ന്യൂഡൽഹി: രണ്ടു വർഷത്തോളം പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ച ശേഷം പണം നൽകാതെ യുവാവ് മുങ്ങി. എയറോസിറ്റിയിൽ ഡൽഹി ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിന് സമീപം റോസീറ്റ് ഹൗസ് എന്ന ഹോട്ടലാണ് തട്ടിപ്പിന് ഇരയായത്.
ഹോട്ടലിന് ബിൽ തുകയിൽ 58 ലക്ഷം രൂപയാണ് നഷ്‌ടമായത്. 2019 മേയ് 30ന് ഒരു ദിവസത്തേക്കാണ് അങ്കുശ് ദത്ത് എന്ന വ്യക്തി ഹോട്ടലിൽ മുറിയെടുത്തത്. എന്നാൽ 2021 ജനുവരി 22 വരെ അങ്കുശ് ഹോട്ടലിൽ താമസിക്കുകയായിരുന്നു. സംഭവത്തിൽ റോസീറ്റ് ഹോട്ടൽ നടത്തിപ്പുകാരായ ബേഡ് എയർപോർട്‌സ് ഹോട്ടൽ പ്രൈവറ്റ് ലിമിറ്റഡ് പ്രതിനിധി വിനോദ് മൽഹോത്ര ഐജിഐ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി.
ചില ഹോട്ടൽ ജീവനക്കാരുടെ സഹായത്തോടെയാണ് അങ്കുശ് തട്ടിപ്പു നടത്തിയതെന്നാണ് പൊലീസ് രജിസ്റ്റർ ചെയ്‌ത എഫ്ഐആറിൽ പറയുന്നത്. ഹോട്ടലിന്റെ ഫ്രണ്ട് ഓഫീസ് ഡിപ്പാർട്‌മെന്റ് മേധാവി പ്രേം പ്രകാശിന് തട്ടിപ്പിൽ പങ്കുണ്ടെന്ന് പരാതിയിൽ പറയുന്നു. ഹോട്ടൽ ചട്ടങ്ങൾ ലംഘിച്ച് ഇയാൾ അങ്കുശിന് താമസിക്കാനുള്ള സൗകര്യം ഒരുക്കിയെന്നാണ് പരാതിയിൽ പറയുന്നത്. ഇതിന് ഇയാൾക്ക് പണം ലഭിച്ചിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
വാടക അടയ്ക്കാൻ 72 മണിക്കൂറിൽ അധികം വൈകിയാൽ അക്കാര്യം സിഇഒയെയും ഫിനാൻഷ്യൽ കൺട്രോളറെയും അറിയിക്കണമെന്നാണ് ഹോട്ടൽചട്ടം. എന്നാൽ അങ്കുശ് പണം നൽകാത്ത കാര്യം പ്രേം പ്രകാശ് ഹോട്ടൽ സിഇഒയെയോ ഫിനാൻഷ്യൽ കൺട്രോളറെയോ അറിയിച്ചിരുന്നില്ല. പകരം അങ്കുശ് വാടക കൊടുക്കാത്തത് പുറത്തറിയാത്ത വിധത്തിൽ രേഖകളിൽ കൃത്രിമം കാണിക്കുകയും ചെയ്തിരുന്നു. അങ്കുശിന്റെ ബിൽ മറ്റ് അതിഥികളുടെ ബില്ലിനൊപ്പം ചേർക്കുക, മറ്റ് അതിഥികൾ അടച്ച ബില്ലിൽ അങ്കുശിന്റെ പേര് ചേർക്കുക തുടങ്ങിയ തട്ടിപ്പും നടത്തിയിരുന്നു. അങ്കുശ്, പ്രേം പ്രകാശിനും നിരവധി ഹോട്ടൽ ജീവനക്കാർക്കുമൊപ്പം ക്രിമിനൽ ഗൂഢാലോചന നടത്തിയെന്ന് എഫ്ഐആറിൽ പറയുന്നു.
അങ്കുശ് പല തീയതികളിലായി പത്തു ലക്ഷം, ഏഴു ലക്ഷം, ഇരുപത് ലക്ഷം എന്നിങ്ങനെ ചെക്കുകൾ നൽകിയിരുന്നു. എന്നാൽ അക്കൗണ്ടിൽ പണം ഇല്ലാതിരുന്നതിനെ തുടർന്ന് ഇവയെല്ലാം മടങ്ങി. എന്നാൽ ഇക്കാര്യവും പ്രേം പ്രകാശ് ഹോട്ടൽ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നില്ല. ക്രമക്കേട് നടന്നതായി പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates