ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും വോട്ടുകൊള്ള ആരോപണം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇത്തവണയും കര്‍ണാടകത്തിലെ ഒരു മണ്ഡലം തന്നെയാണ് ഉദാഹരണമായി രാഹുല്‍ ഗാന്ധി ചൂണ്ടിക്കാണിച്ചത്. 2023 കര്‍ണാടക തെരഞ്ഞെടുപ്പ് കാലത്ത് അലന്ദ് മണ്ഡലത്തിലെ 6018 വോട്ടര്‍മാരെ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്തു. കോണ്‍ഗ്രസ് വോട്ടര്‍മാരെയാണ് ആസൂത്രിതമായി നീക്കം ചെയ്തത്. ഈ വോട്ടു കൊള്ളയ്ക്ക് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ സംരക്ഷണം നല്‍കുന്നതായും രാഹുല്‍ ഗാന്ധി ആരോപിച്ചു. ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തല്‍.
അലന്ദ് മണ്ഡലത്തില്‍ ഒരു ബൂത്ത് തല ഉദ്യോഗസ്ഥന് തോന്നിയ സംശയമാണ് ഈ ക്രമക്കേട് പുറത്തുവരാന്‍ സഹായിച്ചത്. ഉദ്യോഗസ്ഥന്റെ അമ്മാവന്റെ പേര് വോട്ടര്‍പട്ടികയില്‍ ഇല്ലാത്തത് അന്വേഷിച്ചപ്പോഴാണ് ഇത്രയും വലിയ ക്രമക്കേട് കണ്ടെത്താന്‍ സാധിച്ചത്. സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള നമ്പറുകള്‍ ഉപയോഗിച്ചാണ് വോട്ട് നീക്കം ചെയ്തത്. സംഘടിതമായ ക്രിമിനല്‍ ശൃംഖലയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. താന്‍ വോട്ട് നീക്കാന്‍ അപേക്ഷ നല്‍കിയിട്ടില്ലെന്ന് മണ്ഡലത്തിലെ വോട്ടര്‍ ഗോദാബായി പറഞ്ഞു. ഗോദാബായി എന്ന വോട്ടറുടെ പേരില്‍ അക്കൗണ്ട് വ്യാജമായി ഉണ്ടാക്കിയാണ് ഇത് ചെയ്തത്. ഇത്തരത്തില്‍ വോട്ട് കൊള്ളയ്ക്ക് നിരവധിപ്പേര്‍ വിധേയരായെന്ന് തെളിവുകള്‍ നിരത്തിയാണ് രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ തിരിഞ്ഞത്.
സോഫറ്റ് വെയര്‍ ഉപയോഗിച്ച് കേന്ദ്രീകൃത നിലയില്‍ കോള്‍ സെന്റര്‍ പ്രവര്‍ത്തിപ്പിച്ചാണ് വോട്ട് കൊള്ള നടത്തിയിരിക്കുന്നത്. സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഓട്ടോമേറ്റഡ് ആയി അപേക്ഷ നല്‍കി. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ കര്‍ണാടകയിലെ സിഐഡി 18 മാസത്തതിനിടെ 18 തവണ തെരഞ്ഞെടുപ്പ് കമ്മീഷനോട് വിവരങ്ങള്‍ ആരാഞ്ഞു. ഡെസ്റ്റിനേഷന്‍ ഐപി, ഡിവൈസ് ഡെസ്റ്റിനേഷന്‍ പോര്‍ട്ട്, ഒടിപി ട്രെയില്‍ എന്നി മൂന്ന് വിവരങ്ങള്‍ തേടിയിട്ടും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി നല്‍കിയില്ല. ഇതിന് പുറമേ മഹാരാഷ്ട, ഹരിയാന, യുപി എന്നിവിടങ്ങളിലും വലിയ തോതില്‍ വോട്ടര്‍മാരെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കിയിട്ടുണ്ട്. ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ക്കുന്നവരെ സംരക്ഷിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവസാനിപ്പിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates