

ടെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ സംഘര്‍ഷം വീണ്ടും രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി ഇറാനിലെ ഇന്ത്യന്‍ എംബസി. മേഖലയിലെ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍, ഇന്ത്യക്കാര്‍ ഇറാനിലേക്കുള്ള യാത്രകള്‍ പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന് ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടു. നിലവില്‍ ഇറാനിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ലഭ്യമായ ഗതാഗത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് എത്രയും വേഗം രാജ്യം വിടണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
ഇസ്രയേലിന് നേര്‍ക്ക് ഇറാന്‍ കടുത്ത മിസൈല്‍ ആക്രമണം നടത്തിയതോടെയാണ്, മേഖലയില്‍ സംഘര്‍ഷം വീണ്ടും രൂക്ഷമായത്. ലെബനന്‍ തലസ്ഥാനമായ ബെയ്റൂട്ട് ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടി ഉണ്ടാകുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഇറാന്റെ വ്യോമാക്രമണം. എന്നാല്‍ ഇറാന്റെ മിസൈല്‍ ആക്രമണം തങ്ങളുെട പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകര്‍ത്തുവെന്നാണ് ഇസ്രയേല്‍ അവകാശപ്പെട്ടത്.
മിസൈല്‍ ആക്രമണത്തിന് തിരിച്ചടിയായി ഇറാനിന്റെ തെക്കുപടിഞ്ഞാറന്‍ ഭാഗത്തുള്ള മഹ്ഷഹറിലെ ഒരു പെട്രോകെമിക്കല്‍ കോംപ്ലക്‌സിലെ നിരവധി ലക്ഷ്യങ്ങളില്‍ തങ്ങള്‍ ആക്രമണം നടത്തിയതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഏപ്രില്‍ എട്ടിന് താല്‍ക്കാലിക വെടിനിര്‍ത്തല്‍ വന്നശേഷം ഇതാദ്യമായാണ് ഇറാനും ഇസ്രയേലും നേരിട്ട് ഏറ്റുമുട്ടുന്നത്. സംഘര്‍ഷത്തിനിടെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സുരക്ഷാ കാബിനറ്റ് യോഗം വിളിച്ചു. ലബനനില്‍ ഇസ്രയേല്‍ ആക്രമണം തുടരുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates