ഹൈദരാബാദ്: ആഡംബരക്കാറിന് മുകളിലേക്ക് കോണ്‍ക്രീറ്റ് മിക്‌സര്‍ ലോറി മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം. ആന്ധ്ര പ്രദേശ് ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനായ ബി ശ്രീനിവാസ് റാവു ആണ് മരിച്ചത്. ഹൈദരാബാദ്-വിജയവാഡ ഹൈവേയില്‍ ശനിയാഴ്ച വൈകീട്ടായിരുന്നു ദാരുണമായ അപകടം ഉണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട റെഡി-മിക്‌സ് കോണ്‍ക്രീറ്റ് ടാങ്കര്‍ ലോറി ശ്രീനിവാസ് റാവു സഞ്ചരിച്ച കാറിന് മുകളിലേക്ക് മറിയുകയായരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.
അമരാവതിയില്‍ നടന്ന ബാര്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുത്ത ശേഷം ശ്രീനിവാസ് റാവു ഹൈദരാബാദിലേക്ക് മടങ്ങുന്നതിനിടെ ആയിരുന്നു അപകടം. അപകടത്തില്‍ പൂര്‍ണമായും തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് ശ്രീനിവാസ റാവുവിന്റെ മൃതദേഹം പുറത്തെടുത്തത്.
റെഡി-മിക്‌സ് കോണ്‍ക്രീറ്റ് വഹിച്ചുകൊണ്ടിരുന്ന ടാങ്കര്‍ ടോള്‍ പ്ലാസയ്ക്ക് സമീപം തിരിയുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് വീഴുകയായിരുന്നു. കാര്‍ ടോള്‍ ഗേറ്റ് കടക്കുന്നതിനിടെയാണ് അപകടം. പൊലീസും ടോള്‍ പ്ലാസ ജീവനക്കാരും നാട്ടുകാരുമാണ് ആദ്യം രക്ഷാ പ്രവര്‍ത്തനത്തിന് എത്തിയത്. ക്രെയിനുകളും മണ്ണുമാന്തി യന്ത്രങ്ങളും ഉപയോഗിച്ചാണ് മറിഞ്ഞ ടാങ്കര്‍ ഉയര്‍ത്തി തകര്‍ന്ന വാഹനം പുറത്തെടുത്തത്. പൂര്‍ണ്ണമായും തകര്‍ന്ന ബിഎംഡബ്ല്യുവിന് മുകളില്‍ ട്രക്ക് വശത്തേക്ക് കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
അമിതഭാരമോ അശ്രദ്ധയോ അപകടത്തിന് കാരണമായോ എന്നുള്‍പ്പെടെ പരിശോധിച്ച് വരികയാണെന്നും വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് കമ്മീഷണര്‍ പറഞ്ഞു. അപകടത്തെത്തുടര്‍ന്ന് തിരക്കേറിയ ഹൈവേയില്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates