഴിൽ കൂലിപ്പണിക്കാരായാണ് ജോലി ചെയ്യാറുള്ളത്. എന്നാൽ ഇവിടെ തൊഴിലാളികൾ തന്നെയാണ് ഖനിയുടെ നേരിട്ടുള്ള പാട്ടക്കാർ എന്ന പ്രത്യേകതയുണ്ട്. അതിനാൽ സർക്കാർ നിശ്ചയിച്ചിട്ടുള്ള 12 ശതമാനം റോയൽറ്റി കിഴിച്ചുള്ള മുഴുവൻ തുകയും തുല്യമായി ഈ ഏഴ് തൊഴിലാളികൾക്ക് ലഭിക്കും. കടുത്ത ദാരിദ്ര്യവും സാമ്പത്തിക പരാധീനതകളും കാരണം വിവാഹം പോലും കഴിക്കാൻ സാധിക്കാതിരുന്ന മൂന്ന് പേർ ഈ സംഘത്തിലുണ്ട്. ഈ അപ്രതീക്ഷിത കണ്ടെത്തലോടെ ഇവരുടെ ജീവിതസാഹചര്യങ്ങൾ തന്നെ പൂർണ്ണമായി മാറുകയാണ്.
ഇന്ത്യയിലെ വജ്ര നിക്ഷേപത്തിന്റെ ഭൂരിഭാഗവും സ്ഥിതി ചെയ്യുന്ന പന്ന ജില്ലയിൽ സമീപകാലത്തും ഒട്ടേറെ സാധാരണക്കാർക്ക് വലിയ വജ്രങ്ങൾ ലഭിച്ചിട്ടുണ്ട്.
രണ്ട് സുഹൃത്തുക്കൾക്ക് 50 ലക്ഷത്തിന്റെ വജ്രം: 2025 ഡിസംബർ 9-ന് കൃഷ്ണ കല്യാൺപൂർ പട്ടി മേഖലയിലെ ഖനിയിൽ നിന്ന് റാണിഗഞ്ച് സ്വദേശിയായ സതീഷ് ഖതിക് (24), സുഹൃത്ത് സാജിദ് മുഹമ്മദ് (23) എന്നിവർക്ക് 15.34 കാരറ്റിന്റെ ജെം ക്വാളിറ്റി വജ്രം ലഭിച്ചിരുന്നു. 50 ലക്ഷത്തിലധികം രൂപയായിരുന്നു ഇതിന്റെ മൂല്യം.
കർഷകന് 10 ലക്ഷത്തിന്റെ വജ്രം: തൊട്ടടുത്ത ദിവസം, 2025 ഡിസംബർ 10-ന് ഇതേ മേഖലയിലെ രാജേന്ദ്ര സിംഗ് ബുന്ദേല എന്ന കർഷകന്റെ ഖനിയിൽ നിന്ന് 3.39 കാരറ്റിന്റെ വജ്രം കണ്ടെത്തി. പക്ഷാഘാതത്തെ തുടർന്ന് ശാരീരിക അധ്വാനം സാധ്യമാകാതെ വന്നപ്പോഴാണ് ഇദ്ദേഹം ഉപജീവനത്തിനായി ഖനി പാട്ടത്തിനെടുത്തത്.
ഗോത്ര സഹോദരങ്ങൾക്ക് 30 ലക്ഷം രൂപ: 2026 ജൂൺ 29-ന് അഹിർഗവാനിലെ ഖനിയിൽ നിന്ന് രാകേഷ് ഗൗഡ്, സഹോദരൻ രാജു ആദിവാസി, ഭാര്യാസഹോദരൻ രത്തൻ ആദിവാസി, ഭൂവുടമ ഛുട്ടോ സർക്കാർ എന്നിവരടങ്ങിയ സംഘത്തിന് 11.19 കാരറ്റിന്റെ വജ്രം ലഭിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates