ശ്രീനഗര്‍: ഷോപ്പിയാനില്‍ സൈന്യം വധിച്ച ഭീകരരില്‍ ടിആര്‍എഫ് ഓപ്പറേഷണല്‍ കമാന്‍ഡറും. ഭീകര സംഘടനയ്ക്ക് ശക്തമായ തിരിച്ചടി നല്‍കി ഷോപ്പിയാനിലെ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെയാണ് സുരക്ഷാ സേന വധിച്ചത്. ഇതില്‍ ഒരാള്‍ ടിആര്‍എഫ് ( ദി റെസിസ്റ്റന്‍സ് ഫ്രണ്ട് )ചീഫ് ഓപ്പറേഷണല്‍ കമാന്‍ഡര്‍ ഷഹീദ് കൂട്ടെയാണെന്ന് സുരക്ഷാ സേന വ്യക്തമാക്കി. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത് ടിആര്‍എഫ് ആണ്. ലഷ്‌കര്‍ ഇ തയ്ബയുടെ നിഴലായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ടിആര്‍എഫ്.
തെക്കന്‍ കശ്മീരിലെ ഷോപ്പിയാനിലെ വാന്ധമയില്‍ നിന്നുള്ള ഷഹീദ് കൂട്ടെ ലഷ്‌കര്‍ ഇ തയ്ബയുടെയും ചീഫ് ഓപ്പറേഷണല്‍ കമാന്‍ഡര്‍ ആണ്. വാന്ധമയില്‍ നിന്ന് തന്നെയുള്ള അദ്നാന്‍ ഷാഫിയും പുല്‍വാമയില്‍ നിന്നുള്ള ഹാരിസ് നസീറുമാണ് കൊല്ലപ്പെട്ട മറ്റു രണ്ടുപേര്‍. ഇതില്‍ അദ്‌നാന്‍ ഷാഫി ടിആര്‍എഫിന്റെയും ലഷ്‌കറിന്റെയും ടോപ്പ് കമാന്‍ഡര്‍ ആണ്.
പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം, ആക്രമണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന പ്രാദേശിക ഭീകരര്‍ക്കായുള്ള തിരച്ചില്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ ശക്തമാക്കിയിട്ടുണ്ട്. ദക്ഷിണ കശ്മീരിലെ അനന്ത്നാഗ്, ഷോപ്പിയാന്‍, പുല്‍വാമ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന 14 'മോസ്റ്റ് വാണ്ടഡ്' ഭീകരരുടെ പട്ടികയില്‍ കൂട്ടെയും നസീറും ഉള്‍പ്പെടുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ചോട്ടിപോറയിലെ കൂട്ടെയുടെ വീട് തകര്‍ത്തിരുന്നു.
'കൂട്ടെയെ നിര്‍വീര്യമാക്കിയത് ഇന്ത്യന്‍ സുരക്ഷാ സേനയുടെ തന്ത്രപരമായ വിജയമായി അടയാളപ്പെടുത്തുന്നു. കശ്മീരിലെ ടിആര്‍എഫിന്റെയും ലഷ്‌കറിന്റെയും പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ ഇതുവഴി സാധിക്കും. സാജിദ് ജാട്ട് ഉള്‍പ്പെടെ അതിര്‍ത്തിക്കപ്പുറത്തുള്ള ലഷ്‌കറിന്റെ ഉന്നത നേതൃത്വവുമായി കൂട്ടെയ്ക്ക് അടുത്ത ബന്ധമുണ്ട്. അദ്ദേഹത്തിന്റെ മരണം ടിആര്‍എഫ്/ലഷ്‌കര്‍ പ്രവര്‍ത്തനത്തിന് വലിയ തിരിച്ചടിയാകും' - സൈനിക വൃത്തങ്ങള്‍ പറഞ്ഞു.
2024 ഏപ്രില്‍ 8ന് ഡാനിഷ് റിസോര്‍ട്ടില്‍ നടന്ന വെടിവയ്പ്പ് സംഭവത്തില്‍ കൂട്ടെയ്ക്കും പങ്കുണ്ട്. അന്ന് നടന്ന ഭീകരാക്രമണത്തില്‍ രണ്ട് ജര്‍മ്മന്‍ വിനോദസഞ്ചാരികള്‍ക്കും ഒരു ഡ്രൈവര്‍ക്കും പരിക്കേറ്റു. 2024 മെയ് 18 ന് ഷോപ്പിയാനിലെ ഹീര്‍പോറയില്‍ ഒരു ബിജെപി സര്‍പഞ്ചിനെ കൊലപ്പെടുത്തിയതിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates