ന്യൂഡല്‍ഹി: ന്യൂസിലന്‍ഡിലേക്ക് അനധികൃത നഴ്‌സിങ് റിക്രൂട്ട്‌മെന്റ് നടക്കുന്നുണ്ടെന്നും ഉദ്യോഗാര്‍ഥികള്‍ ജാഗ്രത പാലിക്കണമെന്നും വിദേശകാര്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. കമ്പെറ്റന്‍സി അസെസ്‌മെന്റ് പ്രോഗ്രാമിലും (CAP) നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷനുമായി കേരളത്തില്‍ നിന്നുളള നഴ്‌സിങ് പ്രൊഫഷണലുകള്‍ വിസിറ്റിങ് വിസയില്‍ അനധികൃതമായി ന്യൂസിലാന്‍ഡിലെത്തുന്നത് ശ്രദ്ധയില്‍പെട്ടതിനെതുടര്‍ന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ജാഗ്രതാനിര്‍ദ്ദേശം നല്‍കിയത്.
കാപില്‍ പങ്കെടുക്കാന്‍ വിസിറ്റിങ് വിസയ്ക്കായി ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഏജന്റുമാര്‍ക്ക് വലിയ തുക വാങ്ങുന്നുണ്ട്. കമ്പെറ്റന്‍സി അസെസ്‌മെന്റ് പ്രോഗ്രാം പൂര്‍ത്തിയാക്കിയിട്ടും നഴ്‌സിങ് കൗണ്‍സില്‍ രജിസ്റ്റര്‍ ചെയ്തശേഷവും, അവിടെ ജോലി കണ്ടെത്താന്‍ ബുദ്ധിമുട്ട് നേരിടുന്നവരുടെ നിരവധി പരാതികള്‍ ന്യൂസിലാഡ് വെല്ലിങ്ടണിലെ ഇന്ത്യന്‍ എംബസിക്ക് ലഭിച്ചിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഇതിനെതുടര്‍ന്നാണ് ഇത്തരം തട്ടിപ്പുകളില്‍ ജാഗ്രതപാലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ റസിഡന്റ് കമ്മീഷണര്‍മാര്‍ക്ക് കത്ത് നല്‍കിയത്. കോവിഡ് മഹാമാരിയെ തുടര്‍ന്ന് ന്യൂസിലാന്റില്‍ ഉണ്ടായിരുന്ന നഴ്‌സിംഗ് ക്ഷാമം ഇന്ത്യയില്‍ നിന്നും ഫിലിപ്പീന്‍സില്‍ നിന്നുമുള്ള നഴ്‌സുമാരുടെ വരവോടെ പരിഹരിക്കപ്പെട്ടിട്ടുണ്ടെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു. ഇക്കാര്യത്തില്‍ അംഗീകാരമില്ലാത്ത ഏജന്റുമാരുടെ വാഗ്ദാനങ്ങളില്‍ വഞ്ചിതരാകരുതെന്നാണ് മുന്നറിയിപ്പ്.
ന്യൂസിലാന്‍ഡിലെ നഴ്‌സിങ് മേഖലയിലെ വിസയുടെ ആധികാരികതയെക്കുറിച്ചും തൊഴിലുടമയെക്കുറിച്ചും pol.wellington@mea.gov.in എന്ന ഇമെയില്‍ ഐഡിയില്‍ ആവശ്യമായ രേഖകള്‍ സഹിതം ബന്ധപ്പെട്ടാല്‍ അറിയാന്‍ കഴിയും.
റിക്രൂട്ട്‌മെന്റ് ഏജന്‍സിയുടെ ആധികാരികത ഉറപ്പാക്കാന്‍ ഇ-മൈഗ്രേറ്റ് (https://emigrate.gov.in) പോര്‍ട്ടല്‍ സന്ദര്‍ശിക്കുക. വിദേശ തൊഴില്‍ തട്ടിപ്പുകളുമായി ബന്ധപ്പെട്ട പരാതികള്‍ spnri.pol@kerala.gov.in, dyspnri.pol@kerala.gov.in എന്നീ ഇ-മെയിലുകള്‍ വഴിയും, 0471-2721547 എന്ന ഹെല്‍പ്പ്ലൈന്‍ നമ്പറിലും അറിയിക്കാവുന്നതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates