പ്രതീകാത്മക ചിത്രം  AI Generated
India

പുരുഷ വന്ധ്യത സാമ്പത്തിക പ്രതിസന്ധിയാകുന്നു; എന്‍ഡോമെട്രിയോസിസിനു സമാനമായ ചികിത്സാചെലവ്; ഇന്‍ഷുറന്‍സും സര്‍ക്കാര്‍ സംവിധാനങ്ങളും ആവശ്യം

വന്ധ്യതാ ചികിത്സയ്ക്കായി ഇന്ത്യയില്‍ ഒരു കുടുംബം വര്‍ഷത്തില്‍ ശരാശരി 11,317 രൂപ നേരിട്ട് ചെലവഴിക്കുന്നതായി കണ്ടെത്തി.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ചന്ദ്ര സ്വസ്തി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ പുരുഷ വന്ധ്യത (Male Infertility) ചികിത്സയ്ക്കായി ദമ്പതികള്‍ ചെലവഴിക്കുന്ന തുക സ്ത്രീകളിലെ എന്‍ഡോമെട്രിയോസിസ് (Endometriosis) ചികിത്സയുടെ ചെലവിനു തുല്യമാണെന്ന് പുതിയ പഠനം.

ഇത് വന്ധ്യതാ ചികിത്സയുമായി ബന്ധപ്പെട്ട് പുരുഷന്മാര്‍ നേരിടുന്ന സാമ്പത്തിക ഭാരം അവഗണിക്കപ്പെടുന്നുണ്ടെന്ന നിഗമനത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കുടുംബങ്ങളുടെ സാമ്പത്തിക ഭാരം, സാമൂഹിക സമ്മര്‍ദം, മാനസിക സംഘര്‍ഷം എന്നിവയെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നതാണ് കണ്ടെത്തല്‍.

വന്ധ്യതയെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ പൊതുവേ സ്ത്രീകളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം ലഭിക്കാറുള്ളത്. എന്നാല്‍ ഇന്ത്യയില്‍ നടത്തിയ പുതിയ പഠനം ഈ ധാരണയെ ചോദ്യം ചെയ്യുകയാണ്.

ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ (IJMR) പ്രസിദ്ധീകരിച്ച പഠനത്തില്‍, പുരുഷ വന്ധ്യതാ ചികിത്സയ്ക്കായി ദമ്പതികള്‍ ഒരു വര്‍ഷത്തില്‍ ശരാശരി 16,566 രൂപ സ്വന്തം പോക്കറ്റില്‍ നിന്ന് ചെലവഴിക്കുന്നതായാണ് കണ്ടെത്തിയത്.

പഠനത്തില്‍ ഉള്‍പ്പെടുത്തിയ അഞ്ച് പ്രധാന വന്ധ്യതാ കാരണങ്ങളില്‍ ഏറ്റവും കൂടുതല്‍ ചെലവേറിയത് എന്‍ഡോമെട്രിയോസിസ് ആയിരുന്നു. അതിന് ശരാശരി 16,943 രൂപ ചെലവാകുമ്പോള്‍, പുരുഷ വന്ധ്യത രണ്ടാം സ്ഥാനത്താണ്. വന്ധ്യതാ ചികിത്സയ്ക്കായി ഇന്ത്യയില്‍ ഒരു കുടുംബം വര്‍ഷത്തില്‍ ശരാശരി 11,317 രൂപ നേരിട്ട് ചെലവഴിക്കുന്നതായി കണ്ടെത്തി. രോഗത്തിന്റെ സ്വഭാവം അനുസരിച്ച് ചെലവില്‍ വലിയ വ്യത്യാസമുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

പുരുഷ വന്ധ്യതയുടെ കാര്യത്തില്‍ ചെലവിന്റെ വലിയൊരു പങ്കും പരിശോധനകള്‍ക്കും രോഗനിര്‍ണയത്തിനുമാണ് പോകുന്നത്. ബീജപരിശോധന, ഹോര്‍മോണ്‍ പരിശോധന, അള്‍ട്രാസൗണ്ട്, മറ്റ് പ്രത്യേക മെഡിക്കല്‍ വിലയിരുത്തലുകള്‍ എന്നിവയ്ക്ക് ഗണ്യമായ തുക ചെലവാകുന്നു. പഠനപ്രകാരം പുരുഷ വന്ധ്യതയുമായി ബന്ധപ്പെട്ട പരിശോധനകള്‍ക്കായി മാത്രം ശരാശരി 5,220 രൂപാണ് ചെലവ്. ചികിത്സാ മരുന്നുകള്‍ക്കും ഹോര്‍മോണ്‍ തെറാപ്പികള്‍ക്കും അധിക ചെലവുണ്ട്.

വന്ധ്യത സ്ത്രീകളുടെ മാത്രം പ്രശ്‌നമാണെന്ന പൊതുസമൂഹത്തിലെ ധാരണയെയും പഠനം ചോദ്യം ചെയ്യുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ലോകത്ത് ഓരോ ആറു മുതിര്‍ന്നവരില്‍ ഒരാള്‍ക്കെങ്കിലും വന്ധ്യത അനുഭവപ്പെടുന്നുണ്ട്. അതില്‍ 20 ശതമാനം കേസുകളില്‍ പുരുഷ ഘടകങ്ങള്‍ മാത്രമാണ് കാരണമാകുന്നത്. 30 മുതല്‍ 40 ശതമാനം വരെ കേസുകളില്‍ പുരുഷ ഘടകങ്ങള്‍ പ്രധാന കാരണമായും കണ്ടെത്തിയിട്ടുണ്ട്.

സാമ്പത്തിക ഭാരം ചികിത്സാചെലവില്‍ മാത്രം ഒതുങ്ങുന്നില്ല. ആശുപത്രി സന്ദര്‍ശനങ്ങള്‍, യാത്രാചെലവ്, താമസച്ചെലവ്, ജോലി നഷ്ടപ്പെടുന്നതിലൂടെ ഉണ്ടാകുന്ന വരുമാനക്കുറവ് എന്നിവയും കുടുംബങ്ങളെ ബാധിക്കുന്നു. ഐവിഎഫ് ഉള്‍പ്പെടെയുള്ള ചികിത്സകള്‍ക്കായി എത്തുന്ന കുടുംബങ്ങളില്‍ പുരുഷന്മാരാണ് പലപ്പോഴും ജോലിയില്‍ നിന്ന് അവധി എടുക്കേണ്ടിവരുന്നതെന്നും അതുവഴി പരോക്ഷ സാമ്പത്തിക നഷ്ടത്തിന്റെ 80 ശതമാനത്തിലേറെയും പുരുഷന്മാര്‍ വഹിക്കുന്നുവെന്നും പഠനം വ്യക്തമാക്കുന്നു.

വന്ധ്യതാ ചികിത്സ തേടുന്ന 59.4 ശതമാനം ദമ്പതികളും ലോകാരോഗ്യ സംഘടന നിര്‍വചിക്കുന്ന 'കാറ്റസ്‌ട്രോഫിക് ഹെല്‍ത്ത് എക്‌സ്‌പെന്‍ഡിച്ചര്‍' വിഭാഗത്തില്‍പ്പെടുന്നവരാണ്. അതായത് കുടുംബത്തിന്റെ ഭക്ഷണേതര വാര്‍ഷിക ചെലവിന്റെ 40 ശതമാനത്തിലധികം ചികിത്സയ്ക്കായി ചെലവഴിക്കേണ്ടിവരുന്നവർ. ഇതുമൂലം പലരും കടം വാങ്ങുകയോ ബന്ധുക്കളുടെ സഹായം തേടുകയോ ചെയ്യേണ്ടിവരുന്നുണ്ട്. പഠനത്തില്‍ പങ്കെടുത്തവരില്‍ വെറും ഒരു ശതമാനം പേര്‍ക്കു മാത്രമാണ് ചികിത്സയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിച്ചിരുന്നത്.

പൊതുജനാരോഗ്യ പദ്ധതികളില്‍ വന്ധ്യതാ ചികിത്സകള്‍ക്ക് ആവശ്യമായ പരിഗണന ലഭിക്കുന്നില്ലെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. നിരവധി പരിശോധനകളും മരുന്നുകളും സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമല്ല. കൂടാതെ നിലവിലുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളില്‍ പല ചികിത്സകളും ഉള്‍പ്പെടുത്തിയിട്ടുമില്ല. അതിനാല്‍ വന്ധ്യതാ ചികിത്സകള്‍ക്ക് കൂടുതല്‍ സാമ്പത്തിക പരിരക്ഷ ഉറപ്പാക്കുകയും പൊതുജനാരോഗ്യ സംവിധാനത്തിന്റെ ഭാഗമാക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് പഠനം നിര്‍ദേശിക്കുന്നു.

വന്ധ്യതയെ സ്ത്രീകളുടെ മാത്രം ആരോഗ്യപ്രശ്‌നമായി കാണുന്ന സമീപനം മാറ്റേണ്ട സമയമായെന്നും പഠനം ഓര്‍മിപ്പിക്കുന്നു. പുരുഷ വന്ധ്യതയും കുടുംബങ്ങളുടെ സാമ്പത്തികവും മാനസികവുമായ ജീവിതത്തെ ആഴത്തില്‍ ബാധിക്കുന്ന പ്രശ്‌നമാണെന്നും അതിന് ആവശ്യമായ സാമൂഹിക അംഗീകാരവും ആരോഗ്യനയ പിന്തുണയും ലഭിക്കേണ്ടതുണ്ടെന്നും പഠനം വ്യക്തമാക്കുന്നു.

രാജ്യത്തെ അഞ്ച് ഉന്നത ആരോഗ്യകേന്ദ്രങ്ങളിലായി നടത്തിയ പഠനത്തില്‍ എന്‍ഡോമെട്രിയോസിസ്, പുരുഷ വന്ധ്യത, പോളിസിസ്റ്റിക് ഒവറി സിന്‍ഡ്രോം (PCOS), ട്യൂബല്‍ ഫാക്ടര്‍ ഇന്‍ഫെര്‍ട്ടിലിറ്റി, യൂട്ടറൈന്‍ ഫാക്ടര്‍ ഇന്‍ഫെര്‍ട്ടിലിറ്റി എന്നിവ മൂലമുള്ള വന്ധ്യതാ പ്രശ്‌നങ്ങളാണ് പരിശോധിച്ചത്.

Male infertility creates severe financial crisis; Costs similar to endometriosis treatment; Insurance coverage and government mechanisms essential

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തില്‍ ഇന്നും നാളെയും അതിതീവ്ര മഴയ്ക്ക് സാധ്യത, മൂന്നു ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട്

ദുബൈയില്‍ സ്വര്‍ണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍; പ്രവാസികള്‍ക്ക് ആശ്വാസം

'ജി സുധാകരന്‍ അഭിനവ പാഷാണം വര്‍ക്കി; പിന്നെയും വിഡ്ഢിവേഷം കെട്ടുന്നു'

'മുസ്ലിം ജനതയ്ക്കുള്ളതിനേക്കാള്‍ വെറുപ്പാണ് ഈഴവര്‍ക്ക് വെള്ളാപ്പള്ളിയോടുള്ളത്, കൂടെക്കിടക്കുന്നവനല്ലേ രാപ്പനി അറിയൂ'

MARKETFED: അക്കൗണ്ടന്റ്, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് തസ്തികയിൽ ഒഴിവ്

SCROLL FOR NEXT